മലപ്പുറം: താനൂർ ബോട്ടു ദുരന്തത്തിൽ കാണാതായവർക്കു വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. എൻഡിആർഎഫും അഗ്നിരക്ഷാസേനയുമാണ് തിരച്ചില്‍ നടത്തുന്നത്. നാവികസേനയുടെ ചേതക് ഹെലിക്കോപ്റ്ററും തിരച്ചിലിനായി എത്തിയിട്ടുണ്ട്. 22 പേർ മരിച്ചതായാണ് ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ ഏഴു കുട്ടികളും മൂന്നു സ്ത്രീകളും ഉൾപ്പെടുന്നു.
മരിച്ചവരിൽ ഒരു കുടുംബത്തിലെ 11 പേരും ഉൾപ്പെടുന്നു. രക്ഷപ്പെട്ട് ചികിത്സയിൽ കഴിയുന്നവരിൽ ഏഴുപേരുടെ നില ഗുരുതരമാണെന്നാണ് സൂചന. ഒരു കുട്ടിയെ കാണാനില്ലെന്ന് ബന്ധുക്കൾ പറയുന്നു. ഇതേത്തുടർന്ന് പ്രദേശത്ത് ഊർജ്ജിതമായി തിരച്ചിൽ തുടരുകയാണ്. ബോട്ടിൽ എത്രപേരാണ് ഉണ്ടായിരുന്നത് എന്നതുസംബന്ധിച്ച് സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്ന് റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു. ബോട്ടിലുണ്ടായിരുന്നത് 37 പേരെന്നാണ് പ്രാഥമിക വിലയിരുത്തലെന്നും മന്ത്രി വ്യക്തമാക്കി.
സംഭവസ്ഥലത്തെത്തിയ അദ്ദേഹം രക്ഷാപ്രവർത്തനത്തിന് മേൽനോട്ടം വഹിക്കുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനും അപകടം നടന്ന സ്ഥലത്തെത്തും. ഇതിനായി മുഖ്യമന്ത്രി പ്രത്യേക വിമാനത്തിൽ തിരുവനന്തപുരത്തു നിന്നും പുറപ്പെട്ടു. ആദ്യം തിരൂരും പിന്നീട് മരിച്ചവരുടെ വീടുകളിലും മുഖ്യമന്ത്രി സന്ദർശനം നടത്തുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. പ്രതിപക്ഷ നേതാവ് വിഡി സതീശനും സ്ഥലത്തെത്തും.
ബോട്ടുദുരന്തത്തിന് ഇടയാക്കിയ നിയമലംഘനങ്ങൾ അന്വേഷിക്കുമെന്ന് മന്ത്രി അബ്ദുറഹ്മാൻ പറഞ്ഞു. ഇപ്പോൾ ശ്രദ്ധ രക്ഷാപ്രവർത്തനത്തിനാണെന്നും മന്ത്രി വ്യക്തമാക്കി. ടൂറിസം കേന്ദ്രങ്ങളിൽ പരിശോധന കർശനമാക്കുമെന്ന് ടൂറിസം മന്ത്രി മുഹമ്മദ് റിയാസും അറിയിച്ചു. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചാകും പരിശോധന ശക്തമാക്കുകയെന്ന് മന്ത്രി പറഞ്ഞു.
തിരൂരങ്ങാടി താലൂക്ക് ആശുപത്രി, തിരൂർ ജില്ലാ ആശുപത്രി, മഞ്ചേരി മെഡിക്കൽ കോളേജ്, മലപ്പുറം താലൂക്ക് ആശുപത്രി,പെരിന്തൽമണ്ണ താലൂക്ക് ആശുപത്രി എന്നിങ്ങനെ അഞ്ച് കേന്ദ്രങ്ങളിലാണ് പോസ്റ്റ്മോർട്ടം നടപടിക്രമങ്ങൾ പുരോഗമിക്കുന്നത്. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം പൂർത്തിയാക്കിയ 8 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
പരപ്പനങ്ങാടി–താനൂർ നഗരസഭാ അതിർത്തിയിലെ പൂരപ്പുഴയിൽ ഒട്ടുംപുറം തൂവൽ തീരത്തിനുസമീപം ഇന്നലെ രാത്രി ഏഴോടെയാണ് അപകടമുണ്ടായത്. അറ്റ്‌ലാന്റിക് എന്ന ബോട്ടാണ് അപകടത്തില്‍ പെട്ടത്. ബോട്ടുടമ നാസര്‍ ഒളിവിലാണ്. ഇയാള്‍ക്കെതിരെ നരഹത്യാക്കുറ്റം ചുമത്തി കേസെടുത്തു. മത്സ്യബന്ധനബോട്ട് രൂപമാറ്റം വരുത്തി വിനോദസഞ്ചാരത്തിന് ഉപയോഗിക്കുകയായിരുന്നുവെന്നാണ് വിവരം.
വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates