ഫയല്‍ ചിത്രം 
Kerala

മേല്‍നോട്ട സമിതി ചെയര്‍മാനെ മാറ്റില്ല; കേരളത്തിന്റെ ആവശ്യം തള്ളി, മുല്ലപ്പെരിയാര്‍ കേസില്‍ വിധി നാളെ

പുതിയ മേല്‍നോട്ട സമിതി വേണമെന്ന് കേരളം കോടതിയില്‍ ആവശ്യപ്പെട്ടു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ കേസില്‍ വിധി പറയുന്നത് സുപ്രീംകോടതി നാളത്തേക്ക് മാറ്റി. പുതിയ മേല്‍നോട്ട സമിതി വേണമെന്ന് കേരളം കോടതിയില്‍ ആവശ്യപ്പെട്ടു. പുതിയ സമിതി വരുന്നതുവരെ നിലവിലെ സമിതി തുടരട്ടെയെന്ന് കോടതി നിലപാടെടുത്തു. മേല്‍നോട്ട സമിതി ചെയര്‍മാനെ മാറ്റണമെന്ന കേരളത്തിന്റെ ആവശ്യം സുപ്രീംകോടതി തള്ളി.നിലവിലെ അംഗങ്ങളില്‍ മാറ്റം വരുത്താന്‍ കഴിയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. സമിതിക്ക് കൂടുതല്‍ അധികാരം നല്‍കിയുള്ള ഉത്തരവ് കോടതി നാളെ പ്രസ്താവിക്കും. 

കേരളവും തമിഴ്‌നാടും വ്യത്യസ്ത ആവശ്യങ്ങള്‍ ഉന്നയിച്ചതോടെയാണ് വിധി പറയാനായി കോടതി നാളത്തേക്ക് മാറ്റിയത്. തടസ്സപ്പെടുത്തലുകള്‍ക്കിടെ വിധി പറയാന്‍ സാധിക്കില്ലെന്ന് ജസ്റ്റിസ് എഎം ഖാന്‍വില്‍ക്കര്‍ പറഞ്ഞു. 

പുതിയ ഡാം സുരക്ഷാ നിയമത്തിന്റെ പരിധിയിലുള്ള ഡാം സേഫ്റ്റി അതോറിറ്റി നിലവില്‍ വരുന്നതു വരെ നിയമത്തിന്റെ പരിധിയില്‍പ്പെട്ട മുഴുവന്‍ ചുമതലകളും മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിക്കു നല്‍കാമെന്ന നിര്‍ദേശം കഴിഞ്ഞദിവസം കേസ് പരിഗണിച്ചപ്പോള്‍ കോടതി മുന്നോട്ടുവെച്ചിരുന്നു.ജസ്റ്റിസുമാരായ എഎം ഖാന്‍വില്‍ക്കര്‍, അഭയ് എസ് ഓഖ, സി ടി രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. കേരളവും തമിഴ്നാടും നിര്‍ദേശിക്കുന്ന ഓരോ സാങ്കേതിക വിദഗ്ധരെ പുതിയ സമിതിയില്‍ ഉള്‍പ്പെടുത്തും. ഇക്കാര്യത്തില്‍ അതാതു ചീഫ് സെക്രട്ടറിമാര്‍ ശുപാര്‍ശ നല്‍കും. 

നിലവില്‍ ഡാമിന്റെ പരിപൂര്‍ണ അധികാരമുള്ള തമിഴ്നാട്, കേരളത്തിന്റെ എല്ലാ ആവശ്യങ്ങളും തിരസ്‌കരിക്കുകയാണു പതിവ്. ജലനിരപ്പ് ഉയരുമ്പോള്‍ ഷട്ടറുകള്‍ തുറക്കുന്നതിലും പെരിയാര്‍ തീരദേശവാസികളുടെ ആശങ്ക പരിഗണിക്കുന്നതിലും തമിഴ്നാട് കേരളത്തെ തുടര്‍ച്ചയായി അവഗണിക്കുകയാണ്. മേല്‍നോട്ട സമിതിക്ക് അധികാരം നല്‍കിയാല്‍ ഇനി സമിതിയായിരിക്കും ഇത്തരം സുരക്ഷാ കാര്യങ്ങളെല്ലാം പരിശോധിച്ച് തീരുമാനമെടുക്കുക.

മേല്‍നോട്ട സമിതിയുടെ നിര്‍ദേശം നടപ്പാക്കുന്നതില്‍ ഇരു സംസ്ഥാനങ്ങളുടെയും ഭാഗത്തു വീഴ്ചയുണ്ടായാല്‍ മേല്‍നോട്ട സമിതിക്കു അപ്പോള്‍ തന്നെ സുപ്രീം കോടതിയെ സമീപിക്കാമെന്നും ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചിരുന്നു. മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിയെ കൂടുതല്‍ ശാക്തീകരിക്കണമെന്നും പ്രവര്‍ത്തനപരിധിയും ചുമതലകളും കൂടുതല്‍ വിപുലീകരിക്കണമെന്ന ആവശ്യവുമായി കോതമംഗലം സ്വദേശി ജോ ജോസഫ് നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ ഇടപെടല്‍.

മേല്‍നോട്ട സമിതിയെ കൂടുതല്‍ വിപുലീകരിക്കണമെന്ന ആവശ്യം കേരള സര്‍ക്കാരും മുന്നോട്ടുവച്ചിരുന്നു. ഈ ആവശ്യത്തെ എതിര്‍ക്കുന്ന നിലപാടായിരുന്നു തമിഴ്നാട് സര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്. നിലവില്‍ മേല്‍നോട്ട സമിതി അണക്കെട്ടില്‍ പരിശോധന നടത്തി നിര്‍ദേശങ്ങള്‍ നല്‍കാറുണ്ടെങ്കിലും തമിഴ്നാട് ഇതു സമയബന്ധിതമായി നടപ്പാക്കാറില്ല. അണക്കെട്ടിന്റെ ദൃഢത, ഘടന സംബന്ധിച്ച കാര്യങ്ങള്‍ ആയതിനാല്‍ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ട വിഷയമാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശ്രീനിയുടെ മൃതദേഹം വീട്ടിലെത്തിച്ചു; ഒരു മണി മുതല്‍ മൂന്ന് മണിവരെ ടൗണ്‍ഹാളില്‍ പൊതുദര്‍ശനം; സംസ്‌കാരം നാളെ

'ഞെട്ടിക്കുന്ന വിയോഗം; ഗംഭീര നടനും നല്ല മനുഷ്യനും'; സഹപാഠിയുടെ വേര്‍പാടില്‍ രജനികാന്ത്

'നീ എന്നെ കരയിപ്പിച്ചു കളഞ്ഞു'; രജനിയെ കുറിച്ച് ശ്രീനിവാസന്‍ അന്ന് പറഞ്ഞത്

ബാങ്ക് ഓഫ് ഇന്ത്യയിൽ 514 ഒഴിവുകൾ; മാനേജ്‌മെന്റ് ഗ്രേഡുകളിൽ ജോലി നേടാം

'നന്ദി ശ്രീനിയേട്ടാ... നിങ്ങള്‍ പകര്‍ന്നു തന്ന ഓരോ ചിരിക്കും ചിന്തയ്ക്കും'

SCROLL FOR NEXT