തിരുവനന്തപുരം: കുഞ്ഞനുജനെ ഉൾപ്പെടെ അഫാൻ കൂട്ടക്കൊല ചെയ്തെന്ന് വിശ്വസിക്കാനാവാതെ നാട്ടുകാർ. പിതാവ് വിദേശത്തായതിനാൽ കരുതലോടെയാണ് അഫാൻ കുഞ്ഞനുജൻ അഹ്സാനെ സ്നേഹിച്ചിരുന്നത്. അഹ്സാന്റെ പഠനകാര്യത്തിലുൾപ്പെടെ അഫാൻ ശ്രദ്ധിച്ചിരുന്നു. അമ്മയുടെ അസുഖവും കുടുബത്തിന്റെ കടബാധ്യതയും തന്റെ അനുജനെ ബാധിക്കാതിരിക്കാൻ അഫാൻ ശ്രദ്ധിച്ചിരുന്നു. ഏറെ സ്നേഹിച്ചിരുന്ന കുഞ്ഞനുജനെ ഉൾപ്പെടെ വധിക്കാൻ അഫാനെ പ്രേരിപ്പിച്ചതെന്താണെന്ന് മനസിലാവാതെ നടുങ്ങിയിരിക്കുകയാണ് നാട്ടുകാർ.
അഹ്സാനെ ചേർത്തിരുത്തി അഫാൻ ബൈക്ക് ഓടിച്ചു പോകുന്നത് സ്ഥിരമായി കണ്ടിരുന്നവരാണ് പേരുമല ആർച്ച് ജംക്‌ഷനിലെ നിവാസികൾ. ഇരുവരും തമ്മിൽ പത്തു വയസ്സ് വ്യത്യാസമുണ്ട്. കൊലപാതകത്തിനു മുൻപ് അനുജനെ ഹോട്ടലിൽ കൂട്ടിക്കൊണ്ടു പോയി കുഴിമന്തി വാങ്ങി നൽകി. അതിന്റെ അവശിഷ്ടങ്ങളും ശീതളപാനിയവും വീടിന്റെ വരാന്തയിലെ കസേരയിലുണ്ട്. അഹ്സാൻ മുഴുവൻ കഴിക്കാത്തതു കൊണ്ട് പാഴ്സലാക്കി കൊണ്ടുവന്നതാണോ അതോ അമ്മ ഷമിക്ക് കഴിക്കാൻ കൊണ്ടുവന്നതാണോയെന്ന് വ്യക്തമല്ല. അഫാനെ കൂടുതൽ ചോദ്യം ചെയ്താൽ മാത്രമേ ഇക്കാര്യങ്ങളിൽ വ്യക്തതയുണ്ടാകു.
കൊലപാതകങ്ങൾ എല്ലാം രാവിലെ 10.30നും വൈകീട്ട് നാലുമണിക്കും ഇടയിൽ
വെഞ്ഞാറമൂട്ടിലെ അഫാന്റെ കൊലപാതകങ്ങൾ എല്ലാം തിങ്കളാഴ്ച രാവിലെ 10.30നും വൈകീട്ട് നാലുമണിക്കും ഇടയിലാണ് നടന്നതെന്നും പൊലീസ് പറയുന്നു. രാവിലെ 10.30ന് പേരുമലയിലെ വീട്ടിൽ വച്ച് അമ്മ ഷമിയെ കഴുത്തിൽ ഷാൾ കുരുക്കി നിലത്തടിച്ചു. ഉച്ചയ്ക്ക് 1.15നാണ് മുത്തശി സൽമാബീവിയെ കൊലപ്പെടുത്തിയത്. പേരുമലയിലെ അഫാന്റെ വീട്ടിൽ നിന്ന് 25 കിലോമീറ്റർ അകലെയുള്ള കല്ലറ പാങ്ങോട് സൽമാബീവിയുടെ വീട്ടിൽ വച്ചായിരുന്നു കൊലപാതകം. പോകുംവഴി ചുറ്റിക വാങ്ങിയാണ് പ്രതി സൽമാബീവിയുടെ വീട്ടിലേക്ക് പോയത്. എന്നാൽ സൽമാബീവിയെ മരിച്ചനിലയിൽ കണ്ടത് വൈകീട്ട് 4.30ന് ആണ്.
അതിനിടെ ഉച്ചയ്ക്ക് മൂന്നിനാണ് പിതൃസഹോദരൻ ലത്തീഫിനെ പുല്ലമ്പാറ എസ്എൻ പുരത്തെ വീട്ടിൽ വച്ച് ആക്രമിച്ചത്. ലത്തീഫിന്റെ ഭാര്യ സജിതാബീവിയെ അടുക്കയിൽ വച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. അഫാന്റെ പേരുമലയിലെ വീട്ടിൽ നിന്ന് 9 കിലോമീറ്റർ അകലെയാണ് ലത്തീഫ് താമസിക്കുന്നത്.
വൈകീട്ട് നാലുമണിക്ക് തിരിച്ചു വീട്ടിൽ എത്തിയാണ് സഹോദരൻ അഫ്‌സാനെയും പെൺസുഹൃത്ത് ഫർസാനയെയും കൊലപ്പെടുത്തിയത്. ഗുരുതരമായി പരിക്കേറ്റ അമ്മ ഷമി ആശുപത്രിയിൽ ചികിത്സയിലാണ്. വൈകീട്ട് ആറുമണിയോടെ വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിലെത്തി പ്രതി തന്നെയാണ് കൊലപാതക വിവരം പൊലീസിനെ അറിയിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates