തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തഭൂമിയിൽ മൃതദേഹങ്ങൾക്കായുള്ള തെരച്ചിൽ നയിച്ചത് കഡാവർ നായകളായ മർഫിയും മായയും ഏയ്ഞ്ചലും ചേർന്നാണ്. ബൽജിയൻ മലെന്വ ഇനത്തിൽപെട്ടവയാണ് മൂന്ന് പേരും. സ്ഫോടനത്തിൽ ചിതറിത്തെറിച്ച മൃതദേഹങ്ങളുടെ ഭാഗങ്ങൾ മൂവരും ചേർന്ന് കണ്ടെത്തി.
വെടിക്കെട്ട് ദുരന്ത മേഖലയിൽ ആദ്യമായാണ് കഡാവർ നായകളെ ഉപയോഗിക്കുന്നത്. മായയും മർഫിയും കൊച്ചി സിറ്റി കെ9 സ്ക്വാഡിൽ നിന്നാണ് എത്തിയത്. ഏയ്ഞ്ചൽ ഇടുക്കിയിൽ നിന്നാണ് വരുന്നത്. ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടൽ മേഖലയിലും മൃതദേഹങ്ങൾ കണ്ടെത്താൻ ഇവയുടെ സേവനം തേടിയിരുന്നു.
പല ദൗത്യങ്ങൾക്കായി നായകളെ പരിശീലിപ്പിച്ചെടുക്കാറുണ്ട്. കൊലപാതകം, മോഷണം തെളിയിക്കാൻ ട്രാക്കർ നായ്ക്കൾ, സ്നിഫർ നായകൾ എന്ന പോലെ മണ്ണിനടിയിലും കെട്ടിടാവശിഷ്ടങ്ങൾക്കിടയിലും കുടുങ്ങിയ മൃതദേഹങ്ങൾ പ്രത്യേക പരിശീലനത്തിലൂടെ മണം പിടിച്ചു കണ്ടെത്താൻ കഴിവുളളവയാണ് കഡാവർ നായകൾ.
ഒരു ശവശരീരം ജീർണിക്കുമ്പോൾ 400ൽ കൂടുതൽ രാസ സംയുക്തങ്ങൾ ഉണ്ടാകുന്നു. അതിൽ പ്യൂട്രിസ്റ്റിന്റെയും കഡാവറെനിന്റെയും മണങ്ങൾ വർഷങ്ങളോളം ശവശരീരം മറവ് ചെയ്ത സ്ഥലങ്ങളിൽ തങ്ങി നിൽക്കുന്നു. അത് മണത്തെടുക്കുക എന്നത് കഡാവർ നായകൾക്ക് വളരെ ലാഘവത്തോടെ ചെയ്യാൻ പറ്റുന്ന കാര്യമാണ്. ഇവർ ഹ്യൂമൻ റിമെയ്ൻസ് ഡിറ്റക്ഷൻ നായ്ക്ക(HRD)ളെന്നും അറിയപ്പെടുന്നു.
മനുഷ്യാവശിഷ്ടം ഉണ്ടെന്ന് മനസ്സിലാക്കിക്കഴിഞ്ഞാൽ ട്രാക്കർ നായ്ക്കൾ ചെയ്യുന്നത് പോലെ കുരച്ച് സൂചന തരികയൊ അല്ലെങ്കിൽ ആ സ്ഥലത്ത് ഇരുന്നോ കിടന്നോ സൂചന തരികയൊ ചെയ്യുന്നു. പൊതുവേ ഉള്ള ധാരണ അനുസരിച്ച് ശരീരം കത്തി ചാരമാകുന്നതോടെ ആ വ്യക്തിയെ സംബന്ധിച്ച എല്ലാ മണങ്ങളും അവസാനിക്കുന്നു എന്ന ധാരണയും അവരുടെ അസാമാന്യ ഘ്രാണശക്തിക്ക് മുന്നിൽ അടിയറവ് പറയുന്നു. കഡാവർ നായ്ക്കൾ ചാരങ്ങളിൽ നിന്നും തെളിവുകൾ നൽകുന്നു.
ബൽജിയൻ മലെന്വ, ലാബ്രഡോർ, ജർമൻ ഷെപ്പേഡ് എന്നീ ഇനത്തിൽപെട്ടവയാണ് മികച്ചത്. ബൽജിയൻ മലെന്വ വെള്ളത്തിനടിയിൽ നിന്ന് വരെ മൃതദേഹങ്ങളുടെ മണം പിടിച്ചെടുക്കാറുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates