തിരുവനന്തപുരം: തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് നിർമ്മാണശാലയിലുണ്ടായ അപകടത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് 14 ലക്ഷംരൂപ വീതം ധനസഹായം നൽകാൻ സർക്കാർ തീരുമാനം. മന്ത്രിസഭായോഗത്തിന് ശേഷം മുഖ്യമന്ത്രി വിഡി സതീശനാണ് ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനത്ത് ജൂൺ 10 മുതൽ ജൂലായ് 31 വരെ 52 ദിവസം ട്രോളിങ് നിരോധനം ഏർപ്പെടുത്താനും മന്ത്രിസഭായോഗം തീരുമാനിച്ചു.
സംസ്ഥാനത്ത് നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന പ്രശ്‌നങ്ങൾ പരിഹരിച്ചു. കർഷകർക്ക് എത്രയും പെട്ടെന്ന് പണം നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മുൻ സർക്കാരിന്റെ കാലത്ത് വിവിധ വകുപ്പുകൾക്ക് കീഴിലുള്ള ബോർഡുകളിലും കോർപ്പറേഷനുകളിലും നിയമിതരായി ഇപ്പോഴും തുടരുന്ന ചെയർമാൻമാർ, വൈസ് ചെയർമാൻമാർ എന്നിവരെ സ്ഥാനങ്ങളിൽ നിന്ന് നിയമാനുസൃതമായി മാറ്റും.
ഇതിനുള്ള സ്വതന്ത്ര നടപടികൾ സ്വീകരിക്കും. ഈ ഒഴിവുകളിലേക്ക് പിന്നീട് പുതിയ നിയമനങ്ങൾ നടത്തുമെന്നും മുഖ്യമന്ത്രി വിഡി സതീശൻ അറിയിച്ചു. എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ. അന്വേഷണം നടത്താൻ കേന്ദ്രസർക്കാരിനോട് ശുപാർശ ചെയ്യും. നവീൻ ബാബുവിന്റെ മകൾക്ക് പ്രത്യേക കേസായി പരിഗണിച്ച് ആശ്രിതനിയമനം നൽകാൻ റവന്യൂ വകുപ്പിന് മന്ത്രിസഭ നിർദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates