കൊച്ചി: കോതമംഗലത്തെ ടിടിസി വിദ്യാര്‍ത്ഥിനിയുടെ മരണം ലൗ ജിഹാദ് ആണെന്ന് ബിജെപി. കേരളത്തിലെ ഒറ്റപ്പെട്ട സംഭവമൊന്നുമല്ല ഇതെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി കെ കൃഷ്ണദാസ് പറഞ്ഞു. മത തീവ്രവാദശക്തികള്‍ പെണ്‍കുട്ടികളെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയി, മതം മാറ്റി തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചു വരികയാണെന്നും കൃഷ്ണദാസ് ആരോപിച്ചു. മരിച്ച വിദ്യാര്‍ത്ഥിനിയുടെ കറുകടത്തെ വീട്ടില്‍ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോണ്‍ ജോര്‍ജിനൊപ്പം സന്ദര്‍ശനം നടത്തിയശേഷം സംസാരിക്കുകയായിരുന്നു കൃഷ്ണദാസ്.
ഇത്തരം നിര്‍ബന്ധിത മതം മാറ്റങ്ങള്‍ കേരളത്തില്‍ വലിയ തോതില്‍ നടക്കുന്നുണ്ട്. എന്നാല്‍ സര്‍ക്കാരും പ്രതിപക്ഷ പാര്‍ട്ടിയും ഒറ്റപ്പെട്ട സംഭവം എന്ന പേരില്‍ ഇത് അവഗണിക്കുകയാണ് ചെയ്യുന്നതെന്ന് കൃഷ്ണദാസ് കുറ്റപ്പെടുത്തി. കോതമംഗലത്തെ പെണ്‍കുട്ടിയുടേത് ക്ലീന്‍ കേസ് ഓഫ് ലൗ ജിഹാദ് ആണെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോണ്‍ ജോര്‍ജും പറഞ്ഞു. കേരളത്തില്‍ ഇത് വളരെ ദൗര്‍ഭാഗ്യകരമായ സംഭവമാണ്. മതം മാറാന്‍ പറഞ്ഞതു മാത്രമല്ല, മതം മാറാന്‍ വേണ്ടി ആ കുട്ടിയെ നിര്‍ബന്ധിക്കുകയും പൂട്ടിയിട്ട് പീഡിപ്പിക്കുകയും ചെയ്തുവെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു.
കേരളത്തിന്റെ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന കേസാണിത്. ആ കുട്ടിയുടെ കത്തിലൂടെയാണ് പല യാഥാര്‍ത്ഥ്യങ്ങളും കുടുംബം അറിഞ്ഞത്. ഈ ആഴ്ചയില്‍ മാത്രം ലൗ ജിഹാദുമായി ബന്ധപ്പെട്ട് സംസ്ഥാനത്തു നിന്നും മൂന്നാമത്തെ പരാതിയാണ് തനിക്ക് ലഭിക്കുന്നത്. കൊട്ടാരക്കരയിലും സമാനമായ സാഹചര്യമുണ്ടായി. ആ കുട്ടിയെ വീട്ടുകാര്‍ വിളിച്ചു കൊണ്ടുവന്നു. ഇപ്പോള്‍ ആ വീട്ടുകാര്‍ ഭീഷണി നേരിടുകയാണ്. ഷോണ്‍ ജോര്‍ജ് പറഞ്ഞു.
നിലമ്പൂരില്‍ നിന്നും ഒരു വൈദികന്‍ വിളിച്ചിരുന്നു. അദ്ദേഹത്തിന്റെ സഹോദരിയുടെ കുട്ടിയെ തട്ടിക്കൊണ്ടുപോയിരിക്കുന്നു. അതും ലൗ ജിഹാദാണ്. ഇത് കേരളത്തില്‍ ഒരു പ്രവണതയായി മാറിയിരിക്കുന്നു. ബിജെപി ഈ വിഷയത്തെ ഗൗരവമായി കാണുകയാണ്. മതം മാറണമെന്ന് പറഞ്ഞ് ആ പ്രതിയും വീട്ടുകാരും വിദ്യാര്‍ത്ഥിനിയെ മുറിയില്‍ പൂട്ടിയിട്ട് മര്‍ദ്ദിക്കുകയാണ് ചെയ്തത്. ഇത്തരം സംഭവങ്ങള്‍ കേരളത്തില്‍ പലയിടത്തും ഉണ്ടാകുമ്പോഴും പല കുടുംബങ്ങളും അപമാനം ഭയന്ന് പുറത്ത് പറയാന്‍ മടിക്കുകയാണ്.
ഇത്തരം സംഭവങ്ങളും ഭീഷണികളും ആളുകള്‍ തുറന്നു പറയാന്‍ തയ്യാറാകണം. പൊലീസ് ഈ കേസ് നിസാരവത്കരിക്കാന്‍ ശ്രമിക്കുകയാണ്. ഇന്ന് കേരള ജനത നേരിടുന്ന ഏറ്റവും വലിയ ഭീഷണിയായി ലൗ ജിഹാദ് മാറിയിരിക്കുകയാണ്. ഇസ്ലാമിക് സ്റ്റേറ്റിന്റെയും ( ഐഎസ്), പൊളിറ്റിക്കല്‍ ഇസ്ലാമിന്റേയും ഹെഡ് ക്വാര്‍ട്ടേഴ്‌സായി കേരളം മാറിയിരിക്കുകയാണ്. ഇന്റലിജന്‍സ് വിഭാഗം കയ്യിലുള്ള മുഖ്യമന്ത്രിക്ക് ഇതൊന്നും അറിഞ്ഞുകൂടാ എന്നു പറഞ്ഞാല്‍ വിശ്വസിക്കാന്‍ പ്രയാസമാണ്. മുഖ്യമന്ത്രി ഇതെല്ലാം കണ്ടില്ലെന്ന് നടിക്കുകയാണെന്നും ഷോണ്‍ ജോര്‍ജ് ആരോപിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates