കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ശക്തമായ തെളിവുകള്‍ മുന്‍നിര്‍ത്തി അപ്പീല്‍ നല്‍കാന്‍ പ്രോസിക്യൂഷന്‍. കേസില്‍ നടന്‍ ദിലീപിന് ബന്ധമുണ്ടെന്നു സ്ഥാപിക്കാന്‍ വ്യക്തമായ തെളിവുകളുണ്ടെന്നാണ് പ്രോസിക്യൂഷന്‍ വ്യക്തമാക്കുന്നത്.
സംഭവത്തിന് ദിവസങ്ങള്‍ക്ക് മുന്‍പ് പള്‍സര്‍ സുനി ദിലീപിനോടൊപ്പം തൃശ്ശൂരിലെ ടെന്നീസ് അക്കാദമിയിലും സിനിമാ ലൊക്കേഷനിലും ഒരേ സമയത്തുള്ളതിന്റെ ഫോട്ടോയുണ്ട്. കൂടാതെ ദിലീപിന്റെ കാരവന്റെ സമീപത്ത് സുനി നില്‍ക്കുന്ന ഫോട്ടോയുമുണ്ട്- ഇത് ഇരുവരും തമ്മിലുള്ള അടുത്ത ബന്ധത്തിന്‍റെ തെളിവാണെന്ന് പ്രോസിക്യൂഷന്‍ പറയുന്നു.
നടിയെ തട്ടിക്കൊണ്ടുപോയ 2017 ഫെബ്രുവരി 17ന് രാവിലെ 11ന് സ്വിച്ച് ഓഫ് ചെയ്ത ദിലീപിന്റെ ഫോണ്‍ പിന്നീട് ഓണാക്കുന്നത് രാത്രി 9.30ന്. ഇതില്‍ അസ്വാഭാവികതയുണ്ട്.
ദിലീപിന്റെ ഡ്രൈവര്‍ അപ്പുണ്ണിയുടെ ഫോണ്‍ ലൊക്കേഷന്‍ സംഭവദിവസം രാത്രി ഒന്‍പത് മണിയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപമാണ്. നടിയെ തട്ടിക്കൊണ്ടുപോകുന്ന സമയത്ത് പള്‍സര്‍ സുനിയുള്ള ലൊക്കേഷനില്‍ അപ്പുണ്ണിയുടെ ഫോണുണ്ട്. ഈ ഫോണില്‍ നിന്ന് ദിലീപിന്റെ സഹോദരിയെയും പേഴ്സണല്‍ ഡോക്ടറായ ഹൈദരലിയെയും വിളിക്കുന്നുണ്ട്. എന്നാല്‍, അപ്പുണ്ണി തന്നെ വിളിക്കാറില്ലെന്നാണ് ഹൈദരലിയുടെ മൊഴി.
നടിയെ തട്ടിക്കൊണ്ടുപോകുന്നതിന് മൂന്നുദിവസം മുന്‍പേ പനിബാധിച്ച് ആലുവയിലെ ആശുപത്രിയില്‍ ദിലീപ് അഡ്മിറ്റായതായി രേഖ. എന്നാല്‍, ഇത് ഡോക്ടര്‍ പറഞ്ഞ പ്രകാരം പിന്നീട് എഴുതി തയ്യാറാക്കിയതാണെന്ന് ആശുപത്രി ജീവനക്കാരിയുടെ മൊഴി.
ഡ്രൈവര്‍ അപ്പുണ്ണിയുടെ മൊബൈലില്‍ നിന്ന് ദിലീപ് പലരേയും വിളിക്കാറുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്,
നടി അതിക്രമത്തിനിരയായതായി താന്‍ അറിയുന്നത് നിര്‍മാതാവ് ആന്റോ പറഞ്ഞപ്പോഴാണെന്നാണ് ദിലീപ് പറഞ്ഞത്. എന്നാല്‍, അതിനുമുന്‍പേ നടി ആക്രമിക്കപ്പെട്ടതിന്റെ വാര്‍ത്ത ദിലീപിന്റെ മൊബൈലില്‍ ലഭിക്കുകയും അത് കണ്ടിട്ടും ഉണ്ട്
നടിയെ ആക്രമിച്ച സംഭവത്തിനുശേഷം 19ന് വൈകീട്ട് നടന്ന സോളിഡാരിറ്റി യോഗത്തില്‍ മാധ്യമങ്ങള്‍ സംഭവം വളച്ചൊടിക്കരുതെന്ന് ദിലീപ്. ഇത് കേസ് തന്നിലേക്കുവരുമെന്നു കണ്ടുള്ള നീക്കമായിരുന്നു.
സംഭവത്തിനുശേഷം പള്‍സര്‍ സുനി നടി കാവ്യാ മാധവന്റെ ബൊട്ടീക്കായ ലക്ഷ്യയിലെത്തിയതിന് തെളിവുണ്ട്. ഇതിന് സാക്ഷിയായ ജീവനക്കാരന്‍ സാഗര്‍ വിന്‍സന്റിനെ സ്വാധീനിക്കാന്‍ ശ്രമിച്ചതിനും തെളിവുണ്ട്
2017 ഏപ്രില്‍ 10നും 11നും പള്‍സര്‍ സുനി ജയിലില്‍നിന്ന് നാദിര്‍ഷയുടെ ഫോണിലേക്ക് നാലുതവണ വിളിച്ചതിന്റെ സിസിടിവി ദൃശ്യങ്ങളും സിഡിആറും ഹാജരാക്കിയിട്ടുണ്ട്.
2017 ഏപ്രില്‍ 12ന് ദിലീപിന് നല്‍കാനായി പള്‍സര്‍ സുനി ജയിലില്‍വെച്ച് വിപിന്‍ലാല്‍ എന്ന സഹതടവുകാരനെക്കൊണ്ട് കത്ത് എഴുതിപ്പിച്ചിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഉണ്ട്
ഏപ്രില്‍ 20ന് അങ്കമാലി കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പള്‍സര്‍ സുനിയുടെ സുഹൃത്ത് സനല്‍ പി. മാത്യു അപ്പുണ്ണിയെ നേരിട്ടുവിളിച്ച് ലക്ഷ്യയില്‍ കൊടുത്ത സാധനം ലഭിച്ചോ എന്ന് ചോദിക്കുന്നുണ്ട്. ഏപ്രില്‍ 21ന് ജയിലിലെ കോയിന്‍ ബോക്‌സില്‍നിന്ന് പള്‍സര്‍ സുനി നേരിട്ടും അപ്പുണ്ണിയെ വിളിക്കുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates