തിരുവനന്തപുരം: മൂന്നാമത്തെ ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ അറസ്റ്റിലേക്ക് നയിച്ചത് മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ണായക നിര്‍ദേശം. ഏതാനും ദിവസം മുമ്പാണ് വിദേശത്തുള്ള യുവതി പ്രത്യേക അന്വേഷണ സംഘത്തിന് പരാതി നല്‍കുന്നത്. പരാതി ലഭിച്ച എസ്‌ഐടി, കോടതിയില്‍ രഹസ്യമൊഴി രേഖപ്പെടുത്തിയ ശേഷം അറസ്റ്റ് ഉള്‍പ്പെടെയുള്ള അടുത്ത നടപടികളിലേക്ക് കടക്കാമെന്നാണ് കണക്കുകൂട്ടിയിരുന്നത്.
അതിനിടെ, അതിജീവിതയുടെ നിര്‍ണായ ശബ്ദ സന്ദേശം മുഖ്യമന്ത്രിക്ക് ലഭിച്ചു. വളരെ വൈകാരികമായ സന്ദേശമായിരുന്നു അത്. താന്‍ നേരിട്ട ക്രൂരപീഡനങ്ങള്‍ സന്ദേശത്തില്‍ കരഞ്ഞുകൊണ്ട് യുവതി പറയുന്നു. പലവിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ നേരിട്ടു കൊണ്ടാണ്, ലൈംഗിക പീഡനത്തിന് ഇരയാകുന്ന സ്ത്രീകള്‍ പരാതിയുമായി മുന്നോട്ടു വരുന്നത്. ഈ കേസിലും ശക്തമായ നടപടി ഉണ്ടാകാതിരുന്നാല്‍ ഇനിയും രക്ഷപ്പെട്ടു പോകുകയല്ലേ ഇയാള്‍ ചെയ്യുന്നതെന്നും യുവതി ചോദിക്കുന്നു.
പരാതി നല്‍കിയാല്‍ വലിയ ഭവിഷ്യത്ത് നേരിടേണ്ടി വരുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ യുവതിയെ ഭീഷണിപ്പെടുത്തിയിരുന്നു. തുടര്‍ന്നാണ് മുഖ്യമന്ത്രിക്ക് യുവതി ശബ്ദസന്ദേശം അയച്ചത്. ഇനിയും കേസെടുത്ത് നടപടിയുമായി മുന്നോട്ടു പോയില്ലെങ്കില്‍ തന്റെയും തന്റെ കുടുംബത്തിന്റെയും ജീവനു തന്നെ ഭീഷണിയാണെന്നും യുവതി പറഞ്ഞു. ഈ ശബ്ദസന്ദേശം കേട്ട മുഖ്യമന്ത്രി അതിവേഗ നടപടിക്ക് ഡിജിപി വഴി ഡിഐജി ജി പൂങ്കുഴലിക്ക് നിര്‍ദേശം നല്‍കുകയായിരുന്നു.
രാത്രി എട്ടു മണിക്കാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തീരുമാനിച്ചത്. കൊല്ലത്തു നിന്നും പൊലീസ് ഉദ്യോഗസ്ഥരുടെ സംഘത്തെ പാലക്കാട്ടേക്ക് അയക്കാനായിരുന്നു ആദ്യം തീരുമാനിച്ചത്. എന്നാല്‍ കൊല്ലത്തു നിന്നും പൊലീസ് സംഘം പാലക്കാട്ടേക്ക് പോകുമ്പോള്‍ വിവരം ചോരാനുള്ള സാധ്യത കണക്കിലെടുത്ത് ഈ നീക്കം ഉപേക്ഷിച്ചു. തുടര്‍ന്ന് ആലത്തൂര്‍ ഡിവൈഎസ്പിയെ ഡിഐജി പൂങ്കുഴലി നേരിട്ട് ഏല്‍പ്പിക്കുകയായിരുന്നു. വിവരം പുറത്തു പോകാതിരിക്കാന്‍ ഏറ്റവും വിശ്വസ്തരായ ഉദ്യോഗസ്ഥരെ മാത്രമാണ് സംഘത്തില്‍ ഉള്‍പ്പെടുത്തിയത്.
മൂന്നാം ബലാത്സംഗക്കേസിലാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ പൊലീസ് നാടകീയമായി അറസ്റ്റ് ചെയ്തത്. പാലക്കാട്ടെ ഹോട്ടലില്‍ നിന്നും രാത്രി 12.30 ഓടെയാണ് കസ്റ്റഡിയിലെടുത്തത്. പുലര്‍ച്ചെയോടെയാണ് പത്തനംതിട്ട എ ആര്‍ ക്യാംപിലെത്തിച്ചു. തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ ചുമതലയുള്ള ഡിഐജി ജി പൂങ്കുഴലി ഐപിഎസിന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്യല്‍ നടത്തി. ക്രൂരമായ ബലാത്സംഗവും നിര്‍ബന്ധിത ഗര്‍ഭഛിദ്രവും, സാമ്പത്തിക ചൂഷണവുമടക്കം ഗുരുതര ആരോപണങ്ങളുന്നയിച്ച് പത്തനംതിട്ട സ്വദേശിനി ഇ-മെയില്‍ വഴി നല്‍കിയ പരാതിയിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates