തൃപ്പൂണിത്തുറ ശ്രീ പൂർണ്ണത്രയീശ ക്ഷേത്രം 
Kerala

'ക്ഷേത്ര സ്വത്തുക്കള്‍' എവിടെ പോകുന്നു?; 18 വര്‍ഷം മുന്‍പത്തെ കേസിനും ഇപ്പോഴും തുമ്പില്ല; ദേവസ്വം ബോര്‍ഡ് ഇരുട്ടില്‍

മധ്യകേരളത്തില്‍ 406 ക്ഷേത്രങ്ങളുടെ ഭരണം നിര്‍വഹിക്കുന്ന ബോര്‍ഡിന്റെ ഉത്തരവാദിത്വ ബോധത്തെയും ക്ഷേത്ര സ്വത്തുക്കളുടെ സുരക്ഷയെയും കുറിച്ച് ഗുരുതരമായ ചോദ്യങ്ങളാണ് ഉയര്‍ത്തുന്നത്.

Author : ഗോപിക വാര്യര്‍
Edited By : Sujith

കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള വിവിധ ക്ഷേത്രങ്ങളില്‍ നിന്ന് സ്വര്‍ണ്ണവും വെള്ളിയും അടക്കമുള്ള വിലപിടിപ്പുള്ള വസ്തുക്കള്‍ 'അപ്രത്യക്ഷമാകുമ്പോള്‍' ദൈവങ്ങള്‍ പോലും ഇരുട്ടിലായ അവസ്ഥയാണ്. ഒന്നിന് പിറകെ ഒന്നായി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും, കുറ്റക്കാരെ പിടികൂടാനോ, കാണാതായ വസ്തുക്കള്‍ കണ്ടെത്താനോ കഴിയുന്നില്ല. മധ്യകേരളത്തില്‍ 406 ക്ഷേത്രങ്ങളുടെ ഭരണം നിര്‍വഹിക്കുന്ന ബോര്‍ഡിന്റെ ഉത്തരവാദിത്വ ബോധത്തെയും ക്ഷേത്ര സ്വത്തുക്കളുടെ സുരക്ഷയെയും കുറിച്ച് ഗുരുതരമായ ചോദ്യങ്ങളാണ് ഉയര്‍ത്തുന്നത്.

2008ലാണ് തൃപ്പൂണിത്തുറ ശ്രീ പൂര്‍ണ്ണത്രയീശ ക്ഷേത്രത്തിലെ ഭഗവാന്റെ തിടമ്പിന്റെ മകുടത്തില്‍ നിന്ന് 663 മില്ലിഗ്രാം സ്വര്‍ണ്ണം കാണാതയത്. ബോര്‍ഡ് രജിസ്റ്റര്‍ പ്രകാരം 954.663 ഗ്രാം തൂക്കമുണ്ടായിരുന്ന മകുടം തൂക്കിനോക്കിയപ്പോള്‍ 663 മില്ലിഗ്രാം സ്വര്‍ണ്ണം കുറവുള്ളതായി കണ്ടെത്തി. പതിനെട്ട് വര്‍ഷങ്ങള്‍ക്കിപ്പുറവും സ്വര്‍ണ്ണം ആരാണ് എടുത്തതെന്നോ അതിന് എന്ത് സംഭവിച്ചെന്നോ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല, ക്ഷേത്രത്തിലെ വിലപിടിപ്പുള്ള വസ്തുക്കള്‍ എങ്ങനെ അപ്രത്യക്ഷമാകുന്നു എന്നതിന്റെ വ്യക്തമായ ഉദാഹരണമാണ് ഈ സംഭവം. ഒടുവിലായി, കൊച്ചി സൗത്ത് ചിറ്റൂരിലെ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നിന്ന് 2.5 കിലോഗ്രാം തൂക്കം വരുന്ന ആറ് വെള്ളിക്കുടങ്ങള്‍ കാണാതായതായാണ് റിപ്പോര്‍ട്ട്. ഇതില്‍ അഞ്ച് കുടങ്ങള്‍ക്ക് 300 ഗ്രാം വീതവും ആറാമത്തേതിന് ഒരു കിലോഗ്രാമുമാണ് തൂക്കം.

സംഭവത്തില്‍ ദേവസ്വം ബോര്‍ഡ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും, മുന്‍കാല അനുഭവങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടെത്താന്‍ ഈ അന്വേഷണത്തിന് കഴിയുമോ എന്നത് സംശയമാണ്. 2025ല്‍ പഴയന്നൂര്‍ ഭഗവതി ക്ഷേത്രത്തില്‍ നിന്ന് 15.5 ഗ്രാം തൂക്കമുള്ള സ്വര്‍ണ്ണക്കിരീടം കാണാതായിരുന്നു. ഇതില്‍ അന്വേഷണം പുരോഗമിക്കുന്നുണ്ടെങ്കിലും ഇതുവരെ കുറ്റവാളികളെ കണ്ടെത്താനായിട്ടില്ല.

'ക്ഷേത്ര സ്വത്തുക്കള്‍ കാണാതാവുകയും അന്വേഷണങ്ങളില്‍ കുറ്റക്കാരെ കണ്ടെത്താന്‍ കഴിയാതെ വരികയും ചെയ്യുന്ന നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ചില കേസുകളില്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ആഭ്യന്തര അന്വേഷണം നടത്തിയിട്ടും, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ തയ്യാറായിട്ടില്ല,' വിവരാവകാശ പ്രവര്‍ത്തകനായ ഗോവിന്ദന്‍ നമ്പൂതിരി പറഞ്ഞു. ഇത്തരം തിരോധാനങ്ങള്‍ ദേവസ്വം ബോര്‍ഡുകളുടെ ഉത്തരവാദിത്തത്തെക്കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വസ്തുവകകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള സംവിധാനം ബോര്‍ഡിന് നിലവിലുണ്ടെന്ന് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എം.കെ. സുദര്‍ശന്‍ ചൂണ്ടിക്കാട്ടി. 'ദേവസ്വം വസ്തുവകകളുടെ ഡിജിറ്റല്‍ രേഖകള്‍ തയ്യാറാക്കുന്ന നടപടികള്‍ ഞങ്ങള്‍ ഇതിനകം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ ചില ക്ഷേത്രങ്ങളില്‍ കൃത്യസമയത്ത് ഓഡിറ്റിങ്ങും രജിസ്‌ട്രേഷനും ഒന്നും നടക്കാത്താതതാണ് ഇത്തരം തിരോധാനങ്ങള്‍ക്ക് കാരണമാകുന്നത്,' അദ്ദേഹം പറഞ്ഞു. ക്ഷേത്രത്തിലെ വസ്തുവകകള്‍ കാണാതാകുന്നത് ഗൗരവമായി കാണുമെന്നും ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ദേവസ്വം കമ്മീഷണര്‍ കെ.ജെ. അജികുമാര്‍ വ്യക്തമാക്കി.

The curious cases of missing temple valuables in Keralam

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കടകളുടെ ലൈസന്‍സ് റദ്ദാക്കും; രോഗികള്‍ക്കും പാര്‍ശ്വഫലം അറിയിക്കാം; 'വെളുപ്പിക്കല്‍ ക്രീമുകള്‍'ക്കെതിരെ കര്‍ശന നടപടിയുമായി സര്‍ക്കാര്‍

കരിയര്‍ സ്ലാം... എടിപി ടൂര്‍ ഫൈനല്‍സ് കിരീടം; അല്‍ക്കരാസ് ഇതിഹാസങ്ങള്‍ക്കൊപ്പം!

സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രതിദിന മിന്നല്‍ പരിശോധനയുമായി കെ മുരളീധരന്‍; വീഴ്ച കണ്ടെത്തിയാല്‍ കര്‍ശന നടപടി

ഗുകേഷ് vs സിന്ദ്രോവ്, 'ജെന്‍സീ ചെക്ക്‌മേറ്റ്'! ആരാകും പുതിയ 'ചെസ്' ലോക ചാംപ്യന്‍?

നരേന്ദ്രമോദിയെ കണ്ട് സ്‌കൂള്‍ സഹപാഠി; ഭൂമി തട്ടിപ്പ് പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്