യുഡിഎഫ് സ്ഥാനാർഥി എൽസി ജോർജ് 
Kerala

എറണാകുളത്ത് യുഡിഎഫിന് വന്‍ തിരിച്ചടി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ പത്രിക തള്ളി; ഡമ്മി ഇല്ല

എറണാകുളം ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വന്‍ തിരിച്ചടി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: എറണാകുളം ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വന്‍ തിരിച്ചടി. ജില്ലാ പഞ്ചായത്ത് കടമക്കുടി ഡിവിഷനിലെ യുഡിഎഫ് സ്ഥാനാര്‍ഥി എല്‍സി ജോര്‍ജിന്റെ പത്രിക തള്ളി. നിലവില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായ എല്‍സി ജോര്‍ജിന്റെ പത്രിക പൂരിപ്പിച്ചതിലെ പിഴവാണ് തള്ളാന്‍ കാരണം. ഇവിടെ യുഡിഎഫിന് ഡമ്മി സ്ഥാനാര്‍ഥി പോലും ഇല്ല.

നാമനിര്‍ദേശ പത്രിക പൂരിപ്പിക്കുമ്പോള്‍ മൂന്ന് പേര്‍ പിന്താങ്ങണം എന്നാണ് വ്യവസ്ഥ. പിന്താങ്ങുന്നവര്‍ ബന്ധപ്പെട്ട ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ നിന്നുള്ളവരായിരിക്കുകയും വേണം. എന്നാല്‍ എല്‍സി ജോര്‍ജിന്റെ പത്രികയില്‍ പിന്താങ്ങിയിരുന്നവര്‍ ആ ഡിവിഷന്റെ പുറത്തുള്ള വോട്ടര്‍മാരാണ് എന്ന് ചൂണ്ടിക്കാണിച്ചാണ് പത്രിക തള്ളിയത്.

ഇന്നലെ നാമനിര്‍ദേശ പത്രിക വരണാധികാരിയായ കലക്ടര്‍ക്ക് സമര്‍പ്പിച്ച് ഉടന്‍ തന്നെ ഇക്കാര്യം എല്‍സി ജോര്‍ജിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഡിവിഷന് അകത്ത് നിന്ന് തന്നെ പിന്താങ്ങുന്നവരെ കണ്ടെത്തി സ്ഥാനാര്‍ഥി ഉടന്‍ തന്നെ പുതിയ നാമനിര്‍ദേശ പത്രിക തയ്യാറാക്കി. തുടര്‍ന്ന് പുതിയ പത്രിക സമര്‍പ്പിക്കുന്നതിന് ഇന്നലെ ഉച്ചയ്ക്ക് 2.30 ഓടേ കലക്ടറുടെ ചേംബറിന് പുറത്ത് സ്ഥാനാര്‍ഥി എത്തിയതായും എന്നാല്‍ അവിടെ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ അകത്തേയ്ക്ക് കയറാന്‍ അനുവദിച്ചില്ലെന്നും നേതാക്കള്‍ ആരോപിക്കുന്നു.

പിന്നീട് ഏറെ ബഹളം വച്ച ശേഷം കലക്ടറുടെ ചേംബറിലേക്ക് കയറുമ്പോള്‍ സമയം 2.57 ആയിരുന്നു. പത്രിക സമര്‍പ്പിക്കാനുള്ള സമയപരിധി മൂന്ന് മണിയാണ്. പത്രിക സമര്‍പ്പിക്കാന്‍ സമയം ഉണ്ടായിട്ടും കലക്ടര്‍ ഫോണിലായിരുന്നുവെന്നും ഫോണ്‍ സംഭാഷണം കഴിഞ്ഞ് കലക്ടര്‍ മടങ്ങിവന്നപ്പോള്‍ 3.15 ആയെന്നും യുഡിഎഫ് നേതാക്കള്‍ ആരോപിക്കുന്നു. തുടര്‍ന്ന് സമയപരിധി കഴിഞ്ഞതിനാല്‍ പത്രിക സ്വീകരിക്കാന്‍ കഴിയില്ലെന്ന് കലക്ടര്‍ നിലപാട് എടുത്തുവെന്നും നേതാക്കള്‍ പറയുന്നു. ചേംബറിന്റെ പുറത്തുനിന്നിരുന്ന പൊലീസുകാരന്‍ ഉണ്ടാക്കിയ അനാവശ്യ പ്രശ്‌നം കൊണ്ടാണ് തിരുത്തിയ പത്രിക സമര്‍പ്പിക്കാന്‍ കഴിയാതെ പോയതെന്നും നേതാക്കള്‍ ആരോപിക്കുന്നു.

കടമക്കുടി അനായാസം ജയിച്ചുകയറാവുന്ന ഡിവിഷനായാണ് യുഡിഎഫ് കണ്ടിരുന്നത്. ഇവിടെ യുഡിഎഫിന് ഡമ്മി സ്ഥാനാര്‍ഥി പോലുമില്ല. പത്രിക സമർപ്പിക്കാൻ സമയമുണ്ടായിട്ടും കലക്ടറുടെ ചേംബറിലേക്ക് പൊലീസുകാരന്‍ കടത്തിവിടാതിരുന്നത് അടക്കമുള്ള വിഷയങ്ങള്‍ ചൂണ്ടിക്കാണിച്ച് കോടതിയെ സമീപിക്കുന്നതിനെ കുറിച്ച് ആലോചിക്കുകയാണ് യുഡിഎഫ്. യുഡിഎഫ് സ്ഥാനാര്‍ഥിക്ക് അനുകൂലമായ വിധി കോടതിയില്‍ നിന്ന് വന്നില്ലെങ്കില്‍ കടമക്കുടിയില്‍ മത്സരം എല്‍ഡിഎഫും ബിജെപിയും തമ്മിലാകും.

UDF suffers major setback in Ernakulam, District Panchayat Vice President nomination rejects

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സൂക്ഷ്മപരിശോധന അവസാനിച്ചു, സംസ്ഥാനത്ത് ആകെ സ്ഥാനാര്‍ഥികള്‍ 98,451

ഇടുക്കിയില്‍ കോണ്‍ഗ്രസിനോട് ഇടഞ്ഞ് ലീഗ്; മൂന്നു വാര്‍ഡുകളില്‍ ഒറ്റയ്ക്ക് മത്സരിക്കും

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തെ സഞ്ജു നയിക്കും

'ജമാഅത്തെ ഇസ്ലാമിയുമായി കൂട്ടുകൂടരുത്, അവര്‍ നുഴഞ്ഞു കയറി വിശ്വാസികളേയും നശിപ്പിക്കും'; ആവര്‍ത്തിച്ച് സമസ്ത

ജമ്മുവില്‍ പട്രോളിങ്ങിനിടെ കൊക്കയിലേക്ക് വീണു; മലയാളി സൈനികന് വീരമൃത്യു

SCROLL FOR NEXT