തിരുവനന്തപുരം: കോണ്‍ഗ്രസിലെ ഖദര്‍ വസ്ത്ര ചര്‍ച്ച സജീവമാകുന്നു. അജയ് തറയില്‍ തുടങ്ങിവച്ച ചര്‍ച്ച മുതിര്‍ന്ന നേതാക്കളുടെ പ്രതികരണത്തില്‍ എത്തിനില്‍ക്കുന്നു. ഖദര്‍ വസ്ത്ര പരാമര്‍ശത്തില്‍ യുവനേതാക്കളെ അനുകൂലിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശനും രംഗത്തെത്തി. ഇതിനിടെ, വിഷയത്തില്‍ പരോക്ഷ പ്രതികരണവുമായി മന്ത്രി പി രാജീവും രംഗത്തെത്തി.
വസ്ത്രധാരണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനാകില്ലെന്നായിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പ്രതികരണം. പണ്ട് ഒരു പ്രതീകമായിട്ടാണ് ഖദര്‍ ധരിച്ചത്. ഇപ്പോള്‍ സ്വാതന്ത്ര്യ സമരമൊന്നും നടക്കുന്നില്ലല്ലോ എന്നും വി ഡി സതീശന്‍ പറഞ്ഞു. ഖദര്‍ ധരിക്കുന്നതും ധരിക്കാത്തതുമായ ചെറുപ്പക്കാരുണ്ട്. ഞാനും എല്ലാത്തരത്തിലുള്ള വസ്ത്രവും ഉപയോഗിക്കുന്നുണ്ട്. വസ്ത്രധാരണത്തില്‍ ഒരു നിയന്ത്രണവും ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നില്ല.''- സതീശന്‍ പറഞ്ഞു.
കോണ്‍ഗ്രസില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ ഖാദി പഴയ ഖാദിയല്ലെന്ന് ഓര്‍മ്മിപ്പിക്കുകയാണ് മന്ത്രി പി രാജീവ്. ഫെയിസ്ബുക്ക് പോസ്റ്റിലായിരുന്നു മന്ത്രിയുടെ പ്രതികരണം. ഖാദി പഴയ ഖാദിയല്ല.. എല്ലാ കളറിലും വ്യത്യസ്ത ഡിസൈനുകളിലും നല്ല ഖാദി വസ്ത്രങ്ങള്‍ ഇന്ന് കേരളത്തില്‍ ലഭ്യമാണ്. എന്നും മന്ത്രി ചൂണ്ടിക്കാട്ടി.
യുവതലമുറ നേതാക്കള്‍ ഖദറിനോടു കാണിക്കുന്ന അകല്‍ച്ചയെ സൂചിപ്പിച്ച്, കോണ്‍ഗ്രസ് നേതാവ് അജയ് തറയില്‍ രണ്ടു ദിവസം മുന്‍പാടിയുരുന്നു ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ഇട്ടത്. യുവതലമുറയ്ക്ക് എന്തിനാണ് ഖദറിനോട് ഇത്ര നീരസം എന്ന തലക്കെട്ടിലാണ് അജയ് തറയില്‍ പോസ്റ്റിട്ടത്. ഇതിനു മറുപടിയുമായി യൂത്ത് കോണ്‍ഗ്രസ് മുന്‍ വൈസ് പ്രസിഡന്റും മുന്‍ എംഎല്‍എയുമായ കെ എസ് ശബരീനാഥന്‍ രംഗത്തുവന്നു. തൂവെള്ള ഖദര്‍ വസ്ത്രത്തെ ഗാന്ധിയന്‍ ആശയങ്ങളുടെ ലാളിത്യത്തിന്റെ പ്രതീകമായി ഇപ്പോള്‍ കാണാന്‍ കഴിയില്ല. ഖദര്‍ ഷര്‍ട്ട് സാധാരണ പോലെ വീട്ടില്‍ കഴുകി ഇസ്തിരിയിടുന്നത് ബുദ്ധിമുട്ടാണ്. കളര്‍ ഷര്‍ട്ട് എന്നാലോ എളുപ്പമാണ്. വസ്ത്രം ഏതായാലും മനസ്സ് നന്നായാല്‍ പോരേയെന്നും ശബരീനാഥന്‍ ഫെയ്സ്ബുക്ക് കുറിപ്പില്‍ ചോദിക്കുന്നു. കോട്ടും സ്യൂട്ടും ധരിച്ചുള്ള ചിത്രം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്താണ് ഹൈബി ഈഡന്‍ പ്രതികരിച്ചത്. ഖദര്‍ ധരിക്കുന്നവരോട് ആദരവും ബഹുമാനവുമുണ്ടെന്നും അല്ലാത്തവരെ തള്ളിപറയേണ്ട കാര്യമില്ലെന്നും ഷാഫി പറമ്പില്‍ പ്രതികരിച്ചു.
The debate over the khadi in Congress
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates