തിരുവനന്തപുരം: വര്‍ക്കലയില്‍ വറ്റ മത്സ്യം കഴിച്ച 32 പേര്‍ക്ക് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടതായി പരാതി. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. 32 പേരും വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. ഇതിന് പിന്നാലെ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആരോഗ്യവകുപ്പ് അധികൃതര്‍ നല്‍കിയ നിര്‍ദേശത്തെ തുടര്‍ന്ന് വെട്ടൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍ വറ്റ മത്സ്യത്തിന്റെ വില്‍പ്പന തടഞ്ഞു. അതേസമയം സംഭവത്തിന് പിന്നാലെ കടല്‍ജീവികളില്‍ നിന്നുള്ള വിഷബാധയെ കുറിച്ചുള്ള ആശങ്ക വര്‍ധിച്ചിട്ടുണ്ട്.
തീരദേശ മേഖലയില്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി വറ്റ മത്സ്യത്തിന്റെ ചാകരയുണ്ടായിരുന്നു. തുടര്‍ന്ന് വിപണിയില്‍ നിന്നും മത്സ്യം വാങ്ങി ഉപയോഗിച്ച ചിലര്‍ക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതെന്ന് വര്‍ക്കല നഗരസഭ ചെയര്‍പേഴ്‌സണ്‍ ഗീത ഹേമചന്ദ്രന്‍ പറഞ്ഞു. മത്സ്യം വാങ്ങുമ്പോള്‍ അതീവ ജാഗ്രത പാലിക്കണമെന്നും ഭക്ഷ്യയോഗ്യമായ മത്സ്യങ്ങള്‍ മാത്രമേ വാങ്ങി ഉപയോഗിക്കാവൂ എന്നും കര്‍ശന ജാഗ്രത പുലര്‍ത്തണമെന്നും നഗരസഭ പുറത്തിറക്കിയ ജാഗ്രതാ നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.
വര്‍ക്കല പൊലീസിന്റെ സഹായത്തോടെ ആരോഗ്യവകുപ്പും ഗ്രാമപഞ്ചായത്ത് അധികൃതരും ചേര്‍ന്ന് പുത്തന്‍ചന്ത, മരക്കടമുക്ക്, അയന്തി തുടങ്ങിയ പ്രദേശങ്ങളില്‍ പരിശോധിച്ചു. ഇരുപത് മുതല്‍ ഇരുപത്തി അഞ്ച് കിലോ വരെ തൂക്കമുള്ള വലിയ വറ്റ മത്സ്യങ്ങളുടെ വില്‍പ്പനയാണ് തടഞ്ഞത്. ആദ്യഘട്ടത്തില്‍ വ്യാപാരികള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചെങ്കിലും ഉദ്യോഗസ്ഥര്‍ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയതോടെ വില്‍പ്പന നിര്‍ത്തി. മത്സ്യം കഴിച്ചവര്‍ക്കുണ്ടായ ശാരീരിക ബുദ്ധിമുട്ടിന്റെ യഥാര്‍ഥ കാരണം വിശദമായ പരിശോധനയിലൂടെ സ്ഥിരീകരിക്കുമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.
കടല്‍ ജീവികളില്‍ നിന്നുള്ള വിഷബാധയോ?
വര്‍ക്കല സംഭവത്തില്‍ സിഗ്വാറെറ്റ ( Ciguatera) വിഷബാധയ്ക്ക് സാധ്യതയെന്ന് കുഫോസ് (ഫിഷറീസ് സര്‍വകലാശാല) വൈസ് ചാന്‍സലര്‍ എ ബിജു കുമാര്‍. എന്നാല്‍ ലബോറട്ടി പരിശോധനകളിലൂടെ മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാന്‍ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു.
ഈ വിഷത്തിന് നിറമോ, മണമോ, രുചിയോ ഉണ്ടാവില്ല. പാചകം ചെയ്താലും നശിച്ചുപോകില്ല. ഒരേ മീന്‍ കഴിച്ചവരില്‍ എല്ലാവര്‍ക്കും അസുഖം വരണമെന്നില്ല. മീനില്‍ വിഷം എല്ലായിടത്തും ഒരേ അളവിലായിരിക്കില്ല എന്നതും ഓരോരുത്തരും കഴിക്കുന്ന അളവ് വ്യത്യസ്തമായിരിക്കും എന്നതുമാണ് ഇതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.
യഥാര്‍ഥ കാരണം കണ്ടെത്തുന്നതിന് കഴിച്ച മീന്‍ ഏത് ഇനമാണെന്നും തിരിച്ചറിയുകയും അതില്‍ സിഗ്വാടോക്‌സിന്‍ (ciguatoxin) ഉണ്ടോ എന്ന് പരിശോധിക്കുകയും വേണം. വറ്റ മത്സ്യത്തിന്റെ തല, കരള്‍, ആന്തരിക അവയവങ്ങള്‍, മുട്ട എന്നിവ കഴിക്കുന്നതും ഒഴിവാക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. കടല്‍ ജലത്തില്‍ വിഷം ഉല്‍പ്പാദിപ്പിക്കുന്ന സൂക്ഷ്മജീവികളെ നിരീക്ഷിക്കാന്‍ ചിട്ടയായ സംവിധാനം വേണം. കൂടാതെ അപകടസാധ്യതയുള്ള മത്സ്യങ്ങളെ മത്സ്യബന്ധന കേന്ദ്രങ്ങളിലും വിപണികളിലും വെച്ച് പരിശോധിക്കാനുള്ള സംവിധാനവും ഒരുക്കണമെന്നും ബിജു കുമാര്‍ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates