മനീഷ്, ഭാര്യ വിദ്യാ  
Kerala

വിധിയെ തോൽപ്പിച്ച മസിൽമാനും ഫാമിലിയും!, മിസ്റ്റർ ആലപ്പുഴ മനീഷ് ബ്രോയുടെ കഥ!

വിദ്യാനന്ദന്‍ എംഎസ്‌

തിരുവനന്തപുരം: ആത്മഹത്യാക്കുറിപ്പെഴുതി മരിക്കാൻ തയ്യാറെടുപ്പ് നടത്തിയേടത്ത് നിന്നും ജീവിതത്തിന്റെ രണ്ടാം അദ്ധ്യായം തുടങ്ങിയ ഒരാൾ! ഈ വർഷത്തെ "ചാംപ്യന്‍ ഓഫ് ചാംപ്യന്‍ മിസ്റ്റർ ആലപ്പുഴ"യായി തെരഞ്ഞെടുക്കപ്പെട്ട മനീഷ് ചേലക്കാടൻ എന്ന യുവാവും കുടുംബവും ഒരുപാടു പേർക്ക് മാതൃകയാണ് - ഹൃദയം തകർക്കുന്ന തിരിച്ചടികളിൽ നിന്ന് ജീവിതം എങ്ങനെ തിരിച്ചുപിടിക്കാമെന്നതിന് . 42 കാരനായ മനീഷ് ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് സ്വദേശിയാണ്. കുട്ടിക്കാലം മുതലേ ജിമ്മിലും ഭാരോദ്വഹനത്തിലും പരിശീലനം നടത്തുന്നു. മുൻ മിസ്റ്റർ കേരളാ റണ്ണർ അപ്പായ മനീഷ് വെയിറ്റ് ലിഫ്റ്റിങ്ങിലും പവർ ലിഫ്റ്റിങ്ങിലും ജില്ലാ -സംസ്ഥാന തലങ്ങളിൽ നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്.

ഇക്കഴിഞ്ഞ ജൂലായ് വരെ നമ്മളുടെയെല്ലാം പോലെ സാധാരണ ജീവിതമായിരുന്നു അയാളുടേത്. സ്വന്തമായി നടത്തുന്ന ജിമ്മിൽ പുരുഷന്മാരുടെ ട്രെയ്‌നറായി മനീഷും സ്ത്രീകളുടെ പരിശീലകയായി ഭാര്യ വിദ്യാ മനീഷും. രണ്ടാണ്മക്കളിൽ മൂത്തയാൾ ശ്രീഹരി പത്താംക്ളാസിലും ഇളയയാൾ ശ്രീശബരി അഞ്ചിലും പഠിക്കുന്നു. ഇവരുടെ വീട്ടിൽ തന്നെയാണ് മനീഷിന്റെ അച്ഛനും അമ്മയും താമസം. ജൂണിലാണ് കുടുംബത്തിലെ ആദ്യത്തെ ദുരന്തം നടക്കുന്നത്. മനീഷിന്റെ ഇളയ സഹോദരനും ഭാര്യയുമായി സ്വരച്ചേർച്ചയിലല്ലായിരുന്നു. ഭാര്യയുമായുണ്ടായ എന്തോ പ്രശ്‌നത്തെ തുടർന്ന് മനീഷിന്റെ വീട്ടിലെത്തിയ സഹോദരൻ അവിടത്തെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ചു.

കുട്ടികളുൾപ്പെടെ വീട്ടിലുണ്ടായിരുന്നവർ മൃതശരീരം ആ അവസ്ഥയിൽ കാണേണ്ടി വന്നു. രണ്ടാഴ്ച്ചക്ക് ശേഷം കൂടുതൽ ഹൃദയഭേദകമായൊരു ദുരന്തം സംഭവിച്ചു. മനീഷിന്റെ ഇളയ മകൻ, അഞ്ചാം ക്‌ളാസുകാരൻ ശ്രീശബരിയെ, വീട്ടിലെ കുളിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇളയച്ഛന്റെ മരണത്തിലെ മനോവിഷമം മൂലം ആത്മഹത്യ ചെയ്‌ത കുരുന്നിന്റെ വാർത്തകൾ മാധ്യമങ്ങളിലെല്ലാം വന്നു. പക്ഷെ അതൊരു ആത്മഹത്യയായിരുന്നില്ല എന്ന സത്യം ഞങ്ങൾക്കേ അറിയുമായിരുന്നുള്ളൂ, മനീഷ് പറയുന്നു.

"കുട്ടികൾക്ക് വിഷമം ഉണ്ടായെന്നത് നേര്. പക്ഷെ ജീവനൊടുക്കാൻ മാത്രം ദുഖമൊന്നുമുണ്ടായിരുന്നില്ല. ഈ സംഭവം അവരെ ബാധിക്കാതിരിക്കാൻ രണ്ടു കുട്ടികളോടും ഞങ്ങൾ വിശദമായി സംസാരിച്ച് , സമാധാനിപ്പിച്ച്, ധൈര്യം കൊടുത്തതാണ്. രണ്ടു മൂന്നു ദിവസങ്ങൾക്കുള്ളിൽ തന്നെ കുട്ടികളുടെ ജീവിതം പഴയപോലെയായി," മനീഷ് പറയുന്നു. സ്വതവേ സാഹസികത്വം കൂടുതലായുള്ള മിടുക്കനായിരുന്നു ഇളയ മകൻ. ജിമ്മിൽ പരിശീലനം നടത്താനും വൈറ്റ്ലിഫ്റ്റിംഗ് നടത്താനും ഏറെയിഷ്ടം. "അവന്റെ പ്രായത്തിലുള്ളവർ ചെയ്യുന്നതിനേക്കാൾ കൂടുതൽ പരിശീലനം ചെയ്യുമായിരുന്നു. ഞാൻ വെയ്‌റ്റ്ലിഫ്റ്റിങ്ങിൽ ദേശീയ തലത്തിൽ മത്സരിച്ചിട്ടുണ്ട്. എന്നെപ്പോലെ മത്സരങ്ങളിൽ പങ്കെടുക്കണമെന്ന് അവൻ ആഗ്രഹിച്ചിരുന്നു," മനീഷ് പറഞ്ഞു. ജില്ലാ ബോഡിബിൽഡിങ് ഷോയിലും കുട്ടി പങ്കെടുത്തിട്ടുണ്ട്. ആത്മഹത്യ ചെയ്യുന്നത് അനുകരിച്ച് നോക്കിയപ്പോഴുണ്ടായ അപകടമാണ് മരണത്തിൽ കലാശിച്ചതെന്ന് മനീഷ് പറയുന്നു.

"കുളിമുറിയിലേക്ക് തോർത്തുമായി ചിരിച്ചു കളിച്ച് കയറിപ്പോയവനാണ്. കുറച്ച് കഴിഞ്ഞപ്പോൾ അകത്ത് അനക്കമൊന്നും കേൾക്കാഞ്ഞപ്പോഴാണ് എന്തോ പന്തികേട് തോന്നിയത്. വാതിൽ ചവുട്ടിപ്പൊളിച്ച് അകത്ത് കയറിയപ്പോഴേക്കും വൈകിയിരുന്നു." കുളിമുറിയിൽ തോർത്തും തുണികളും തൂക്കിയിടാനുള്ള പിടിയിലാണ് കുട്ടി പരീക്ഷണം നടത്തിയത്. "ചുമരോട് ചേർന്ന് താരനിരപ്പിൽ നിന്ന് അരയടി പൊക്കത്തിൽ ഒരു പടിപോലെയുണ്ട്. അതിൽ കയറി നിന്ന് കുരുക്കിട്ട് നോക്കിയതാണെന്നാണ് കരുതുന്നത്. പടിക്ക് പൊക്കം കുറവായതു കൊണ്ട് അപകടം ഉണ്ടാവില്ലെന്ന് കരുതിക്കാണും." വീട്ടിൽ തൂങ്ങി മരിച്ച സ്വന്തം അനിയനും, അന്ന് മരണവീട്ടിലെത്തിയ വകതിരിവില്ലാത്ത കുറെ സന്ദർശകരുമൊക്കെ, അവർ അറിഞ്ഞു കൊണ്ടല്ലെങ്കിലും, രണ്ടാമത്തെ ദുരന്തത്തിന് കാരണക്കാരായെന്ന് മനീഷ് വിശ്വസിക്കുന്നു.

"ആരും ആത്മഹത്യ ചെയ്യരുതെന്നാണ് എനിക്ക് ആദ്യമേ പറയാനുള്ളത്. ഇനി ചെയ്തേ തീരൂ എന്നുള്ളവർ കൊച്ചു കുട്ടികളൊക്കെയുള്ളിടം തെരഞ്ഞെടുക്കരുത്. അവരെ അതിനൊക്കെ ബാധിക്കുമെന്ന് നമുക്ക് പറയാനാവില്ല." അനിയൻ മരിച്ച ദിവസം വീട്ടിലെത്തിയ കുറേ സന്ദർശകർക്ക് കുട്ടികളോട് ചോദിക്കാനുണ്ടായിരുന്നത് ക്രൈം സ്പോട്ടിനെക്കുറിച്ചായിരുന്നു. "എവിടെ തൂങ്ങി എങ്ങനെ തൂങ്ങി എന്നൊക്കെ ഇളയവനോട് ചോദിച്ചതും അവൻ അവരോടൊക്കെ കണ്ട കാഴ്ച്ച വിശദീകരിച്ചതുമൊക്കെ ഞാൻ പിന്നീട് അറിഞ്ഞു. ആരും അറിഞ്ഞു കൊണ്ട് ചെയ്യുന്നതല്ല, പക്ഷെ കുട്ടികളോട് സംസാരിക്കേണ്ട വിഷയങ്ങളല്ല ഇതൊക്കെ. നമ്മളിൽ പലർക്കും ഇതറിയില്ല" ദുരന്തത്തിന് പിന്നാലെ തളർന്നു വീണ മനീഷ് പതിനഞ്ചു ദിവസം ആശൂപത്രിയിലായിരുന്നു. സ്നേഹക്കൂടായിരുന്ന കൊച്ചു കുടുംബത്തിലെ അംഗങ്ങളെല്ലാം മാനസികമായി തകർന്ന കാലം.

"എല്ലാം ഇട്ടെറിഞ്ഞ് മരിക്കാൻ തയ്യാറെടുത്തയാളാണ് ഞാൻ. ആത്മഹത്യാക്കുറിപ്പ് വരെ തയ്യാറാക്കി. പക്ഷെ പിന്നീട് എനിക്കൊരു പുനർവിചിന്തനം ഉണ്ടായി. അവൻ എവിടെയായിരുന്നാലും ഞങ്ങൾ സന്തോഷത്തോടെ ജീവിക്കുന്നതാവില്ലേ അവന്റെയും സന്തോഷം. അങ്ങനെ ജീവിതം തുടരാനുള്ള തീരുമാനത്തിൽ ഞാനെത്തി." ജീവിതത്തിലെ തിരിച്ചടികളെ അതിജീവിക്കാൻ പ്രയാസപ്പെടുന്നവർക്ക് മനീഷും കുടുംബവുമൊരു മാതൃകയാണ്. വീണ്ടും ജോലിയിൽ വ്യാപൃതരായി ദമ്പതികളും പഠനത്തിൽ ശ്രദ്ധിച്ച് മകനും . ശ്രീഹരിയിപ്പോൾ പത്താം ക്ളാസ് പരീക്ഷക്കായി തയ്യാറെടുക്കുകയാണ്. വെയിറ്റ് ലിഫ്റ്റിങ്ങിലും പവർ ലിഫ്റ്റിങ്ങിലും ജില്ലാ മത്സരങ്ങളിൽ വിജയിയായിട്ടുള്ള ശ്രീഹരി പരീക്ഷക്ക് ശേഷം കായിക പരിശീലനത്തിൽ കൂടുതൽ ആക്റ്റീവാകും. മുൻ മിസ് കേരളാ റണ്ണർ അപ്പായ വിദ്യ സെർട്ടിഫൈഡ് ട്രെയ്‌നറാണ്. വിവാഹത്തിന് ശേഷം മനീഷാണ് വിദ്യയെ കായിക ലോകത്തേക്ക് എത്തിച്ചത്.

"ആർക്കും എന്നെ വിളിക്കാം" ജീവിതത്തിലെ രണ്ടാം അധ്യായത്തിൽ മനീഷ് പുതിയൊരു ദൗത്യവും ഏറ്റെടുത്തു. കുട്ടികൾ ആത്മഹത്യ ചെയ്ത വീടുകളിൽ ചെന്ന് മാതാപിതാക്കളെ ആശ്വസിപ്പിക്കുക. "അനുഭവിച്ചവർക്ക് മാത്രം മനസിലാകുന്ന അതിതീവ്രമായ വേദനയാണത്. ആ നഷ്‌ടബോധം ജീവിതാവസാനം വരെ ആളുകൾക്കുണ്ടാകും. പക്ഷെ സമാനമായ സാഹചര്യം നേരിട്ടയാളെന്ന നിലക്ക് എനിക്ക് അവരെ ആശ്വസിപ്പിക്കാനാകും." താൻ പോയ വീടുകളിലെ ദുരന്തങ്ങൾക്കൊക്കെ ഒരു പൊതുവായൊരു പ്രത്യേകത മനീഷ് ചൂണ്ടിക്കാട്ടുന്നു. ഭൂരിഭാഗം കേസുകളിലും ആ കുട്ടിയെ സ്വാധീനിച്ച മറ്റൊരു ആത്മഹത്യ സമീപകാലത്ത് നടന്നിട്ടുണ്ടായിരുന്നു. അതാണ് മുഖ്യ കാരണമെന്നല്ല മനീഷ് പറയുന്നത്. "പഠന സംബന്ധിയായോ കുടുംബപരമായോ എന്തെങ്കിലും പ്രശ്‍നങ്ങൾ അനുഭവിച്ചിരുന്ന കുട്ടിയാകും. അപ്പോൾ ഇങ്ങനെയൊരു സംഭവം ഉണ്ടാകുമ്പോൾ അത് അനുകരിക്കാൻ അവർക്ക് തോന്നിയിരിക്കാം." കേരളത്തിൽ വിവിധയിടങ്ങളിലെ വീടുകൾ മനീഷ് സന്ദർശിച്ചിട്ടുണ്ട്. "ഇത്തരത്തിൽ പ്രശ്‌നം അനുഭവിക്കുന്ന ആർക്കും എന്നെ വിളിക്കാം, ആത്മഹത്യാ ചിന്തയുള്ളവർക്കും. എന്റെ ചെലവിൽ അവരെ പോയി കാണാം, എങ്ങനെ ഇത് അതിജീവിക്കാനാകുമെന്നും ഞാൻ സംസാരിക്കാം," മനീഷ് പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'13 വര്‍ഷത്തെ വേദന മാറി'; എ സുരേഷ് കോണ്‍ഗ്രസ് വേദിയില്‍, വി ഡി സതീശന്‍ ഷാള്‍ അണിയിച്ച് സ്വീകരിച്ചു

നിലയ്ക്കല്‍ അന്നദാന ക്രമക്കേട്: ജെ ജയപ്രകാശിന് സസ്‌പെന്‍ഷന്‍

വയനാട് മെഡിക്കൽ കോളജിലും കണ്ണൂർ ആയുർവേദ കോളജിലും വിവിധ തസ്തികകളിൽ ഒഴിവുകൾ

ആന്റണി രാജുവിന് തിരിച്ചടി, നവകേരള സർവേ ഹൈക്കോടതി റദ്ദാക്കി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

'ആ പൊന്നിന്‍ വെളിച്ചത്തില്‍ കുളിച്ച് നില്‍ക്കുന്നത് കാണാന്‍ എന്തൊരു ഭംഗിയാണെന്നോ?', പെരുമ്പറമ്പ് ശിവക്ഷേത്രത്തില്‍ നിലവിളക്ക് കത്തിച്ച് കെ ടി ജലീല്‍

SCROLL FOR NEXT