തിരുവനന്തപുരം: സിപിഎമ്മും കോൺഗ്രസും വൈകാതെ 'കോമ്രേഡ് കോൺഗ്രസ് പാർട്ടി'യായി മാറുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമർശത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഡീലുണ്ടാക്കിയ സാഹചര്യത്തിൽ സിപിഎമ്മും ബിജെപിയുമാണ് ലയിക്കേണ്ടത് എന്ന് പ്രതിപക്ഷ നേതാവ് തിരിച്ചടിച്ചു.
സിപിഎമ്മും ബിജെപിയും തമ്മിലുള്ള ഡീലിനെക്കുറിച്ച് പറഞ്ഞത് ആർഎസ്എസിൻറെ നേതാവായ ബാലശങ്കറാണ്. എന്തുകൊണ്ടാണ് പ്രധാനമന്ത്രി അതിനെക്കുറിച്ച് ഒരക്ഷരം പറയാത്തത്. അത് നിഷേധിക്കാൻ പോലും അദ്ദേഹം തയ്യാറായിട്ടില്ല. മാത്രമല്ല, കേന്ദ്രത്തിലെ ബിജെപി സർക്കാരിനെ എല്ലാ രീതിയിലും അനുകരിക്കാനാണ് കേരളത്തിൽ പിണറായിയും അദ്ദേഹത്തിൻറെ സർക്കാരും ശ്രമിക്കുന്നത്. ആ നിലയ്ക്കും ആ പാർട്ടികൾ തമ്മിലാണ് ലയിക്കേണ്ടതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
ശക്തമായ സാക്ഷി മൊഴികളുണ്ടയിട്ടും സ്വർണ്ണക്കടത്ത് കേസും ഡോളർക്കടത്ത് കേസുമൊക്കെ ഫ്രീസറിൽ കയറ്റിയതെന്തിനെന്ന് പ്രധാനമന്ത്രി വിശദീകരിക്കേണ്ടതായിരുന്നു. കേരളത്തെ നിരന്തരമായി അവഗണിച്ച ശേഷം ഇവിടെ വന്ന് വികസനത്തെക്കുറിച്ച് നരേന്ദ്ര മോദി സംസാരിക്കുന്നത് ഫലിതമാണ്. കേരളത്തിന് അർഹമായത് എന്ത് കൊണ്ടാണ് നൽകാത്തത് എന്ന് പ്രധാനമന്ത്രി വിശദീകരിക്കേണ്ടതായിരുന്നു.
ശബരിമല ഭക്തരെക്കുറിച്ച് അദ്ദേഹം കണ്ണീരൊഴുക്കുന്നതും ജനത്തെ കബളിപ്പിക്കാനാണ്. മുൻപ് ഇവിടെ വന്ന് ആചാര സംരക്ഷണത്തിന് നിയമമുണ്ടാക്കുമെന്ന് പ്രസംഗിച്ചത് പ്രധാനമന്ത്രി ഓർക്കുന്നുണ്ടോ എന്നും രമേശ് ചെന്നിത്തല ചോദിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates