അബുദാബി: മുസ്ലീം ഇതര ആരാധനാലയങ്ങള്‍ക്കായി പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി യുഎഇ ഭരണകൂടം. പുതിയ നിയമ ലംഘന നിര്‍വചന വിജ്ഞാപനം പുറപ്പെടുവിച്ചു. അനുമതിയില്ലാത്ത സംഭാവനകള്‍ സ്വീകരിക്കുക, വിദേശത്തുള്ള സ്ഥാപനങ്ങളുമായുള്ള ബന്ധം, അനുവദിക്കപ്പെട്ട സ്ഥലങ്ങള്‍ക്ക് പുറത്ത് മതപരമായ ആചാരങ്ങള്‍ നടത്തുക തുടങ്ങി 24 തരം നിയമലംഘനങ്ങള്‍ക്കെതിരെ പുതിയ ചട്ടങ്ങള്‍ പ്രകാരം നടപടി എടുക്കാം. ഇത്തരം ലംഘനങ്ങള്‍ നടത്തുന്ന ആരാധനാലയങ്ങള്‍ക്ക് 7,50,000 ദിര്‍ഹം വരെ പിഴയും, ആരാധനാലയങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെപ്പിക്കാനുള്ള നടപടികളും നേരിടേണ്ടി വന്നേക്കാം.
മുസ്ലീം ഇതര ആരാധനാലയങ്ങളുടെ നിയന്ത്രണത്തെക്കുറിച്ചുള്ള ഫെഡറല്‍ നിയമത്തിലെയും എക്‌സിക്യൂട്ടീവ് റെഗുലേഷനിലെയും ഭരണപരമായ ലംഘനങ്ങളെ സംബന്ധിച്ച പുതിയ മന്ത്രിസഭാ തീരുമാനത്തിലാണ് ഈ നടപടികള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 2026 ഒക്ടോബര്‍ പകുതിയോടെയാണ് ഈ നിയമങ്ങള്‍ പ്രാബല്യത്തില്‍ വന്നത്. അനുമതിയില്ലാതെ ലൈസന്‍സ് പുതുക്കാതിരിക്കുക, നിയുക്ത സൂപ്പര്‍വൈസര്‍ ഇല്ലാതെ പ്രവര്‍ത്തിക്കുക തുടങ്ങിയ ലംഘനങ്ങള്‍ക്ക് ആദ്യഘട്ടത്തില്‍ താക്കീതും തുടര്‍ന്ന് 5,000 മുതല്‍ 50,000 ദിര്‍ഹം വരെ പിഴയുമാണ് ഈടാക്കുക. വീഴ്ചകള്‍ പരിഹരിക്കാന്‍ 10 മുതല്‍ 60 ദിവസം വരെ സമയം നല്‍കും.
ലൈസന്‍സ് പുതുക്കാതെ പ്രവര്‍ത്തിക്കല്‍ നിര്‍ദ്ദേശിക്കപ്പെട്ട വ്യവസ്ഥകളും നടപടിക്രമങ്ങളും പാലിച്ച് ലൈസന്‍സ് പുതുക്കാതെ പ്രവര്‍ത്തനം തുടരുന്ന ആരാധനാലയങ്ങള്‍ക്ക്, ആദ്യത്തെ ലംഘനത്തിന് മുന്നറിയിപ്പ് നല്‍കും. രണ്ടാമത്തെ ലംഘനത്തിന് 5,000 ദിര്‍ഹവും, മൂന്നാമത്തെ ലംഘനത്തിന് 10,000 ദിര്‍ഹവുമാണ് പിഴ. നാലാമത്തെ ലംഘനമുണ്ടായാല്‍, മൂന്ന് മാസം വരെ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെപ്പിക്കും.
ലംഘനം പരിഹരിക്കുന്നതിനും അതുമൂലമുണ്ടായ നാശനഷ്ടങ്ങള്‍ നികത്തുന്നതിനുമായി സ്ഥാപനത്തിന് 30 ദിവസത്തെ സമയം അനുവദിക്കും. വിദേശത്തുനിന്നുള്ള സംഭാവനകളും സാമ്പത്തിക സഹായങ്ങളും യുഎഇക്ക് പുറത്തുള്ള ഏതെങ്കിലും വ്യക്തിയില്‍ നിന്നോ സ്ഥാപനത്തില്‍ നിന്നോ സംഭാവനകള്‍, സമ്മാനങ്ങള്‍, സബ്സിഡികള്‍, വസ്തുവകകള്‍ അല്ലെങ്കില്‍ ഗ്രാന്റുകള്‍ എന്നിവ ശേഖരിക്കുകയോ സ്വീകരിക്കുകയോ ചെയ്യുന്നത് കുറ്റകരമാണ്. ഇതിന് ആദ്യ ലംഘനത്തിന് 1,00,000 ദിര്‍ഹവും, രണ്ടാമത്തെ ലംഘനത്തിന് 2,50,000 ദിര്‍ഹവും, മൂന്നാമത്തെ ലംഘനത്തിന് 5,00,000 ദിര്‍ഹവുമാണ് പിഴ.
നാലാമത്തെ ലംഘനമുണ്ടായാല്‍, മൂന്ന് മാസം വരെ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെപ്പിക്കും. അധികൃതരുടെ മുന്‍കൂര്‍ അനുമതിയില്ലാതെ യുഎഇക്ക് പുറത്തേക്ക് സഹായങ്ങളോ ഫണ്ടുകളോ കൈമാറുകയോ അയച്ചുകൊടുക്കുകയോ ചെയ്യുന്നത് കുറ്റകരമാണ്. ഇതിന് ആദ്യ ലംഘനത്തിന് 50,000 ദിര്‍ഹവും, രണ്ടാമത്തെ ലംഘനത്തിന് 1,00,000 ദിര്‍ഹവും, മൂന്നാമത്തെ ലംഘനത്തിന് 2,50,000 ദിര്‍ഹവുമാണ് പിഴ. നാലാമത്തെ തവണ നിയമലംഘനം നടത്തിയാല്‍ മൂന്നു മാസം വരെ നീളാവുന്ന താല്‍ക്കാലിക സസ്‌പെന്‍ഷന്‍ ലഭിക്കും. ഇത് സമാനമായ കാലയളവുകളിലേക്ക് നീട്ടാനും സാധിക്കും.
സ്ഥാപനത്തിന്റെ ലക്ഷ്യങ്ങള്‍ക്കല്ലാതെ മറ്റു കാര്യങ്ങള്‍ക്ക് കെട്ടിടം ഉപയോഗിച്ചാലോ അനുമതി ലഭിച്ച കെട്ടിടത്തിന് പുറത്ത് മതപരമായ ചടങ്ങുകള്‍, ആചാരങ്ങള്‍ എന്നിവ സംഘടിപ്പിച്ചാലോ 1 ലക്ഷം മുതല്‍ 4 ലക്ഷം ദിര്‍ഹം വരെ പിഴയീടാക്കും. ഏതെങ്കിലും തരത്തിലുള്ള ആചാരങ്ങള്‍ വ്യക്തികള്‍ക്കോ ആരാധകര്‍ക്കോ ജീവനക്കാര്‍ക്കോ ശാരീരിക പരിക്കോ ആരോഗ്യ സുരക്ഷാ ഭീഷണിയോ ഉണ്ടാക്കിയാല്‍ ആദ്യ തവണ 1 ലക്ഷം ദിര്‍ഹം പിഴയും ആവര്‍ത്തിച്ചാല്‍ മൂന്നു മാസത്തേക്ക് അടച്ചിടാനുമാണ് ഉത്തരവ്.
വിദേശ രാജ്യങ്ങളിലെ ആരാധനാലയങ്ങളുമായോ സംഘടനകളുമായോ ചേര്‍ന്ന് യോഗങ്ങളോ സമ്മേളനങ്ങളോ സംഘടിപ്പിക്കല്‍, മറ്റ് നയതന്ത്ര സാന്നിധ്യങ്ങളുമായോ ഔദ്യോഗിക സ്ഥാപനങ്ങളുമായോ ബന്ധം സ്ഥാപിക്കല്‍ എന്നിവയ്ക്കാണ് ഏറ്റവും ഉയര്‍ന്ന പിഴ തുകയായ 7.5 ലക്ഷം ദിര്‍ഹം വരെ നിശ്ചയിച്ചിട്ടുള്ളത്. മാധ്യമത്തിലൂടെയോ സമൂഹ മാധ്യമത്തിലൂടെയോ ഉള്ള സംഭാവന പിരിവും പരസ്യവും നിയമവിരുദ്ധമാക്കിയിട്ടുണ്ട്. അതേസമയം, ഭരണകൂടം ചുമത്തുന്ന പിഴയും മറ്റ് നടപടികളും സംബന്ധിച്ച അറിയിപ്പ് ലഭിച്ച് 15 ദിവസത്തിനകം ബന്ധപ്പെട്ട അധികാരികള്‍ക്ക് അപ്പീല്‍ നല്‍കാന്‍ ആരാധനാലയങ്ങള്‍ക്ക് അവകാശമുണ്ടായിരിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates