തൃശൂര്‍: കേരളത്തില്‍ എയിംസ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി കെ മുരളീധരന്റെ പ്രസ്താവനയെ സ്വാഗതം ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഇടതുസര്‍ക്കാരില്‍ നിന്നും കേള്‍ക്കാത്ത വാക്കുകളാണ് കെ മുരളീധരനില്‍ നിന്നും ഉണ്ടായത്. മാനദണ്ഡങ്ങള്‍ അനുസരിച്ച്, അനുയോജ്യമായ അഞ്ചു സ്ഥലങ്ങള്‍ കണ്ടെത്തി കേന്ദ്രസര്‍ക്കാരിനെ അറിയിക്കുക എന്നതാണ് അടുത്ത നടപടിയെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
രാജ്യസഭയില്‍ എത്തിയതു മുതല്‍ മുഖ്യമന്ത്രി പിണറായി വിജയനോടായാലും ആരോഗ്യമന്ത്രിമാരോടായാലും ശരി, സംസ്ഥാനത്തു നിന്നും സന്നദ്ധത അറിയിക്കുമ്പോള്‍ അഞ്ചു സ്‌പോട്ടുകള്‍ അറിയിക്കാന്‍ നിര്‍ദേശിച്ചിരുന്നു. എയിംസ് അനുവദിക്കുന്നതിന് വ്യക്തമായ ഗൈഡ് ലൈന്‍സുണ്ട്. ആ ഗൈഡ് ലൈന്‍സ് അനുസരിച്ചിട്ടുള്ള സംസ്ഥാനങ്ങള്‍ക്കാണ് പുതുതായി സ്‌കീമില്‍ വന്നിട്ടുള്ള എയിംസ് അനുവദിച്ചിട്ടുള്ളത്.
കേരളത്തില്‍ പുതുതായി വന്ന സര്‍ക്കാരിന് ഒരു മനോഭാവ മാറ്റം ഉണ്ടായി എന്നത് അവരുടെ ആവശ്യമല്ല, മറിച്ച് ജനങ്ങളുടെ ആവശ്യമാണ്. ജനങ്ങളുടെ ആവശ്യം മനസ്സിലാക്കി യുക്തിപൂര്‍വം അത്തരത്തിലൊരു അറിയിപ്പ് നടത്തിയതില്‍ വളരെ സന്തോഷമുണ്ട്. ഇതൊരു പോസിറ്റീവ് സ്‌റ്റെപ്പാണ്. ഇതനുസരിച്ച് ഞാനും ഇനി യുദ്ധം ചെയ്യുമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.
ആലപ്പുഴയും ഇടുക്കിയും ആണ് സംസ്ഥാനത്ത് എയിംസ് വരേണ്ട സ്ഥലങ്ങൾ. കേരളത്തിന് ഏക ബിജെപി എംപിയെ സമ്മാനിച്ച തൃശ്ശൂരിനും എയിംസിന് അവകാശമുണ്ട്. സംസ്ഥാനം കേന്ദ്രത്തിന് രേഖാമൂലം പ്രൊപ്പോസൽ സമർപ്പിക്കുന്ന മുറയ്ക്ക് തീരുമാനം ഉണ്ടാകും. രേഖാമൂലം കാര്യങ്ങൾ നീക്കിയാൽ അടുത്ത ബജറ്റിൽ കേരളത്തിന് എയിംസ് ലഭിക്കും. ഇല്ലെങ്കിൽ തൊട്ടടുത്ത കൊല്ലം കിട്ടും. കഴിഞ്ഞ മുഖ്യമന്ത്രി കോഴിക്കോട് മാത്രമേ സ്ഥലം ഉള്ളൂ എന്ന് പറഞ്ഞതുകൊണ്ടാണ് നിഷേധിക്കപ്പെട്ടതെന്നും സുരേഷ് ഗോപി പറഞ്ഞു. കേരളത്തിൽ എവിടെയും എയിംസിന് സ്ഥലം അനുവദിക്കാമെന്നാണ് ആരോഗ്യമന്ത്രി കെ മുരളീധരൻ അഭിപ്രായപ്പെട്ടത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates