കൊച്ചി: കാലടി സര്‍വകലാശാലയില്‍ സസ്‌പെന്‍ഷനിലായ വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസില്‍ വാദം കേള്‍ക്കുന്ന തീയതി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഇന്ന് പ്രസ്താവിച്ചേക്കും. ഈയാഴ്ച തന്നെ ഹര്‍ജിയില്‍ വാദം കേള്‍ക്കുമെന്ന് ഹൈക്കോടതി ഇന്നലെ സൂചിപ്പിച്ചിരുന്നു.
വേഗത്തില്‍ പരിഗണിക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ടല്ലോയെന്നും കോടതി വ്യക്തമാക്കിയിരുന്നു. 16 വിദ്യാര്‍ത്ഥികള്‍ക്കെതിരായ സസ്‌പെന്‍ഷന്‍ നടപടി പിന്‍വലിക്കുക, പരീക്ഷ എഴുതാന്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഹര്‍ജിയില്‍ മുന്നോട്ടുവെച്ചിട്ടുള്ളത്. നേരത്തെ നല്‍കിയ റിട്ട് ഹര്‍ജി ഭേദഗതി ചെയ്തുകൊണ്ടുള്ള പുതിയ ഹര്‍ജിയാണ് വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ചിട്ടുള്ളത്.
പരീക്ഷ എഴുതാന്‍ തങ്ങള്‍ക്ക് അര്‍ഹതയുണ്ടെന്നും, 60 ശതമാനം ഹാജര്‍ ഉണ്ടെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ബാക്കിയുള്ള 20 ശതമാനം ഹാജര്‍ ഇളവ് അനുവദിക്കാന്‍ വൈസ് ചാന്‍സലര്‍ക്ക് കഴിയുന്നതാണ്. ഹാജര്‍ ഇളവിനുള്ള അപേക്ഷ സമര്‍പ്പിക്കാന്‍ ക്യാംപസിന്‍ പ്രവേശിക്കാന്‍ തടസ്സമുള്ളതിനാല്‍ കഴിഞ്ഞില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.
വൈസ് ചാന്‍സലറെ ആക്രമിച്ചെന്നും, പ്രതീകാത്മക ശവസംസ്‌കാരം നടത്തിയെന്നതും തെറ്റായ കേസാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്ന ആവശ്യം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളിയതിനെത്തുടര്‍ന്നാണ് വിദ്യാര്‍ത്ഥികള്‍ സുപ്രീംകോടതിയെ സമീപിച്ചത്. മാപ്പപേക്ഷ നല്‍കിയാല്‍ 12 വിദ്യാര്‍ത്ഥികളുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാമെന്ന് സിന്‍ഡിക്കേറ്റ് വ്യക്തമാക്കിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates