ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും മദ്രസകളിലും വന്ദേമാതരം ആലപിക്കുന്നത് നിര്‍ബന്ധമാക്കിയുള്ള സുവേന്ദു അധികാരിയുട ഉത്തരവിനെതിനെതിരെ ഓള്‍ ഇന്ത്യ മുസ്ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് . എല്ലാ സ്‌കൂളുകളിലും മദ്രസകളിലും രാവിലെയുള്ള അസംബ്ലിയില്‍ ദേശീയ ഗീതം പൂര്‍ണ്ണരൂപത്തില്‍ ആലപിക്കണമെന്നാണ് സര്‍ക്കാര്‍ ഉത്തരവില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.
ഈ വിജ്ഞാപനം 'ഉടന്‍ പിന്‍വലിക്കണമെന്നും' അല്ലെങ്കില്‍ കുറഞ്ഞപക്ഷം മുസ്ലിം വിദ്യാര്‍ത്ഥികളെ ഇതില്‍ നിന്ന് ഒഴിവാക്കണമെന്നും ബോര്‍ഡ് ആവശ്യപ്പെട്ടു.
തങ്ങളുടെ മതപരമായ വിശ്വാസങ്ങള്‍ക്ക് വിരുദ്ധമായ ഒരു ഗാനമോ വരികളോ ചൊല്ലാന്‍ ഏതെങ്കിലും വിദ്യാര്‍ത്ഥിയെ നിര്‍ബന്ധിക്കുന്നത് മൗലികാവകാശങ്ങളുടെ നഗ്‌നമായ ലംഘനമാണെന്ന് ബോര്‍ഡ് വക്താവ് ഡോ. എസ്.ക്യു.ആര്‍. ഇല്യാസ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. 'നിങ്ങള്‍ക്ക് ഈ രാജ്യത്ത് ജീവിക്കണമെങ്കില്‍ വന്ദേമാതരവും ജനഗണമനയും ചൊല്ലണം, ജനുവരി 26 നെയും ആഗസ്റ്റ് 15 നെയും നിങ്ങള്‍ ബഹുമാനിക്കണം,' മുഖ്യമന്ത്രി പ്രഖ്യാപിച്ചു. 'എല്ലാ സ്‌കൂളുകളിലും വന്ദേമാതരം ആലപിക്കുന്നത് നിര്‍ബന്ധമാക്കിയിട്ടുണ്ട്... ഇതാണ് ഇന്ത്യന്‍ സംസ്‌കാരം. ഇതാണ് സനാതന സംസ്‌കാരം. ഇന്ത്യ ഹിന്ദുസ്ഥാന്‍ എന്നും ഇന്ത്യ എന്നും അറിയപ്പെടുന്നു. ഈ രാജ്യം മറ്റാരുടെയും കൈകളിലേക്ക് പോകാന്‍ കഴിയില്ല.
വന്ദേമാതരം രാജ്യത്തിന്റെ മുഴുവന്‍ ദേശീയ ഗീതമാണെന്ന് പറഞ്ഞ് കേന്ദ്രമന്ത്രി കിരണ്‍ റിജിജുവും അധികാരി സര്‍ക്കാരിന്റെ നീക്കത്തെ പിന്തുണച്ചു. 'ഇത് എന്റേയോ, നിങ്ങളുടേയോ, ഏതെങ്കിലും ഒരു സംസ്ഥാനത്തിന്റേയോ, അല്ലെങ്കില്‍ ഏതെങ്കിലും ഒരു പ്രത്യേക മതത്തിന്റേയോ മാത്രം സ്വത്തല്ല. ഇതൊരു ദേശീയ ഗീതമാണ്. ഈ വിഷയത്തെ രാഷ്ട്രീയവത്കരിക്കാന്‍ യാതൊരുവിധ സാധ്യതയും ഉണ്ടാകരുത്. ഔദ്യോഗിക പരിപാടികളുടെ തുടക്കത്തിലും ഒടുവിലും വന്ദേമാതരത്തിന്റെ അഞ്ച് വരികളും മുഴുവനായി ആലപിക്കേണ്ടതിന്റെ ആവശ്യകതയെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് എം പി ശശി തരൂര്‍ ഈ ആഴ്ച ആദ്യം രംഗത്തെത്തിയിരുന്നു. ഈ നടപടി 'അനാവശ്യവും ഭാരവുമാണെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
എല്ലാവരും വന്ദേമാതരത്തെ ബഹുമാനിക്കുന്നുണ്ടെന്നും എന്നാല്‍ എല്ലാ ചടങ്ങുകളിലും ഇതിന്റെ പൂര്‍ണ്ണരൂപം നിര്‍ബന്ധമാക്കുന്നത് ന്യായീകരിക്കാന്‍ ബുദ്ധിമുട്ടാണെന്നും തരൂരും പ്രതികരിച്ചു. കേരളത്തില്‍ ദേശീയ ഗീതം ആലപിക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടയില്‍ തിങ്കളാഴ്ച മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴാണ് തരൂരിന്റെ പ്രതികരണം. 'വന്ദേമാതരം ദേശീയ ഗീതമാണ്, അത് ആലപിക്കുമ്പോള്‍ നമ്മള്‍ ബഹുമാനപൂര്‍വ്വം എഴുന്നേറ്റു നില്‍ക്കാറുണ്ട്. ആദ്യത്തെ വരിയോ അല്ലെങ്കില്‍ ആദ്യത്തെ രണ്ട് വരികളോ മിക്ക ആളുകള്‍ക്കും മനഃപാഠമുള്ളതാണ്,' അദ്ദേഹം പറഞ്ഞു. പണ്ട് കാലങ്ങളില്‍ ഒരു പരിപാടിയുടെ തുടക്കത്തില്‍ ഈ ഗാനം ഒരിക്കല്‍ ആലപിക്കാറുണ്ടായിരുന്നുവെന്നും ദേശീയ ഗാനം സാധാരണയായി പരിപാടിയുടെ അവസാനത്തിലാണ് പ്ലേ ചെയ്യാറുള്ളതെന്നും തരൂര്‍ ചൂണ്ടിക്കാട്ടി. 'ഇപ്പോള്‍ അവര്‍ക്ക് എല്ലാ പരിപാടികളുടെയും തുടക്കത്തിലും വീണ്ടും അവസാനത്തിലും അഞ്ച് ശ്ലോകങ്ങളും പാടണമെന്നാണ്. അത് അനാവശ്യമായ ഒരു അടിച്ചേല്‍പ്പിക്കലാണെന്നാണ് ഞാന്‍ കരുതുന്നത്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് 'മുസ്ലിം ലീഗിന്റെ പാത പിന്തുടരുകയാണെന്ന് ആരോപിച്ച് ബിജെപി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ രംഗത്തെത്തി. 'കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് നിങ്ങള്‍ക്ക് എന്താണ് പ്രതീക്ഷിക്കാന്‍ കഴിയുക? അവരുടെ രാഷ്ട്രീയവും ദേശീയതയും ഇന്ത്യയെക്കുറിച്ചുള്ള അവരുടെ കാഴ്ചപ്പാടും നിര്‍ണ്ണയിക്കുന്നത് മുസ്ലിം ലീഗും ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയുമാണ്. ഇന്ന് ദേശീയ ഗീതമാണെങ്കില്‍, നാളെ ദേശീയ ഗാനവും അവര്‍ക്കൊരു പ്രശ്‌നമാകുമോ?
1870-കളില്‍ ബങ്കിം ചന്ദ്ര ചാറ്റര്‍ജി എഴുതിയ വന്ദേമാതരം 1950-ലാണ് ഇന്ത്യയുടെ ദേശീയ ഗീതമായി അംഗീകരിച്ചത്. 1950 ജനുവരി 24-ന് ഇന്ത്യയുടെ ഭരണഘടനാ നിര്‍മ്മാണ സഭ വന്ദേമാതരത്തിന് ദേശീയ ഗീതമെന്ന പദവി നല്‍കി. ഈ വര്‍ഷം ആദ്യം, എല്ലാ സര്‍ക്കാര്‍ പരിപാടികളിലും സ്‌കൂളുകളിലും ദേശീയ ഗാനമായ ജനഗണമനയ്ക്ക് മുമ്പായി വന്ദേമാതരം ആലപിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ബന്ധമാക്കിയിരുന്നു. 1937-ല്‍ നീക്കം ചെയ്ത നാല് വരികള്‍ ഉള്‍പ്പെടെ ഗാനത്തിലെ ആറ് വരികളും ഇനി മുതല്‍ പ്ലേ ചെയ്യും. ദേശീയ ഗീതം ആലപിക്കുമ്പോള്‍ സദസ്സിലുള്ളവര്‍ ആദരവോടെ എഴുന്നേറ്റു നില്‍ക്കണമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates