നിസാരമെന്ന് തോന്നാം, ഹൃദയത്തെ നിശബ്ദമായി ബാധിക്കുന്ന 5 ശീലങ്ങൾ

സ്ഥിരമായ ഉറക്കക്കുറവ് ഉയർന്ന രക്തസമ്മർദം, പ്രമേഹം, അമിതവണ്ണം തുടങ്ങിയ ഹൃദ്രോഗ അപകടഘടകങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.
Coffee in the morning, Heart Health
Coffee in the morning, Heart HealthPinterest
Updated on: 
2 min read

രാവിലെ എഴുന്നേറ്റാൽ ഉടൻ ഒരു കപ്പ് ചായ അല്ലെങ്കിൽ കോഫി, ജോലി സമ്മർദം, രാത്രി വൈകിയും മൊബൈൽ നോക്കിയുള്ള ഉറക്കം... പുറമെ അത്ര പ്രശ്നങ്ങളായി തോന്നാത്ത ഇത്തരം ദൈനംദിന ശീലങ്ങൾ നമ്മുടെ ദീർഘകാല ആരോഗ്യത്തിൽ വലിയ സ്വാധീനം ചെലുത്താറുണ്ട്.

ഹൃദയാരോഗ്യത്തിൻ്റെ കാര്യത്തിലും ഭക്ഷണക്രമം, ഉറക്കം, സമ്മർദം, ശാരീരിക പ്രവർത്തനങ്ങൾ തുടങ്ങിയ ജീവിതശൈലി ഘടകങ്ങൾക്ക് പ്രധാന പങ്കുണ്ട്.

Coffee in the morning, Heart Health
ബ്രെഡ് എങ്ങനെ സൂക്ഷിക്കണം? പൂപ്പലും ഭക്ഷ്യവിഷബാധയും ഒഴിവാക്കാൻ എന്തൊക്കെ ശ്രദ്ധിക്കണം

വല്ലപ്പോഴും ഉറക്കം കുറയുന്നതിനെ കുറിച്ചോ വ്യായാമം മുടങ്ങുന്നതിനെ കുറിച്ചോ അല്ല, ശീലങ്ങൾ എത്രത്തോളം എത്രകാലം, വ്യക്തിയുടെ മറ്റ് ആരോഗ്യപ്രശ്നങ്ങൾ എന്നിവയെല്ലാം പരിഗണിക്കേണ്ടതുണ്ട്.

ദിവസവും ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങൾ

ചായയും കാപ്പിയും അമിതമാകുമ്പോൾ

2026ൽ അമേരിക്കൻ ഹാർട്ട് അസോസിയേഷൻ്റെ റിപ്പോർട്ട് പ്രകാരം, മിതമായ അളവിൽ കഫീൻ ഉപയോഗിക്കുന്നത് ആരോഗ്യമുള്ള മുതിർന്നവർക്ക് സുരക്ഷിതമാണ്. എന്നാൽ കഫീൻ ചിലരിൽ താൽക്കാലികമായി ഹൃദയമിടിപ്പും രക്തസമ്മർദവും ഉയരാൻ കാരണമാകാം. ചിലർക്ക് ഹൃദയമിടിപ്പ് കൂടുതലായി തോന്നുക, അസ്വസ്ഥത, ഉത്കണ്ഠ, ഉറക്കക്കുറവ് എന്നിവയും ഉണ്ടാകാം.

എന്ത് ചെയ്യാം?

  • ചായയുടെ അളവു പരിമിതപ്പെടുത്താം.

  • രാത്രി കാപ്പി കുടിക്കുന്ന ശീലം ഒഴിവാക്കാം.

  • ചായയിൽ പഞ്ചസാരയുടെ അളവ് കുറയ്ക്കുക.

  • കഫീൻ കഴിച്ചതിന് ശേഷം ഹൃദയമിടിപ്പ്, ഉത്കണ്ഠ, ഉറക്കക്കുറവ് തുടങ്ങിയ പ്രശ്നങ്ങൾ സ്ഥിരമായി അനുഭവപ്പെടുന്നുണ്ടെങ്കിൽ ഡോക്ടറെ സമീപിക്കാൻ മടിക്കരുത്.

Coffee in the morning, Heart Health
ചോറ് എത്ര മണിക്കൂർ പുറത്തുവെക്കാം? അറിയേണ്ട പ്രധാന കാര്യങ്ങൾ

ഭക്ഷണത്തിലെ ഉപ്പ്

ഹൃദോഗ സാധ്യത വർധിപ്പിക്കുന്ന ഏറ്റവും സാധാരണമായ ഒരു ശീലമാണ് ഭക്ഷണത്തിലെ ഉപ്പിൻ്റെ അളവ്. ഉപ്പിലെ സോഡിയം കൂടുതലായി കഴിക്കുന്നത് രക്തസമ്മർദം ഉയരാൻ കാരണമാകാം. ഉയർന്ന രക്തസമ്മർദം ഹൃദയാഘാതം, ഹൃദ്രോഗം, പക്ഷാഘാതം തുടങ്ങിയ ഹൃദയസംബന്ധമായ പ്രശ്നങ്ങളുടെ പ്രധാന അപകടഘടകമാണ്.

പ്രതിദിനം മുതിർന്നവർ അഞ്ച് ഗ്രാമിൽ താഴെ അളവിലായിരിക്കണം ഉപ്പ് ഉപയോഗിക്കേണ്ടത്. അതായത്, ഏകദേശം ഒരു ടീസ്പൂണിൽ താഴെ. ഇത് പാചകത്തിൽ ചേർക്കുന്ന ഉപ്പ് മാത്രമല്ല, ഭക്ഷണത്തിൽ സ്വാഭാവികമായും പാക്കറ്റ് ഭക്ഷണങ്ങളിലും അച്ചാറുകളിലും സോസുകളിലും മറ്റും അടങ്ങിയിരിക്കുന്ന സോഡിയവും ഉൾപ്പെടുന്നതാണ്.

അതുകൊണ്ട് വീട്ടിൽ ഭക്ഷണത്തിൽ ഉപ്പ് കുറച്ചാൽ മാത്രം മതിയാകില്ല. പതിവായി കഴിക്കുന്ന ഇത്തരം ഭക്ഷണങ്ങളും ശ്രദ്ധിക്കണം. ഒരു എളുപ്പ മാർഗം, ഭക്ഷണത്തിന് മുകളിൽ വീണ്ടും ഉപ്പ് വിതറുന്ന ശീലം ഒഴിവാക്കുക. പാക്കറ്റ് ഭക്ഷണം വാങ്ങുമ്പോൾ പോഷക ലേബലിലെ സോഡിയം അളവ് പരിശോധിക്കുന്നതും നല്ലതാണ്.

ഉറക്കം കുറയുന്നത്

രാത്രി വൈകിയും ഉണർന്നിരിക്കുക, രാവിലെ നേരത്തെ എഴുന്നേൽക്കുക, വാരാന്ത്യത്തിൽ മാത്രം കൂടുതൽ ഉറങ്ങുക തുടങ്ങിയ ശീലങ്ങൾ സാധാരണമാണ്. എന്നാൽ സ്ഥിരമായി മതിയായ ഉറക്കം ലഭിക്കാത്തത് ഹൃദയാരോഗ്യത്തെയും ബാധിക്കാം. മിക്ക മുതിർന്നവർക്കും ഒരു രാത്രിയിൽ കുറഞ്ഞത് ഏഴ് മണിക്കൂർ ഉറക്കം ആവശ്യമാണ്. സ്ഥിരമായ ഉറക്കക്കുറവ് ഉയർന്ന രക്തസമ്മർദം, പ്രമേഹം, അമിതവണ്ണം തുടങ്ങിയ ഹൃദ്രോഗ അപകടഘടകങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.

ഉറക്കത്തിനിടെ ശരീരം വിശ്രമിക്കുകയും പുനഃക്രമീകരിക്കുകയും ചെയ്യുന്നു. ഉറക്കക്കുറവ് തുടരുമ്പോൾ രക്തസമ്മർദം, സമ്മർദം, ഭക്ഷണശീലം തുടങ്ങിയ പല ഘടകങ്ങളും ഒരുമിച്ച് മോശമാകാം.

ഉറക്കം മെച്ചപ്പെടുത്താൻ:

  • എല്ലാ ദിവസവും ഏകദേശം ഒരേ സമയത്ത് ഉറങ്ങാനും എഴുന്നേൽക്കാനും ശ്രമിക്കുക.

  • ഉറങ്ങുന്നതിന് മുമ്പ് മൊബൈൽ ഉപയോഗം കുറയ്ക്കുക.

  • വൈകുന്നേരത്തിന് ശേഷം അമിതമായ കഫീൻ ഒഴിവാക്കുക.

  • പകൽ സമയത്ത് ശാരീരികമായി സജീവമായിരിക്കുക.

  • ഉറക്കത്തിൽ സ്ഥിരമായി തടസ്സം നേരിടുന്നുണ്ടെങ്കിൽ കാരണം കണ്ടെത്തുക.

  • പ്രത്യേകിച്ച് കൂർക്കംവലി, ഉറക്കത്തിനിടെ ശ്വാസം മുട്ടുന്നതുപോലുള്ള അനുഭവം, പകൽ അമിതമായ ഉറക്കം തുടങ്ങിയവ സ്ഥിരമാണെങ്കിൽ അത് അവഗണിക്കാതെ ആരോഗ്യപ്രവർത്തകനെ സമീപിക്കണം.

ദിവസവും അനുഭവിക്കുന്ന സമ്മർദം

ജോലി, സാമ്പത്തിക പ്രശ്നങ്ങൾ, കുടുംബകാര്യങ്ങൾ, യാത്ര, സമയക്കുറവ് തുടങ്ങി പല കാരണങ്ങളാലും സമ്മർദം ഉണ്ടാകാം. സമ്മർദം ഉണ്ടാകുമ്പോൾ ശരീരം 'ഫൈറ്റ് ഓർ ഫ്ലൈറ്റ്' പ്രതികരണത്തിലേക്ക് പോകുന്നു.

ഇതിന്റെ ഭാഗമായി ഹൃദയമിടിപ്പും രക്തസമ്മർദവും താൽക്കാലികമായി ഉയരാം. ദീർഘകാലം തുടരുന്ന സമ്മർദം ഉയർന്ന രക്തസമ്മർദം പോലുള്ള ഹൃദ്രോഗ അപകടഘടകങ്ങളുമായി ബന്ധപ്പെട്ടിരിക്കാമെന്ന് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ വ്യക്തമാക്കുന്നു. മറ്റൊരു വഴിയിലും സമ്മർദം ഹൃദയത്തെ ബാധിക്കും.

ടെൻഷൻ കൂടുമ്പോൾ ചിലർ കൂടുതൽ ഭക്ഷണം കഴിക്കുകയോ പുകവലി, മദ്യപാനം തുടങ്ങിയ ശീലങ്ങളിലേക്ക് തിരിയുകയോ വ്യായാമം ഒഴിവാക്കുകയോ ചെയ്യാം. ഉറക്കവും തകരാം. ഇതെല്ലാം ചേർന്നാണ് പ്രശ്നം കൂടുതൽ സങ്കീർണമാകുന്നത്.

മണിക്കൂറുകളോളം ഇരിക്കുന്നത്

വീട്ടിലായാലും ഓഫീസിലായാലും വാഹനത്തിലായാലും ദിവസത്തിന്റെ വലിയൊരു ഭാഗം ഇരുന്ന് ചെലവഴിക്കുന്ന ശീലം ഇന്ന് സാധാരണമാണ്. വ്യായാമത്തിനായി ഒരു മണിക്കൂർ മാറ്റിവെച്ചാലും ബാക്കി സമയമൊക്കെ തുടർച്ചയായി ഇരിക്കുന്നത് നല്ല ശീലമല്ല. ദീർഘനേരം ഇരിക്കുന്നതിനു പകരം ഇടയ്ക്കിടെ എഴുന്നേറ്റ് നടക്കുക, പടികൾ ഉപയോഗിക്കുക, ചെറിയ മാറ്റങ്ങൾ ദൈനംദിന ശാരീരിക പ്രവർത്തനം വർധിപ്പിക്കാൻ സഹായിക്കും.

പ്രത്യേകിച്ച് 35–40 വയസിന് ശേഷം ദീർഘനേരം ഇരുന്നുകൊണ്ടുള്ള ജോലിയാണെങ്കിൽ കൂടുതൽ ശ്രദ്ധിക്കണം. ശാരീരിക പ്രവർത്തനക്കുറവ് അമിതവണ്ണം, പ്രമേഹം, ഉയർന്ന രക്തസമ്മർദം തുടങ്ങിയ ഹൃദയാരോഗ്യവുമായി ബന്ധപ്പെട്ട അപകടഘടകങ്ങളിലേക്ക് നയിക്കാം.

ദിവസത്തിൽ ചെയ്യാവുന്ന ചെറിയ മാറ്റങ്ങൾ:

  • ഓരോ 30–60 മിനിറ്റിലും എഴുന്നേറ്റ് കുറച്ച് നടക്കുക.

  • ലിഫ്റ്റിന് പകരം പടികൾ ഉപയോഗിക്കുക.

  • ഫോൺ വിളിക്കുമ്പോൾ ഇരിക്കുന്നതിന് പകരം നടക്കുക.

  • ദിവസവും പതിവായി നടക്കാനുള്ള സമയം നിശ്ചയിക്കുക.

  • ഒരേസമയം കഠിനമായ വ്യായാമം ചെയ്യുന്നതിന് പകരം ക്രമേണ ശാരീരിക പ്രവർത്തനം കൂട്ടുക.

Coffee in the morning, Heart Health
‘ഗ്യാസ്’ എന്ന് കരുതി തള്ളരുത്; ഹൃദയാഘാതത്തിന് 30 മിനിറ്റ് മുമ്പ് ശരീരം നൽകുന്ന സൂചനകൾ | World Heart Day
Coffee in the morning, Heart Health
ഹൃദയാഘാതവും ഹൃദയസ്തംഭനവും ഒന്നാണോ? വ‍ർക്ക്ഔട്ട് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
Coffee in the morning, Heart Health
ചുംബിച്ചാൽ ഉത്കണ്ഠ പകരുമോ? സാധ്യത തള്ളിക്കളയരുതെന്ന് ​പഠനം

5 Everyday Habits That Can Affect Your Heart Health

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com