വയനാട് ടൗണ്‍ഷിപ്പ് ഉദ്ഘാടനം ഇന്ന് 
Kerala

'കരുത്തിന്റെ, കരുതലിന്റെ ലോക മാതൃക'; വയനാട് ടൗണ്‍ഷിപ്പ് ഉദ്ഘാടനം ഇന്ന്

രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ഗുണഭോക്താക്കള്‍ക്ക് മുഖ്യമന്ത്രി പട്ടയം കൈമാറും.

സമകാലിക മലയാളം ഡെസ്ക്

കല്‍പ്പറ്റ: ഉരുള്‍ ദുരിത ബാധിതരുടെ പുനരധിവാസത്തിനായി കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ സര്‍ക്കാര്‍ ഒരുക്കിയ മാതൃക ടൗണ്‍ഷിപ്പിന്റെ ഒന്നാം ഘട്ട ഉദ്ഘാടനം ഇന്ന് രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ഗുണഭോക്താക്കള്‍ക്ക് മുഖ്യമന്ത്രി പട്ടയം കൈമാറും. മന്ത്രി കെ. രാജന്‍ അധ്യക്ഷത വഹിക്കും.

ഉരുള്‍പൊട്ടലില്‍ വീടും സ്ഥലവും പൂര്‍ണമായി നഷ്ടപ്പെട്ട ഒന്നാംഘട്ട പട്ടികയിലെ 178 കുടുംബങ്ങള്‍ക്ക് വീട് കൈമാറും. ആയിരം ചതുരശ്രയടിയാണ് വിസ്തീര്‍ണം. ഏഴ് സെന്റിന്റെ പട്ടയം നല്‍കും. നിര്‍മാണം തുടങ്ങി 320ാം ദിനമാണ് ആദ്യഘട്ടം പൂര്‍ത്തിയായത്. 2024 ജൂലൈ 29ന് രാത്രിയിലാണ് പുഞ്ചിരിമട്ടത്ത് ഉരുള്‍പൊട്ടി ഒരു ജനത ഒന്നാകെ ഒലിച്ചുപോയത്.

വയനാടിന്റെ ഭൂപ്രകൃതിക്കും കാലാവസ്ഥയ്ക്കും അനുയോജ്യമായ രീതിയില്‍ വിവിധ സര്‍ക്കാര്‍ സംവിധാനങ്ങളുടെയും ഏജന്‍സികളുടെയും തൊഴിലാളികളുടെയും ഏകോപിതമായ പ്രവര്‍ത്തനത്തിലൂടെയാണ് ടൗണ്‍ഷിപ്പ് യാഥാര്‍ഥ്യമാകുന്നത്. ആകെ 410 വീടുകളും അനുബന്ധ സൗകര്യങ്ങളും വിഭാവനം ചെയ്തിട്ടുള്ള ടൗണ്‍ഷിപ്പിന്റെ ഒന്നാംഘട്ടത്തില്‍ 178 വീടുകളാണ് പൂര്‍ത്തിയായത്. ദുരന്തത്തില്‍ പൂര്‍ണമായും വീട് നഷ്ടമായ കുടുംബങ്ങള്‍ക്കാണ് ആദ്യ ഘട്ടത്തില്‍ വീടുകള്‍ നല്‍കുന്നത്. പ്രകൃതി ദുരന്തങ്ങള്‍ അതിജീവിക്കാന്‍ സാധിക്കും വിധം 1000 ചതുരശ്രയടിയില്‍ ഒറ്റ നിലയില്‍ പണിത കെട്ടിടങ്ങള്‍ ഭാവിയില്‍ ഇരു നില നിര്‍മ്മിക്കാനുള്ള അടിത്തറയോടെയാണ് തയ്യാറാക്കിയിരിക്കുന്നത്. പ്രധാന കിടപ്പുമുറി, രണ്ട് മുറികള്‍, സിറ്റൗട്ട്, ലിവിങ്, സ്റ്റഡി റൂം, ഡൈനിങ്, അടുക്കള, സ്റ്റോര്‍ ഏരിയ എന്നിവ വീടിന്റെ ഭാഗമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ടൗണ്‍ഷിപ്പില്‍ ഒരുങ്ങുന്ന 410 വീടുകളിലായി 1662 ലധികം ആളുകള്‍ക്കാണ് തണലൊരുങ്ങുന്നത്. വീടുകള്‍ക്ക് പുറമെ പൊതു റോഡ്, ആരോഗ്യ കേന്ദ്രം, അങ്കണവാടി, പൊതുമാര്‍ക്കറ്റ്, കമ്മ്യൂണിറ്റി സെന്ററുകള്‍ എന്നിവയും ഇതിന്റെ ഭാഗമായുണ്ടാവും. ആരോഗ്യ കേന്ദ്രത്തില്‍ ലബോറട്ടറി, ഫാര്‍മസി, പരിശോധന-വാക്സിനേഷന്‍-ഒബ്സര്‍വേഷന്‍ മുറികള്‍, ഒപി, ടിക്കറ്റ് കൗണ്ടര്‍ സൗകര്യങ്ങളും സജീകരിക്കും. പൊതു മാര്‍ക്കറ്റില്‍ കടകള്‍, സ്റ്റാളുകള്‍, ഓപ്പണ്‍ മാര്‍ക്കറ്റ്, കുട്ടികള്‍ക്ക് കളി സ്ഥലം, പാര്‍ക്കിങ് എന്നിവ ഒരുക്കും. മര്‍ട്ടി പര്‍പ്പസ് ഹാള്‍, കളി സ്ഥലം, ലൈബ്രറി, സ്പോട്സ് ക്ലബ്ബ്, ഓപ്പണ്‍ എയര്‍ തിയേറ്റര്‍ എന്നിവ കമ്മ്യൂണിറ്റി സെന്ററില്‍ നിര്‍മിക്കുന്നുണ്ട്.

ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനായി ടൗണ്‍ഷിപ്പ് നിര്‍മ്മിക്കാന്‍ കല്‍പ്പറ്റ വില്ലേജിലെ എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ 64.4705 ഹെക്ടര്‍ ഭൂമിയാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്. അതിജീവിതര്‍ക്ക് സുരക്ഷിത സ്ഥലം വാസയോഗ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ആയിരുന്നു ഭൂമി ഏറ്റെടുക്കല്‍. ഭൂമി ഏറ്റെടുത്തതിന് തൊട്ടടുത്ത ദിവസം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. 2025 മാര്‍ച്ച് 27 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ടൗണ്‍ഷിപ്പിന് തറക്കല്ലിട്ടു. എല്ലാം നഷ്ടമായ ഒരുകൂട്ടം ജനതയുടെ സ്വപ്നമാണ് എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ പുനരധിവാസ ടൗണ്‍ഷിപ്പ്.

The inauguration of the Wayanad Township is today

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാന്‍ പരമോന്നത നേതാവ് ഖമേനി കൊല്ലപ്പെട്ടു; മരിച്ചവരിൽ മകളും മരുമകനും പേരക്കുട്ടിയും; സ്ഥിരീകരിച്ച് ഇറാന്‍

'എന്നും അമേരിക്കന്‍ വിരുദ്ധന്‍; ചരിത്രത്തിലെ ഏറ്റവും തിന്മ നിറഞ്ഞ മനുഷ്യന്‍ '; ആരായിരുന്നു ഇറാന്‍ പരമോന്നത നേതാവ് അയത്തുല്ല അലി ഖമേനി?

ശ്രീലങ്കയ്ക്കെതിരെ 'ദയനീയ' വിജയം; സെമി കാണാതെ പാകിസ്ഥാൻ പുറത്ത്

ഏഴ് ദിവസം അവധി; 40 ദിവസത്തെ ദുഃഖാചരണം; ഖമേനിയുടെ മരണത്തില്‍ ഞെട്ടി ഇറാന്‍

ദുബൈ, അബുദാബി, ബഹ്‌റൈന്‍ വിമാനത്താവളങ്ങള്‍ക്ക് നേരെ ആക്രമണം; യുഎഇ ലക്ഷ്യമാക്കി 137 മിസൈലുകളും 209 ഡ്രോണുകളും; വ്യോമപാത അടച്ചു

SCROLL FOR NEXT