

കൊച്ചി: കൊച്ചിയിലെ ഡി ജെ പാര്‍ട്ടികള്‍ക്കുള്ള നിയന്ത്രണത്തില്‍ പൊലീസിന് ഹൈക്കോടതിയില്‍ തിരിച്ചടി. ഡിജെ പാര്‍ട്ടികള്‍ തടയാന്‍ പൊലീസിന് കഴിയില്ലെന്ന് വ്യക്തമാക്കിയ കോടതി ഹോട്ടലുകള്‍ക്ക് പൊലീസ് നല്‍കിയ നോട്ടീസ് റദ്ദാക്കി. കുറ്റകൃത്യങ്ങള്‍ നടക്കാന്‍ സാധ്യതയുണ്ടെന്ന കാരണത്താല്‍ ഡിജെ പാര്‍ട്ടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ പൊലീസിന് അധികാരമില്ലെന്നും കോടതി വ്യക്തമാക്കി.
ലൈസന്‍സുള്ള ബാര്‍ ഹോട്ടലുകളുടെ പ്രവര്‍ത്തനസമയം ഏകപക്ഷീയമായി വെട്ടിക്കുറയ്ക്കാനാവില്ല.എഫ്എല്‍-3 ലൈസന്‍സ് പ്രകാരം ബാറുകള്‍ക്കും ഹോട്ടലുകള്‍ക്കും പുലര്‍ച്ചെ മൂന്ന് മണിവരെ പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്. ഈ അനുവദിക്കപ്പെട്ട സമയത്തിനുള്ളില്‍ സ്ഥാപനം പ്രവര്‍ത്തിപ്പിക്കാന്‍ ഹോട്ടല്‍ ഉടമകള്‍ക്ക് പൂര്‍ണ അവകാശമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
കൊച്ചിയില്‍ ഡിജെ പാര്‍ട്ടികളുടെ മറവില്‍ വ്യാപകമായി ലഹരി ഉപയോഗവും ലഹരി കൈമാറ്റവും നടക്കുന്നുണ്ടെന്നും ഇത് വലിയ ക്രമസമാധാന പ്രശ്‌നങ്ങള്‍ക്കും കുറ്റകൃത്യങ്ങള്‍ക്കും വഴിവെക്കുന്നുണ്ടെന്നുമാണ് പൊലീസ് കോടതിയില്‍ വാദിച്ചത്. ഡിജെ നിയന്ത്രണത്തിന് നിയമപരമായ മാനദണ്ഡം വേണമെന്ന് പറഞ്ഞ കോടതി, ശബ്ദമലിനീകരണമുണ്ടെങ്കില്‍ പൊലീസിന് ഇടപെടാമെന്നും വ്യക്തമാക്കി.
റാഡിസണ്‍ ബ്ലൂ ഹോട്ടലിന്റെ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. ഫീസ് അടച്ച് ഹോട്ടലിന് പുലര്‍ച്ചെ മൂന്ന് മണിവരെ പ്രവര്‍ത്തിക്കാമെന്ന് ഹൈക്കോടതി ഉത്തരവ്. ബാര്‍ ഹോട്ടലുകള്‍ 12 മണി വരെ മാത്രമേ പ്രവര്‍ത്തിക്കാവൂ എന്നായിരുന്നു പൊലീസ് നോട്ടീസ്. പ്രവർത്തന സമയക്രമത്തിൽ മാറ്റം വരുത്തണമെന്നുണ്ടെങ്കിൽ സർക്കാർ പുതിയ നിയമമോ ചട്ടമോ കൊണ്ടുവരണമെന്നും അങ്ങനെ ചട്ടം നിലവിൽവന്നാൽ മാത്രമേ പൊലീസിന് കാര്യങ്ങളിൽ ഇടപെടാൻ സാധിക്കൂ എന്നും ഹൈക്കോടതി വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates