തൃശൂര്‍: പാലിയേക്കര ടോള്‍പ്ലാസയില്‍ വാഹനങ്ങളുടെ നിര നീണ്ടതോടെ ടോള്‍ ബൂത്തുകള്‍ തുറന്ന് വാഹനങ്ങള്‍ കടത്തിവിട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി. വാഹനങ്ങള്‍ ഗതാഗതക്കുരുക്കില്‍ കുടുങ്ങിയതോടെയാണ് മന്ത്രിയുടെ നടപടി. കൊച്ചിയിലേക്കുള്ള യാത്രമധ്യേ മന്ത്രി പാലിയേക്കര എത്തിയപ്പോഴായിരുന്നു സംഭവം.
ഇന്ന് വൈകീട്ട് 5:45-നായിരുന്നു സംഭവം. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ പുതിയ സിനിമയുടെ ഷൂട്ടിങ് കഴിഞ്ഞ് തിരിച്ചുപോവുകയായിരുന്ന സുരേഷ്ഗോപി. പാലിയേക്കരയില്‍ എത്തിയപ്പോള്‍ ദേശീയപാതയില്‍ വലിയ വാഹനത്തിരക്കുണ്ടായിരുന്നു. ടോള്‍പ്ലാസയുടെ ഇരുവശങ്ങളിലുമായി രണ്ട് കിലോമീറ്ററിലേറെ വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു.
എമര്‍ജന്‍സി ട്രാക്കില്‍ കാര്‍ നിര്‍ത്തി ഇറങ്ങിയ സുരേഷ്ഗോപിയും പേഴ്‌സണല്‍ സ്റ്റാഫും ഗണ്‍മാനും 12 ടോള്‍ബൂത്തുകളും തുറന്ന് വാഹനങ്ങള്‍ കടത്തിവിടുകയായിരുന്നു. ഏകദേശം 10 മിനിറ്റ് നേരമാണ് ഇരുവശത്തേക്കുള്ള 12 ബൂത്തുകളും സുരേഷ് ഗോപിയും ഉദ്യോഗസ്ഥരും ചേര്‍ന്ന് തുറന്നുവിട്ടത്.
ദിവസങ്ങളായി ടോള്‍പ്ലാസയില്‍ രൂക്ഷമായ ഗതാഗതക്കുരുക്കുണ്ട്. വാഹനയാത്രക്കാര്‍ മണിക്കൂറുകളോളം കാത്തു കിടന്ന് വലയുകയാണ്. ആമ്പല്ലൂര്‍ മുതല്‍ തലോര്‍വരെ ദേശീയപാതയില്‍ മിക്കവാറും വാഹനങ്ങളുടെ നീണ്ടനിരയുണ്ട്. എന്നാല്‍ ടോള്‍പ്ലാസ അധികൃതരോ പോലീസോ വേണ്ടവിധം ഇടപെടുന്നില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates