കഫീന്‍ വന്ധ്യതയ്ക്ക് കാരണമാകുമോ? ദിവസം മൂന്ന് കപ്പ് കാപ്പി കുടിക്കുന്നവര്‍ അറിയേണ്ടത്

കാപ്പിക്ക് പുറമെ ചായ, കോള, എനര്‍ജി ഡ്രിങ്കുകള്‍, ചില ഔഷധങ്ങള്‍ എന്നിവയിലും കഫീന്‍ അടങ്ങിയിട്ടുണ്ട്
coffee
coffee
Updated on: 
2 min read

ദിവസേനയുള്ള കാപ്പി കുടി പലരുടെയും ശീലങ്ങളില്‍ ഒന്നാണ്. രാവിലെ ഉണര്‍വ് ലഭിക്കാനോ അല്ലെങ്കില്‍ ദിവസം മുഴുവന്‍ ഉന്മേഷത്തോടെ ഇരിക്കാനോ മിക്കവരും കാപ്പിയെ ആശ്രയിക്കാറുണ്ട്. എന്നാല്‍, നിങ്ങള്‍ ഗര്‍ഭധാരണത്തിന് തയാറെടുക്കുന്നവരാണെങ്കില്‍, ദിവസേന മൂന്ന് കപ്പ് കാപ്പി കുടിക്കുന്നത് കുഞ്ഞുണ്ടാകാനുള്ള സാധ്യതയെ ബാധിക്കുമോ? കാപ്പിയും പ്രത്യുല്‍പാദന ശേഷിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പലതരം പഠനങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും അവയില്‍ പരസ്പരവിരുദ്ധമായ ഫലങ്ങളാണ് ഉള്ളത്. എങ്കിലും, മിതമായ അളവിലുള്ള കഫീന്‍ ഉപഭോഗം ഗര്‍ഭധാരണത്തെ ബാധിക്കില്ലെന്നാണ് വിവിധ ഗവേഷണങ്ങള്‍ വ്യക്തമാക്കുന്നത്.

ഗവേഷണങ്ങള്‍ എന്ത് പറയുന്നു?

കഫീനും വന്ധ്യതയും തമ്മിലുള്ള ബന്ധം എത്രത്തോളമുണ്ടെന്ന് പൂര്‍ണമായി വ്യക്തമല്ല. 2017ല്‍ നടത്തിയ ഒരു പഠനമനുസരിച്ച്, സ്ത്രീകള്‍ സ്വാഭാവികമായോ ഫെര്‍ട്ടിലിറ്റി ചികിത്സയിലൂടെയോ ഗര്‍ഭം ധരിക്കാന്‍ എടുത്ത സമയവും കഫീന്‍ ഉപഭോഗവും തമ്മില്‍ ബന്ധമില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, ഉയര്‍ന്ന അളവിലുള്ള കഫീന്‍ ഉപഭോഗം ഗര്‍ഭം അലസാനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്ന് അതേ പഠനം ചൂണ്ടിക്കാണിക്കുന്നുണ്ട്. അതായത്, പ്രതിദിനം 300 മില്ലിഗ്രാം മുതല്‍ 600 മില്ലിഗ്രാം വരെ കഫീന്‍ കഴിക്കുന്നത് ഗര്‍ഭം അലസാനുള്ള സാധ്യത വര്‍ധിപ്പിക്കും. 2020ല്‍ നടത്തിയ മറ്റൊരു പഠനത്തിലും കഫീന്‍ ഉപഭോഗവും വന്ധ്യതയും തമ്മില്‍ വലിയ ബന്ധമില്ലെന്നാണ് കണ്ടെത്തിയത്.

എത്ര കഫീന്‍ ആണ് കൂടുതല്‍?

കഴിക്കുന്ന കപ്പുകളുടെ എണ്ണത്തേക്കാള്‍ പ്രധാനമാണ് ഓരോ കപ്പിലെയും കഫീന്റെ അളവ്. സാധാരണയായി ഒരു കപ്പ് കാപ്പിയില്‍ ഏകദേശം 100 മില്ലിഗ്രാം കഫീന്‍ അടങ്ങിയിട്ടുണ്ട്. എന്നാല്‍ ഇത് കാപ്പിയുടെ ബ്രാന്‍ഡിനെയും തയാറാക്കുന്ന രീതിയെയും ആശ്രയിച്ച് വ്യത്യാസപ്പെടാം. കാപ്പിക്ക് പുറമെ ചായ, കോള, എനര്‍ജി ഡ്രിങ്കുകള്‍, ചില ഔഷധങ്ങള്‍ എന്നിവയിലും കഫീന്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ആകെ കഫീന്‍ അളവ് കണക്കാക്കുമ്പോള്‍ ഇവയെല്ലാം പരിഗണിക്കേണ്ടതുണ്ട്. യൂറോപ്യന്‍ ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ ശുപാര്‍ശ പ്രകാരം, ഗര്‍ഭിണികള്‍ ദിവസേന കഴിക്കുന്ന കഫീന്റെ അളവ് 200 മില്ലിഗ്രാമില്‍ താഴെയായിരിക്കണം. ലോകാരോഗ്യ സംഘടനയാകട്ടെഇത് 300 മില്ലിഗ്രാം വരെയാകാമെന്ന് നിര്‍ദേശിക്കുന്നു.

മിതമായ അളവിലുള്ള കഫീന്‍ ഉപഭോഗം അണ്ഡത്തിന്റെ ഗുണനിലവാരത്തെയോ പുരുഷന്മാരിലെ ബീജത്തിന്റെ ആരോഗ്യത്തെയോ ബാധിക്കുന്നതായി കണ്ടെത്തിയിട്ടില്ല. അമേരിക്കന്‍ സൊസൈറ്റി ഫോര്‍ റീപ്രൊഡക്ടീവ് മെഡിസിന്‍ പറയുന്നത് മിതമായ കഫീന്‍ ഉപഭോഗം പ്രത്യുല്‍പാദന ശേഷിക്ക് കാര്യമായ അപകടസാധ്യത ഉണ്ടാക്കുന്നില്ല എന്നാണ്. ഐവിഎഫ് ചികിത്സ തേടുന്ന ദമ്പതികള്‍ കഫീന്‍ ഉപഭോഗത്തെക്കുറിച്ച് തങ്ങളുടെ ഫെര്‍ട്ടിലിറ്റി സ്‌പെഷ്യലിസ്റ്റുമായി സംസാരിക്കുന്നതാണ് ഏറ്റവും നല്ലത്.

ദിവസേന മൂന്ന് കപ്പ് കാപ്പി കുടിക്കുന്നത് കൊണ്ടുമാത്രം നിങ്ങള്‍ക്ക് വന്ധ്യതയുണ്ടാകണമെന്നില്ല. എങ്കിലും, ഭക്ഷണത്തിലൂടെ ശരീരത്തിലെത്തുന്ന കഫീന്റെ അളവ് കൃത്യമായി നിരീക്ഷിക്കാന്‍ ഇത് സഹായിക്കും. സാധാരണ അളവിലുള്ള കഫീന്‍ ഉപഭോഗം വന്ധ്യതയ്ക്ക് കാരണമാകില്ലെങ്കിലും, അമിതമായി കഫീന്‍ ഉപയോഗിക്കുന്നത് ഗര്‍ഭധാരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്കും ഗര്‍ഭം അലസലിനും കാരണമായേക്കാമെന്ന് പഠനങ്ങള്‍ പറയുന്നു. പേടിയുടെ പേരില്‍ പെട്ടെന്ന് കാപ്പി കുടി പൂര്‍ണമായി നിര്‍ത്തുന്നതിന് പകരം, കുഞ്ഞുങ്ങളെ ആസൂത്രണം ചെയ്യുന്ന ദമ്പതികള്‍ ഒരു ഫെര്‍ട്ടിലിറ്റി വിദഗ്ദ്ധന്റെ ഉപദേശപ്രകാരം കഫീന്‍ ഉപഭോഗം നിയന്ത്രിച്ചുകൊണ്ട് ആരോഗ്യപരമായ തീരുമാനമെടുക്കുകയാണ് വേണ്ടത്.

(വിവരങ്ങള്‍ക്ക് കടപ്പാട്: ഡോ. രഞ്ജീവ് സിങ്, ഫെര്‍ട്ടിലിറ്റി എക്‌സ്‌പെര്‍ട്ട്, ഇന്ദിര ഐവിഎഫ് ഹോസ്പിറ്റല്‍ ലിമിറ്റഡ്)

coffee
നിസാരമെന്ന് തോന്നാം, ഹൃദയത്തെ നിശബ്ദമായി ബാധിക്കുന്ന 5 ശീലങ്ങൾ
coffee
എന്താണ് ഇത്ര മറവി? 'ബ്രെയിൻ ഫോ​ഗ്' ഉണ്ടാക്കുന്ന ദൈനംദിന ശീലങ്ങൾ
coffee
ബ്രേക്ക്ഫാസ്റ്റിന് മുൻപ് കാപ്പി, ​ഗുണമോ ദോഷമോ?
Summary

Three Coffees a Day: Does Your Daily Caffeine Habit Affect Your Fertility?

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com