തിരുവനന്തപുരം: കേന്ദ്രമന്ത്രി സുരേഷ് ഗോപി ഒരു സാധാരണ സിനിമാ നടനില്‍ നിന്ന് പക്വതയുള്ള രാഷ്ട്രീയക്കാരനിലേക്കുള്ള ദൂരം ഇനിയും താണ്ടിയിട്ടില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി. മുമ്പ് അദ്ദേഹം സിനിമാ നടന്റെ 'ഹാങ്ങോവറില്‍' നിന്ന് മുക്തനായിട്ടില്ലെന്നായിരുന്നു വിമര്‍ശനമെങ്കില്‍, ഇപ്പോള്‍ അതിന്റെ അതിരുംകടന്ന് രാഷ്ട്രീയമായി പിച്ചും പേയും പറയുന്ന അവസ്ഥയിലേക്ക് എത്തിയിരിക്കുകയാണ്.
രാഷ്ട്രീയ എതിരാളികളെ 'ഊളകള്‍' എന്നതുപോലെയുള്ള പദങ്ങള്‍ ഉപയോഗിച്ച് അഭിസംബോധന ചെയ്യുന്നത് ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരാള്‍ക്ക് ചേരുന്നതല്ല. ഇത്തരത്തിലുള്ള ഭാഷാപ്രയോഗത്തിലൂടെ അദ്ദേഹം സ്വയം നാണംകെടുക മാത്രമല്ല, താന്‍ പ്രതിനിധീകരിക്കുന്ന പ്രസ്ഥാനത്തിന്റെ യഥാര്‍ത്ഥ സംസ്‌കാരം കൂടിയാണ് ജനങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തുന്നത്.
തിരുവനന്തപുരത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അജ്ഞത അത്ഭുതകരമാണ്. തിരുവനന്തപുരത്ത് ആകെ ഏഴോ എട്ടോ സീറ്റുകള്‍ എന്നാണ് അദ്ദേഹം ഒരു വീഡിയോയില്‍ പറയുന്നത്. സ്വന്തം ജില്ലയില്‍ എത്ര നിയമസഭാ മണ്ഡലങ്ങളുണ്ടെന്നോ, എത്ര ലോക്‌സഭാ മണ്ഡലങ്ങളുണ്ടെന്നോ, എന്തിനധികം തിരുവനന്തപുരം കോര്‍പ്പറേഷനില്‍ എത്ര വാര്‍ഡുകള്‍ ഉണ്ടെന്ന് പോലുമോ അറിയാത്ത ഒരാള്‍ ജനങ്ങളെ നയിക്കാന്‍ വരുന്നത് ലജ്ജാവഹമാണ്.
കേന്ദ്രമന്ത്രി എന്ന നിലയില്‍ തനിക്ക് ഒന്നും ചെയ്യാന്‍ കഴിയുന്നില്ല എന്ന അദ്ദേഹത്തിന്റെ തുറന്നു പറച്ചില്‍ സ്വന്തം കഴിവില്ലായ്മയുടെ സാക്ഷ്യപത്രമാണ്. അത് തിരുത്തുന്നതിന് പകരം മറ്റുള്ളവരെ പഴിചാരി രക്ഷപ്പെടാന്‍ ശ്രമിക്കുന്നത് പരാജിതന്റെ ലക്ഷണമാണ്. അങ്ങേയറ്റം പരിഹാസ്യമായ നിലപാടാണത്. നേമം മണ്ഡലം മുന്‍നിര്‍ത്തി ബിജെപിയും സുരേഷ് ഗോപിയും ഇപ്പോള്‍ മനഃപ്പായസം ഉണ്ണുകയാണ്. തിരുവനന്തപുരത്തെക്കുറിച്ചോ ഇവിടുത്തെ രാഷ്ട്രീയത്തെക്കുറിച്ചോ യാതൊരു ധാരണയുമില്ലാത്ത ഇക്കൂട്ടരുടെ മോഹങ്ങള്‍, മലര്‍പ്പൊടിക്കാരന്റെ ദിവാസ്വപ്നം പോലെ അവശേഷിക്കുകയേ ഉള്ളൂ.
നേമത്ത് ബിജെപി അക്കൗണ്ട് പൂട്ടിച്ചത് 'രാഷ്ട്രീയ വിക്രിയ'കളിലൂടെയാണെന്ന സുരേഷ് ഗോപിയുടെ പരാമര്‍ശം നേമത്തെ വോട്ടര്‍മാരെ ഒന്നടങ്കം അപമാനിക്കുന്നതിന് തുല്യമാണ്. നേമത്തെ വോട്ടര്‍മാരെ അപമാനിക്കുന്ന പ്രസ്താവന സുരേഷ്‌ഗോപി പിന്‍വലിക്കണം. ജനാധിപത്യത്തില്‍ ജനങ്ങളുടെ തീരുമാനത്തെ വിക്രിയ എന്ന് വിളിച്ച് ആക്ഷേപിക്കുന്നതിന് ബിജെപി വലിയ വില കൊടുക്കേണ്ടി വരും. ജനങ്ങളെയും നാടിനെയും കുറിച്ച് സാമാന്യബോധം പോലുമില്ലാത്ത ഇത്തരം രാഷ്ട്രീയ നാടകങ്ങള്‍ക്ക് കേരളം അര്‍ഹിക്കുന്ന മറുപടി നല്‍കുക തന്നെ ചെയ്യുമെന്നും മന്ത്രി വി ശിവന്‍കുട്ടി തിരുവനന്തപുരത്ത് പ്രതികരിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates