കണ്ണൂര്‍: കേരളത്തിന്റെ രാഷ്ട്രീയ ഭാവിയില്‍ കോണ്‍ഗ്രസിന് ഇനി സ്ഥാനമില്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജന്‍. സംസ്ഥാനത്ത് ഇനി ഒരിക്കലും ഒരു കോണ്‍ഗ്രസ് മുഖ്യമന്ത്രി ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി കുപ്പായമിട്ട് നടക്കാമെന്ന കോണ്‍ഗ്രസ് നേതാക്കളുടെ ആഗ്രഹം വെറുതെയാണെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളം ഒരു പുതിയ ദിശയിലേക്ക് സഞ്ചരിക്കുകയാണ്. സംസ്ഥാനം ഒരു പുതിയ നാടായി, രൂപപ്പെടുകയാണ്. കേരളത്തിലെ ജനങ്ങള്‍ ഒന്നാകെ ഈ പുതിയ കേരളത്തിനോടൊപ്പം സഞ്ചരിക്കുകയാണ്. ഐശ്വര്യ സമൃദ്ധമായ പുതിയ കേരളത്തോടൊപ്പമാണ് ജനങ്ങള്‍ നിലകൊള്ളുന്നത്. ഇവിടെ കുറെ ആളുകള്‍ മുഖ്യമന്ത്രിയാകാന്‍ പുറപ്പെട്ടിട്ടുണ്ട്. ആര് മുഖ്യമന്ത്രിയാവാന്‍ പുറപ്പെട്ടാലും കേരളത്തില്‍ അവര്‍ ആരും ഇനി മുഖ്യമന്ത്രിയാകാന്‍ പോകുന്നില്ല. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ഇനി കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ ഉണ്ടാകില്ലെന്നും ഇ പി പറഞ്ഞു.
നിലവിലെ സാഹചര്യങ്ങള്‍ മുതലെടുത്ത് മുന്നണിയെ ദുര്‍ബലപ്പെടുത്താന്‍ സാധിക്കുമെന്നോ, പാര്‍ട്ടിക്കകത്ത് കുഴപ്പം ഉണ്ടാക്കാന്‍ സാധിക്കുമെന്നോ ഇടതുപക്ഷ വിരോധികള്‍ ധരിക്കുന്നുണ്ടെങ്കില്‍ അത് കേരളത്തില്‍ നടപ്പിലാകാന്‍ പോകുന്നില്ല. കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പിഎം ശ്രീ ഉള്‍പ്പെടെയുള്ള വിഷയങ്ങളെ ചൊല്ലി മുന്നണിയില്‍ വ്യത്യസ്തമായ അഭിപ്രായങ്ങള്‍ ഉണ്ടെങ്കില്‍ ചര്‍ച്ച ചെയ്ത് ഐക്യത്തോടെ മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
കേന്ദ്ര ആവിഷ്‌കൃത പദ്ധതികളെല്ലാം പൊതുവായി ചര്‍ച്ച ചെയ്ത്, കേരളത്തിന്റെ താല്‍പ്പര്യങ്ങളും കേരളത്തിലെ ജനതയുടെ താല്‍പ്പര്യങ്ങളും സംരക്ഷിച്ചുകൊണ്ട് ഒരു നിലപാട് സ്വീകരിച്ച് പ്രവര്‍ത്തിക്കുന്ന ഗവണ്‍മെന്റാണ് ഇവിടെയുള്ളത്. ഏതെങ്കിലും ഒരു വിഷയത്തെക്കുറിച്ച് മുന്നണിയിലെ ഘടക പാര്‍ട്ടികള്‍ക്കോ മറ്റുള്ളവര്‍ക്കോ അഭിപ്രായങ്ങള്‍ ഉണ്ടെങ്കില്‍, ആ അഭിപ്രായങ്ങള്‍ പറയുകയും ചര്‍ച്ച ചെയ്ത് പരിഹരിക്കുകയും ചെയ്യും.
ആര്‍എസ്എസിന്റെ അജണ്ട നടപ്പിലാക്കാന്‍ കേരളത്തില്‍ ഇടതുപക്ഷ ഗവണ്‍മെന്റ് സമ്മതിക്കില്ല. ഇവിടെ കേരളത്തിന്റെ താല്‍പ്പര്യം സംരക്ഷിക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ച് ഗവണ്‍മെന്റ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. പി എം ശ്രീ പദ്ധതിയില്‍ സിപിഐക്ക് അവ്യക്തത ഉണ്ടോ എന്ന കാര്യം അറിയില്ലെന്നും ചര്‍ച്ച ചെയ്ത് മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
താമരശേരിയിലെ അറവുമാലിന്യ സംസ്‌കരണ പ്ലാന്റായ ഫ്രഷ് കട്ടിനെതിരെയുള്ള സമരത്തില്‍ നുഴഞ്ഞു കയറ്റക്കാരെന്നും ഇ പി ജയരാജന്‍ പറഞ്ഞു. നുഴഞ്ഞുകയറിയവരുണ്ടാക്കിയ ആസൂത്രിത ആക്രമണമാണ് കോഴിക്കോട് കട്ടിപ്പാറയില്‍ നടന്നത്. അക്രമി സംഘത്തില്‍ ഡിവൈഎഫ്‌ഐക്കാരുണ്ടെങ്കില്‍ അവര്‍ക്കെതിരെയും നടപടി വേണമെന്നും ജയരാജന്‍ പറഞ്ഞു. സമരം ചെയ്തവര്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടി എടുക്കണമെന്നും ഇ പി ജയരാജന്‍ ആവശ്യപ്പെട്ടു. ഡിവൈഎഫ്ഐ നേതാവിനെ ഒന്നാം പ്രതിയാക്കിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പി എം ശ്രീ പദ്ധതിയില്‍ സിപിഐക്ക് അവ്യക്തതയുണ്ടോയെന്ന അറിയില്ല. കാര്യങ്ങള്‍ മുന്നണിയില്‍ ചര്‍ച്ച ചെയ്തു മുന്നോട്ടു പോകും. ഓരോ പാര്‍ട്ടിക്കും വ്യക്തമായ നിലപാടുകള്‍ ഉണ്ടാകാം, അഭിപ്രായ വ്യത്യാസങ്ങള്‍ ചര്‍ച്ച ചെയ്യും. ഇടതുമുന്നണി സുശക്തമാണ്. മുന്നണിയെ ദുര്‍ബലപ്പെടുത്താമെന്ന് ആരും കരുതേണ്ടെന്നും ഇ പി ജയരാജന്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates