മലപ്പുറം: കേരള യുക്തിവാദി സംഘം മുൻ സംസ്ഥാന അധ്യക്ഷൻ യു കലാനാഥൻ അന്തരിച്ചു. അദ്ദേഹത്തിനു 84 വയസായിരുന്നു. ഇന്നലെ രാത്രി 11.10നാണ് അന്ത്യം. വള്ളിക്കുന്ന് പഞ്ചായത്ത് പ്രസിഡന്റായിരുന്നു. മരണാനന്തരം കണ്ണും ശരീരവും കോഴിക്കോട് മെഡിക്കൽ കോളജിനു ദാനം ചെയ്യാൻ എഴുതി വച്ചിരുന്നു. മൃതദേഹം മെഡിക്കൽ കോളജിനു കൈമാറും.
കേരളത്തിലെ യുക്തി വാദ പ്രസ്ഥാനത്തിന്‍റെ അമരക്കാരിൽ ഒരാളായിരുന്നു. ജനകീയാസൂത്രണ പദ്ധതി കാലത്ത് ഏറ്റവും നല്ല ഗ്രാമ പഞ്ചായത്തിനുള്ള ആദ്യത്തെ സ്വരാജ് സംസ്ഥാന അവാർഡ് വള്ളിക്കുന്നിനു ലഭിച്ചത് അദ്ദേഹം പഞ്ചായത്ത് പ്രസിഡന്‍റായിരുന്നപ്പോഴാണ്. 1979 മുതൽ 84 വരെ പ്രസിഡന്‍റായിരുന്നു. 1995 മുതൽ 2000 വരെ അദ്ദേഹം പഞ്ചായത്തംഗമായും പ്രവർത്തിച്ചു.
ഏറ്റവും നല്ല ഊർജ്ജ സംരക്ഷണ പ്രൊജക്ടിനുള്ള അവാർഡ്, ഏറ്റവും മികച്ച ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിനുള്ള ഭാരത് സേവക് അവാർഡ്, സമഗ്ര സംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം, യുക്തി വിചാരം പുരസ്കാരം, വിടി മെമ്മോറിയൽ അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങളും നേടി.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഗുരുവായൂർ ക്ഷേത്രത്തിൽ കൊടിമരം സ്വർണം പൂശുന്നതിനെതിരെ 1977ൽ കേരള യുക്തിവാദി സംഘം നടത്തിയ സമരത്തിനു കലാനാഥനാണ് നേതൃത്വം നൽകിയത്. 1981ൽ ശബരിമലയിൽ മകരവിളക്ക് മനുഷ്യർ കത്തിക്കുന്നത് തെളിയിക്കാനും 1989ൽ കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ കോഴി ബലി അവസാനിപ്പിക്കാനും നിയമ പോരാട്ടം നടത്തി വിജയിച്ചു.
1968ൽ സിപിഎമ്മിൽ അംഗമായി. 70 മുതൽ 84 വരെ സിപിഎം വള്ളിക്കുന്ന് ലോക്കൽ കമ്മിറ്റി അംഗമായിരുന്നു. കേരള യുക്തിവാദി സംഘം കോഴിക്കോട് ജില്ലാ ഓർഗനൈസിങ് സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ്, ജനറൽ സെക്രട്ടറി, ഫെഡറേഷൻ ഓഫ് ഇന്ത്യൻ റാഷനലിസ്റ്റ് അസോസിയേഷൻ ദേശീയ സെക്രട്ടറി സ്ഥാനങ്ങളിലും പ്രവർത്തിച്ചു. സിപിഐയിലും അംഗമായിരുന്നു. 1984ൽ സിപിഎം അംഗത്വം ഉപേക്ഷിച്ചു.
കാലിക്കറ്റ് സർവകലാശാല സെനറ്റ് അംഗം, തിരൂരങ്ങാടി ബ്ലോക്ക് വികസന സമിതി വൈസ് ചെയർമാർ, പരപ്പനങ്ങാടി എകെജി ആശുപത്രി ഡയറക്ടർ, കടലുണ്ടി- വള്ളിക്കുന്ന് കമ്മ്യൂണിറ്റി റിസർവ് മാനേജ്മെന്റ് കമ്മിറ്റി അംഗം, പരോഗമന കലാ സാഹിത്യ സംഘം കോഴിക്കോട് ജില്ലാ എക്സിക്യൂട്ടീവ് അംഗം, ദേശാഭിമാനി സ്റ്റഡി സർക്കിൾ, ശാസ്ത്ര സാഹിത്യ പരിഷത്ത്, പ്രോഗ്രസീവ് ഫോറം തുടങ്ങിയ സംഘടനകളിൽ പ്രവർത്തിച്ചു.
1940ലാണ് ജനിച്ചത്. മലപ്പുറം ജില്ലയിലെ വള്ളിക്കുന്നിൽ ഉള്ളിശ്ശേരി തെയ്യൻ വൈദ്യർ- യു കോച്ചി അമ്മ ദമ്പതികളുടെ മകനാണ്. വള്ളിക്കുന്ന് നേറ്റീവ് എയുപി സ്കൂൾ, ഫറോക്ക് ഗവ. ഗണപത് ഹൈസ്ക്കൂൾ, ഫാറൂഖ് കോളജ്, ഫാറൂഖ് ബിഎഡ് ട്രെയിനിങ് കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. 1965 മുതൽ ചാലിയം ഇമ്പിച്ചി ഹാജി ഹൈസ്ക്കൂളിൽ അധ്യാപകനായിരുന്നു. 1995ൽ അധ്യാപക ജോലിയിൽ നിന്നു സ്വയം വിരമിച്ചു.
ആത്മാവ് സങ്കൽപമോ യാഥാർത്ഥ്യമോ? ജ്യോത്സ്യം ശാസ്ത്രമോ ശാസ്ത്രാഭാസമോ? മതം സാമൂഹ്യ പുരോഗതിയുടെ ശത്രു, ഇസ്ലാം മതവും യുക്തിവാദവും, ജീവ പരിണാമം, മതനിരപേക്ഷതയും ഏക സിവിൽകോഡും എന്നീ കൃതികൾ രചിച്ചിട്ടുണ്ട്. കോവൂർ ട്രസ്റ്റ് പ്രസിദ്ധീകരിച്ച യുക്തിദർശനത്തിന്റെയും യുക്തിരേഖയുടെയും ചീഫ് എഡിറ്ററായിരുന്നു. നിരവധി പ്രബന്ധങ്ങൾ രചിച്ചു.
സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം കണ്ണൂർ പെരളശ്ശേരി സ്വദേശിയായ എംകെ ശോഭനയെ ജീവിത പങ്കാളിയാക്കി. ഷമീർ ഏക മകൻ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates