സ്വാമി ഗോലോകാനന്ദജി മഹാരാജ് 
Kerala

സ്വാമി ഗോലോകാനന്ദജി മഹാരാജ് സമാധിയായി

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ആത്മീയാചാര്യനും സാമൂഹ്യപ്രവര്‍ത്തകനുമായ സ്വാമി ഗോലോകാനന്ദജി മഹാരാജ് (ഗോലോകാനന്ദ സ്വാമികള്‍) സമാധിയായി. 94 വയസ്സായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് അന്ത്യം. ശ്രീരാമകൃഷ്ണ പരമഹംസന്റെയും സ്വാമി വിവേകാനന്ദന്റെയും മഹത്തായ ആത്മീയ-മാനവസേവന പാരമ്പര്യം ജീവിതവ്രതമാക്കിയ സന്യാസിവര്യനാണ് സ്വാമി ഗോലോകാനന്ദജി മഹാരാജ്.

പൂര്‍വാശ്രമത്തില്‍ നാരായണന്‍കുട്ടി എന്നറിയപ്പെട്ടിരുന്ന അദ്ദേഹം 1933 മാര്‍ച്ച് 25ന് ആറന്മുള കിടങ്ങന്നൂര്‍ തോമ്പില്‍ കുടുംബത്തില്‍, മാന്നാര്‍ സ്വദേശിയായ ശിവരാമപിള്ളയുടെയും ജാനകിയമ്മയുടെയും മകനായാണ് ജനിച്ചത്. കിടങ്ങന്നൂരിലെയും മെഴുവേലിയിലെയും പ്രാദേശിക വിദ്യാലയങ്ങളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. പത്താം ക്ലാസിനുശേഷം സിവില്‍ എന്‍ജിനീയറിങ് പഠനത്തിന് അദ്ദേഹം പ്രവേശിച്ചു. എന്നാല്‍, ജീവിതം ക്രമേണ അദ്ദേഹത്തെ ആത്മീയതയുടെയും ധര്‍മ്മത്തിന്റെയും സേവനത്തിന്റെയും വഴിയിലേക്ക് നയിക്കുകയായിരുന്നു.

ബാല്യകാലത്ത് നാരായണന്‍കുട്ടിയുടെ ജീവിതത്തില്‍ മറക്കാനാവാത്ത ഒരു സംഭവം ഉണ്ടായതായി കുടുംബ-പ്രാദേശിക സ്മരണകളില്‍ പറയപ്പെടുന്നു. ചെറുപ്പത്തില്‍ പേപ്പട്ടി വിഷബാധയേറ്റ് അദ്ദേഹം അതീവ ഗുരുതരാവസ്ഥയിലായി. മരണത്തിന്റെ വക്കോളമെത്തിയ അദ്ദേഹത്തെ പള്ളിമുക്കം ദേവിയുടെ അനുഗ്രഹത്താല്‍ അത്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാനായി എന്നാണ് പറയപ്പെടുന്നത്. മരണത്തെ വളരെ അടുത്തുനിന്ന് കണ്ട ആ അനുഭവം അദ്ദേഹത്തിന്റെ ജീവിതത്തില്‍ ആഴത്തിലുള്ള ആത്മീയചിന്തകള്‍ക്ക് വഴിതെളിച്ച അനുഭവമായി കരുതപ്പെടുന്നു.

തുടര്‍ന്ന് ആത്മീയതയിലും ജ്ഞാനാന്വേഷണത്തിലും ആകൃഷ്ടനായ നാരായണന്‍കുട്ടി കാലടി രാമകൃഷ്ണാശ്രമത്തില ആഗമാനന്ദ സ്വാമിജിയുമായി ബന്ധപ്പെടുന്നതോടെ ആത്മീയജീവിതത്തിലേക്ക് പ്രവേശിച്ചു. ശ്രീരാമകൃഷ്ണ-വിവേകാനന്ദ ദര്‍ശനത്തില്‍ പ്രചോദനം ഉള്‍ക്കൊണ്ട് 1953-54ല്‍ രാമകൃഷ്ണ മഠത്തില്‍ ബ്രഹ്മചാരിയായി ചേര്‍ന്ന അദ്ദേഹം, 1963ല്‍ മഠത്തിന്റെ അന്നത്തെ അധ്യക്ഷനായിരുന്ന മാധവാനന്ദ സ്വാമിജിയില്‍ നിന്ന് ഗോലോകാനന്ദ എന്ന നാമത്തോടെ സന്യാസം സ്വീകരിച്ചു.

കുറച്ചു കാലം മദ്രാസിലും പിന്നീട് കേരളത്തിലെ തിരുവനന്തപുരം, കോഴിക്കോട്, കൊയിലാണ്ടി, ഹരിപ്പാട് തുടങ്ങിയ ശ്രീരാമകൃഷ്ണ മഠങ്ങളുടെയും ആശ്രമങ്ങളുടെയും പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്തു. ആത്മീയപ്രവര്‍ത്തനങ്ങള്‍ക്കൊപ്പം വിദ്യാഭ്യാസം, സാമൂഹിക സേവനം, ഗ്രാമീണ സേവനം തുടങ്ങിയ മേഖലകള്‍ക്കും പ്രാധാന്യം നല്‍കി. തിരുവനന്തപുരം ശ്രീരാമകൃഷ്ണ മഠത്തിന്റെ ചുമതല വഹിച്ചിരുന്ന കാലത്ത് ഹരിപ്പാട് ആശ്രമവുമായി ബന്ധപ്പെട്ട വിവിധ പ്രവര്‍ത്തനങ്ങളിലും നിയമപരമായ നടപടികളിലും അദ്ദേഹം ശ്രദ്ധേയമായ പങ്കുവഹിച്ചു. തിരുവനന്തപുരം ശ്രീരാമകൃഷ്ണ മിഷന്റെ ഗ്രാമീണ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ രൂപം നല്‍കുന്നതിലും അദ്ദേഹത്തിന് പങ്കുണ്ടായിരുന്നു.

പ്രവര്‍ത്തിച്ചിരുന്ന എല്ലാ ഇടങ്ങളിലും ആത്മീയ-സാമൂഹിക സേവനങ്ങള്‍ ശക്തിപ്പെടുത്തുന്നതിലും അദ്ദേഹം നേതൃത്വം നല്‍കി. കാലിക്കറ്റ് സര്‍വകലാശാലയിലെ സനാതനധര്‍മ്മ പീഠവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിലും അദ്ദേഹം തന്റെ സാന്നിധ്യം രേഖപ്പെടുത്തിയിട്ടുണ്ട്. വിവിധ ആത്മീയ-സാംസ്‌കാരിക പരിപാടികളില്‍ നിരന്തരം പങ്കെടുക്കുകയും തന്റെ സാന്നിധ്യംകൊണ്ട് ജനങ്ങളെ അനുഗ്രഹിക്കുകയും ചെയ്തു.

Swami Golokanandaji Maharaj attained Samadhi

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കുടുംബം പോലും പാര്‍ട്ടിക്കായി നഷ്ടമാക്കി; ജയിലില്‍ പോയപ്പോള്‍ മകള്‍ ഒറ്റയ്ക്കായി; മുഖ്യമന്ത്രിയോട് ക്ഷമ ചോദിച്ച് ചേന്തി അനില്‍

'47 Years of Togetherness'; വിവാഹ ഫോട്ടോ പങ്കുവച്ച് പിണറായി

മിസ് യൂണിവേഴ്‌സ് ഇന്ത്യ കിരീടവുമായി കെസിയ സ്വന്തം നാട്ടില്‍; ഗ്രാന്‍ഡ് ഹോം കമിങ് ഒരുക്കി ഗ്രാന്‍ഡ് ഹയാത്ത്

'പരസ്യങ്ങള്‍ പതിക്കുന്നതിന് അനുമതി; സ്വകാര്യ ബസുകള്‍ വാടകയ്‌ക്കെടുത്ത് പ്രിയദര്‍ശിനിയാക്കും'; റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി

കാന്തപുരത്തിന്റെ പ്രസ്താവന ഇസ്ലാമിക ചരിത്രത്തിന് വിരുദ്ധം; കേരളം വിഡി സതീശന്റെ കൈയില്‍ ഭദ്രം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍