മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മുന്‍ രാജ്യാന്തര ഫുട്‌ബോളറും കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റുമായ യു ഷറഫലി ( U Sharafali ) ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായേക്കും. ഷറഫലിയുടെ പേരിനാണ് മുന്‍തൂക്കമെന്നാണ് സൂചന. എല്‍ഡിഎഫ് ( LDF ) സ്ഥാനാര്‍ത്ഥിയെ നാളെ പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫറഫലിക്ക് പുറമേ, ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് പി ഷബീര്‍, ജില്ലാ പഞ്ചായത്ത് അംഗം ഷെറോണ റോയ് തുടങ്ങിയവരുടെ പേരുകളും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. സിപിഎമ്മും എല്‍ഡിഎഫും സ്ഥാനാര്‍ത്ഥി സംബന്ധിച്ച് വിവിധ തലങ്ങളില്‍ കൂടിയാലോചനകള്‍ തുടരുകയാണ്.
സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് യുഡിഎഫിലെ സ്ഥിതിഗതികളും ഇടതുമുന്നണി നിരീക്ഷിക്കുന്നുണ്ട്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചശേഷം അക്കാര്യം കൂടി പരിഗണിച്ചാകും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുക. പാലക്കാട് മാതൃകയില്‍ യുഡിഎഫില്‍ നിന്നും ആരെയെങ്കിലും ലഭിച്ചാല്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. മത്സരിക്കുന്നത് സംബന്ധിച്ച് പാര്‍ട്ടി തലത്തില്‍ ഔദ്യോഗികമായി തന്നോടാരും സംസാരിച്ചിട്ടില്ലെന്ന് യു ഷറഫലി ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. തന്നോടാരും പറഞ്ഞിട്ടില്ല. പാര്‍ട്ടി അത്തരമൊരു നിര്‍ദേശം മുന്നോട്ടുവെച്ചാല്‍ അപ്പോള്‍ തീരുമാനം അറിയിക്കുമെന്നും ഷറഫലി പറഞ്ഞു.
നിലമ്പൂരില്‍ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി മത്സരിക്കുന്നതിനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം വി പി സാനു പറഞ്ഞു. അതേസമയം പാര്‍ട്ടി ചിഹ്നത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മത്സരിക്കണമെന്ന അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്. യുഡിഎഫില്‍ അന്തരിച്ച മുന്‍മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ മകനും കെപിസിസി സെക്രട്ടറിയുമായ ആര്യാടന്‍ ഷൗക്കത്ത് സ്ഥാനാര്‍ത്ഥിയായേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഷൗക്കത്തിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ മുതിര്‍ന്ന നേതാക്കള്‍ക്ക് എതിര്‍പ്പില്ലെന്നാണ് സൂചന.
ഡിസിസി പ്രസിഡന്റ് വി പി ജോയിക്ക് സീറ്റ് നല്‍കിയാല്‍, വരുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ നിലമ്പൂരില്‍ പാര്‍ട്ടിയുടെ സാധ്യതകള്‍ക്ക് തിരിച്ചടിയായേക്കുമെന്ന് പാര്‍ട്ടിക്ക് ഭയമുണ്ടെന്ന്, പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു യുവ കോണ്‍ഗ്രസ് നേതാവ് ദി ന്യൂ ഇന്ത്യന്‍ എക്‌സപ്രസിനോട് വെളിപ്പെടുത്തി. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. എല്ലാവരുമായും കൂടിയാലോചിച്ച ശേഷം അന്തിമ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തും. സ്ഥാനാര്‍ത്ഥിയെ തിങ്കളാഴ്ച പ്രഖ്യാപിക്കുമെന്നും സണ്ണി ജോസഫ് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.
അതേസമയം നിലമ്പൂരിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം യുഡിഎഫിന് കീറാമുട്ടിയാകുകയാണ്. ആര്യാടന്‍ ഷൗക്കത്തിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ ഡിസിസി പ്രസിഡന്റ് വി എസ് ജോയി വിഭാഗത്തിനും പി വി അന്‍വറിനും കടുത്ത അതൃപ്തിയുണ്ട്. പി വി അന്‍വര്‍ അതൃപ്തി പരോക്ഷമായി സൂചിപ്പിക്കുകയും ചെയ്തിട്ടുണ്ട്. സ്ഥാനാര്‍ത്ഥിത്വത്തിലേക്ക് പരിഗണിക്കാത്തതില്‍ വി എസ് ജോയി പക്ഷം കോണ്‍ഗ്രസ് നേതാക്കളെ കടുത്ത അമര്‍ഷം അറിയിച്ചിട്ടുണ്ട്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കട്ടെ അപ്പോള്‍ തീരുമാനം പറയാമെന്ന് പി വി അന്‍വര്‍ പറഞ്ഞു.
ആരെയെങ്കിലും എംഎല്‍എ ആക്കാനല്ല താന്‍ രാജിവെച്ചത്. എട്ടൊമ്പതു മാസം കഴിഞ്ഞാല്‍ 140 മണ്ഡലം വേക്കന്റാണ്. സ്ഥാനമോഹികള്‍ക്ക് മത്സരിക്കണമെങ്കില്‍ ഇഷ്ടം പോലെ സ്ഥലവും സൗകര്യവുമുണ്ട്. മത്സരിക്കുക എന്നതിന് അപ്പുറം പിണറായിയെ തോല്‍പ്പിക്കുക എന്നതാണ് ദൗത്യം. നിലമ്പൂരില്‍ ക്രിസ്ത്യന്‍ സ്ഥാനാര്‍ത്ഥിയാണ് വേണ്ടത്. പത്തിരുപത് ശതമാനം ക്രിസ്ത്യാനികളുള്ള മണ്ഡലമാണിത്. നിലമ്പൂരില്‍ ജയിക്കുന്ന സ്ഥാനാര്‍ത്ഥിയെയാണ് നിര്‍ത്തേണ്ടത്. എല്ലാ വിഭാഗത്തിന്റേയും പിന്തുണ ലഭിക്കുന്ന നേതാവിനെ നിര്‍ത്തണം. ആലോചിച്ചുള്ള വളരെ നല്ല തീരുമാനം യുഡിഎഫില്‍ നിന്നും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പി വി അന്‍വര്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates