V D Satheesan 
Kerala

പതിറ്റാണ്ടുകളായി ഇടതുപക്ഷ സഹയാത്രികരായവര്‍ വരും, ഇക്കാണുന്ന യുഡിഎഫ് അല്ല ഇനി: വിഡി സതീശന്‍

ജനുവരി 15 ന് മുമ്പ് മുന്നണി ഉഭയകക്ഷി ചര്‍ച്ച പൂര്‍ത്തിയാക്കണമെന്നാണ് ആലോചിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: യുഡിഎഫ് അടിത്തറ വിപുലീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഇപ്പോള്‍ കാണുന്ന യുഡിഎഫ് ആയിരിക്കില്ല നിയമസഭ തെരഞ്ഞെടുപ്പ് നേരിടുന്ന യുഡിഎഫ്. രാഷ്ട്രീയ പാര്‍ട്ടികള്‍ വന്നേക്കാം എന്നതിനപ്പുറം, വലിയൊരു പൊളിറ്റിക്കല്‍ പ്ലാറ്റ്‌ഫോമായി മാറും. ഇന്‍ഫ്‌ലുവന്‍സേഴ്‌സും പതിറ്റാണ്ടുകളായി ഇടതുപക്ഷ സഹയാത്രികരായി പ്രവര്‍ത്തിക്കുന്നവരും ഈ പ്ലാറ്റ്‌ഫോമിലുണ്ടാകും. അവര്‍ ഇടതുപക്ഷത്തോട് ഗുഡ്‌ബൈ പറഞ്ഞ് യുഡിഎഫിലേക്കെത്തും. വിഡി സതീശന്‍ പറഞ്ഞു.

ഇപ്പോഴുള്ളത് ഇടതുപക്ഷമല്ല, തീവ്രവലതുപക്ഷമാണെന്ന് അവര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. എല്‍ഡിഎഫിനേക്കാള്‍ നന്നായി അവര്‍ സ്വപ്‌നം കാര്യങ്ങള്‍ നടപ്പാക്കാനുള്ള മുന്നണി യുഡിഎഫാണെന്ന ഉറപ്പ് അവര്‍ക്ക് ഞങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇന്നോ ഇന്നലെയോ അല്ല കുറേ മാസങ്ങളായി അവരുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തി വരികയാണ്. മാനിഫെസ്റ്റോ തയ്യാറാക്കുന്നതില്‍ അടക്കം അവരുടെ കൂടി പങ്കാളിത്തമുണ്ട്. അവര്‍ ആരൊക്കെയെന്ന് ഇപ്പോള്‍ വെളിപ്പെടുത്താനാകില്ല. അത് സസ്‌പെന്‍സാണ്.

പി വി അന്‍വര്‍ നയിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ്, സി കെ ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി, വിഷ്ണുപുരം ചന്ദ്രശേഖര്‍ നയിക്കുന്ന കേരള കാമരാജ് കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളെ യുഡിഎഫിന്റെ അസോസിയേറ്റ് അംഗങ്ങളാക്കും. ഇതില്‍ സി കെ ജാനുവും വിഷ്ണുപുരം ചന്ദ്രശേഖരനും എന്‍ഡിഎ സഖ്യകക്ഷികളാണ്. എന്‍ഡിഎ വിട്ട് യുഡിഎഫുമായി സഹകരിക്കാന്‍ കത്തു നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ മുന്നണിയോഗം ചര്‍ച്ച ചെയ്താണ് ഈ മൂന്നു പാര്‍ട്ടികളെയും അസോസിയേറ്റ് അംഗങ്ങളാക്കാന്‍ തീരുമാനിച്ചതെന്ന് വിഡി സതീശന്‍ വ്യക്തമാക്കി.

എല്ലാവരും നിരുപാധികമായിട്ടാണ് യുഡിഎഫില്‍ ചേരാന്‍ മുന്നോട്ടു വന്നത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇവരടക്കമുള്ളവരുമായും ചര്‍ച്ച നടത്തും. മറ്റൊരു പാര്‍ട്ടിയുമായും യുഡിഎഫ് ചര്‍ച്ച നടത്തുന്നില്ല. ജനുവരി 15 ന് മുമ്പ് മുന്നണി ഉഭയകക്ഷി ചര്‍ച്ച പൂര്‍ത്തിയാക്കണമെന്നാണ് ആലോചിക്കുന്നത്. നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഡിഎഫ് കക്ഷികളുമായുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ ഉടന്‍ ആരംഭിക്കും. എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കി, അതത് പാര്‍ട്ടികള്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലേക്ക് കടക്കണമെന്നാണ് തീരുമാനം.

ഫെബ്രുവരി ആദ്യവാരം മുതല്‍ യുഡിഎഫിന്റെ നേതൃത്വത്തില്‍ കാസര്‍കോട് നിന്നും തിരുവനന്തപുരം വരെ ജാഥ നടത്താനും യുഡിഎഫ് തീരുമാനിച്ചിട്ടുണ്ട്. വെറുമൊരു രാഷ്ട്രീയ ജാഥ ആയിരിക്കില്ല. കേരളത്തിന്റെ വികസനത്തിനായി ഒരു മുന്നണിയും പറയാത്ത നിരവധി പരിപാടികളാണ് യുഡിഎഫ് പ്രകടനപത്രികയില്‍ മുന്നോട്ടുവെക്കുക. അതിനെ ജനകീയവല്‍ക്കരിക്കുന്ന ഒരു ജാഥ കൂടിയായിരിക്കും അത്. പ്രതിപക്ഷ നേതാവ് പറഞ്ഞു.

പഞ്ചായത്തിലോ, മുനിസിപ്പാലിറ്റിയിലോ, കോര്‍പ്പറേഷനിലോ ഒന്നിലും, പ്രാദേശിക സര്‍ക്കാരുണ്ടാക്കാന്‍ സിപിഎമ്മുമായോ ബിജെപിയുമായോ ഒരു തരത്തിലുള്ള ഉടമ്പടിയും പാടില്ലെന്ന കര്‍ശന നിര്‍ദേശം കീഴ്ഘടകങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. തോല്‍വിയില്‍ നിന്നും പാഠം പഠിക്കാതെ അസഹിഷ്ണുതയോടെ സിപിഎം അക്രമം അഴിച്ചു വിടുകയാണ്. സിപിഎമ്മുകാരോട് ആയുധം താഴെ വെയ്ക്കാന്‍ ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി പറയണം. ബോംബും കൈവാളും കരിങ്കല്ലുമായാണ് സിപിഎം തോല്‍വിയെ മറികടക്കാന്‍ എത്തിയിട്ടുള്ളത്. അത് ഇതിനേക്കാള്‍ വലിയ തോല്‍വിയിലേക്ക് സിപിഎമ്മിനെ കൊണ്ടുപോകുമെന്നും വിഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

VD Satheesan says the UDF will expand its base. The UDF facing the assembly elections will not be the same as the one we see now.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഞാന്‍ ആര്‍ക്കും അപേക്ഷ കൊടുത്തിട്ടില്ല'; യുഡിഎഫിലേക്കില്ലെന്ന് വിഷ്ണുപുരം ചന്ദ്രശേഖരൻ

'മുത്തങ്ങ വെടിവെപ്പ് അന്നത്തെ സാഹചര്യത്തില്‍ ഉണ്ടായത്'; സി കെ ജാനുവിനെ ചേര്‍ത്ത് പിടിക്കും

സുരേഷ് ഗോപി വ്യാജ വോട്ട് ചേര്‍ത്തെന്ന പരാതി; ബിഎല്‍ഒയ്ക്ക് നോട്ടീസ് അയച്ച് കോടതി

ഇന്ത്യയെ തോൽപ്പിച്ചു, വല്ലപ്പോഴും സംഭവിക്കുന്നത്! കൗമാരക്കാരുടെ കിരീട നേട്ടം വൻ ആഘോഷമാക്കി പാകിസ്ഥാൻ (വിഡിയോ)

ഐ ടി ഐ വിദ്യാർത്ഥികളുടെ ഫീസ് റീഇംബേഴ്‌സ്‌മെന്റിന് അപേക്ഷിക്കാം

SCROLL FOR NEXT