സണ്ണി ജോസഫ് പത്രസമ്മേളനത്തിനിടയിൽ Press meet
Kerala

54 കോടിയുടെ ആ സ്ക്രീന്‍ഷോട്ട് സത്യമോ? വയനാട്ടില്‍ വീടു വയ്ക്കാന്‍ കോണ്‍ഗ്രസ് പിരിച്ചത് എത്ര?

അക്കമിട്ടു നിരത്തിയ ഭരണപാളിച്ചകള്‍ക്കുംമുകളില്‍ ഒരു പ്രതിപക്ഷ പാര്‍ട്ടിക്ക് അഴിമതിയാരോപണം നേരിടേണ്ടിവരുന്നത് ഇതാദ്യമായായിരിക്കും.

സമകാലിക മലയാളം ഡെസ്ക്

യനാട് ദുരിതബാധിതര്‍ക്ക് വീടുവെച്ചു നല്‍കാനായി കോണ്‍ഗ്രസ് എത്ര പണം പിരിച്ചു? നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രമുള്ളപ്പോള്‍ കേരള രാഷ്ട്രീയത്തിലെ ചൂടന്‍ ചോദ്യങ്ങളിലൊന്ന് ഇതാണ്. ചോദ്യമിങ്ങനെ മുറുകി വന്നപ്പോഴാണ്, കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് വാര്‍ത്താ സമ്മേളനം നടത്തി ആ കണക്ക് അവതരിപ്പിച്ചത്- പിരിച്ചത് അഞ്ചു കോടി മുപ്പത്തിയെട്ടു ലക്ഷം രൂപ, ചെലവായത് ഏഴു കോടിയിലേറെ. കണക്കു ഞങ്ങള്‍ പണിയെല്ലാം തീര്‍ന്നിട്ടു പറഞ്ഞോളാം എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആവര്‍ത്തിക്കുന്നതിനിടെയാണ്, കെപിസിസി പ്രസിഡന്‍റ് ഈ കണക്കുമായി മുന്നോട്ടുവന്നത്. കണക്കു പക്ഷേ, കോണ്‍ഗ്രസിനെ ഊരാക്കുടുക്കിലെത്തിച്ച അവസ്ഥയായി. സണ്ണി ജോസഫ് വാര്‍ത്താ സമ്മേളനം നടത്തിയതിനു പിന്നാലെ തന്നെ, പണം പിരിക്കാനായി കോണ്‍ഗ്രസ് അവതരിപ്പിച്ച സ്റ്റാന്‍ഡ് വിത്ത് വയനാട് ആപ്പിന്‍റെ സ്ക്രീന്‍ഷോട്ട് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. അതില്‍ പിരിഞ്ഞുകിട്ടിയ പണത്തിന്‍റെ കണക്ക് 54 കോടിയാണ്. സ്ക്രീന്‍ഷോട്ടിന് ഒരുവിധത്തിലുള്ള ആധികാരികതയും പറയാനാവില്ലെങ്കിലും കോണ്‍ഗ്രസിന്‍റെ പിരിവ് അഞ്ചു കോടിയില്‍ ഒതുങ്ങില്ലെന്ന കണക്കുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രവഹിക്കാന്‍ തുടങ്ങി. ഇടതു നേതാക്കളില്‍ പലരും ഇതു ചൂണ്ടിക്കാട്ടി പോസ്റ്റുകളിട്ടു. വിമര്‍ശനങ്ങളോടു കോണ്‍ഗ്രസ് പ്രതികരിക്കാത്തതുകൊണ്ടുതന്നെ ആ ചോദ്യമങ്ങനെ അന്തരീക്ഷത്തില്‍ നില്‍ക്കുകയാണ്, വയനാടിനായി കോണ്‍ഗ്രസ് എത്ര പിരിച്ചു? സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന കണക്കുകളും ഇരുപക്ഷത്തേയും വാദഗതികളും എങ്ങനെയെന്നു നോക്കാം.

ഉറക്കത്തില്‍ ഒഴുകിയൊലിച്ചുവന്ന ദുരന്തം

2024 ജൂലൈ 30 ന് ഈ നാട് ഉണര്‍ന്നെണീറ്റത് ഒരു നാടുതന്നെ ഒഴുകിയൊലിച്ചുപോയതിന്റെ ഇരുട്ടിലേക്കായിരുന്നു. കിലോമീറ്ററുകള്‍ക്കിപ്പുറം ചാലിയാറുവരെ ഒലിച്ചിറങ്ങിയ പരസ്പരം അറ്റുപോയ മൃദദേഹങ്ങളായിരുന്നു ചൂരല്‍മലയില്‍ അവശേഷിച്ച ജീവിതങ്ങളിലേക്കുകൂടെ ഈ നാടിന്റെ മനസ്സാക്ഷിയെ കൊണ്ടുപോയത്. കോരിച്ചൊരിയുന്ന മഴയിലും അടുത്ത ദിവസത്തേക്കുള്ള സ്വപ്‌നങ്ങള്‍ സ്വരുക്കൂട്ടി ഉറങ്ങാന്‍ കിടന്ന ഒരു നാടിനെത്തന്നെ മണ്ണെടുത്തു. സര്‍വ്വവും കുത്തിയൊലിച്ചുപോയ ഒരു ജനത നിര്‍വ്വികാരമായി പകച്ചുനിന്നപ്പോഴും ഈ നാട് നിങ്ങളൊറ്റക്കല്ലെന്നു പറഞ്ഞു കൂട്ടിനെത്തി. വീണ്ടും ജീവിച്ചുതുടങ്ങാന്‍ കാരണങ്ങള്‍ കണ്ടെത്തി നല്‍കി.

ലോകത്തിന്റെ നാനാകോണുകളില്‍ നിന്നുമുള്ള മനുഷ്യര്‍ ഒന്നിച്ചുനിന്നതിന്റെ, ഈ നാടിന്റെ ഏകത്വത്തിന്റെ അടയാളപ്പെടുത്തലുകൂടെയാണ് മുണ്ടക്കൈ. ആ മനുഷ്യര്‍ക്ക് കൂടൊരുക്കാമെന്നു സര്‍ക്കാരും സംഘടനകളും വാഗ്ദാനം ചെയ്തു. എന്നാല്‍ സ്വപ്നത്തില്‍ പോലും താങ്ങാനാവാത്ത ദുരിതത്തെ നേര്‍ക്കുനേര്‍കണ്ട് അതിജീവിച്ച ഒരു കൂട്ടം മനുഷ്യര്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തോളമായി കേറിക്കിടക്കാനുള്ള ഭൂമിയുടെ പേരില്‍ വലയുകയാണ്. തെരഞ്ഞെടുപ്പ് ചൂടില്‍ ഇരുമുന്നണികളും പരസ്പരം വയനാട്ടിലെ മനുഷ്യരെ ആയുധമാക്കുമ്പോഴും അവരുടെ യാഥാര്‍ഥ്യം അടുത്ത മഴയിലും തുടരുന്ന ഭീതിയാണ്; തലചായ്ക്കാനുള്ള ഇടമാണ്.

വയനാട് ദുരന്തത്തിന്റെ പേരില്‍ പിരിച്ചതും പൊടിച്ചതുമായ കണക്കെടുപ്പുകള്‍ ഇരുപക്ഷവും പരസ്പരം ചോദിക്കാന്‍ തുടങ്ങുന്നത് തെരഞ്ഞെടുപ്പിന്റെ അന്തിമഘട്ടത്തിലായിരുന്നില്ല. സിപിഎം പിരിച്ച തുകയുടെ കണക്ക് ആവശ്യപ്പെട്ടുകൊണ്ട് കോണ്‍ഗ്രസ് ഉന്നയിച്ച ചോദ്യത്തിന് പാര്‍ട്ടിക്ക് ഉത്തരമുണ്ടായിരുന്നു. ദുരിതാശ്വാസത്തിനു വേണ്ടി ലഭിച്ച 92.99 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വസനിധിയിലേക്ക് കൈമാറിയതിന്റെ രേഖകള്‍ കേന്ദ്ര കമ്മിറ്റി പുറത്തുവിട്ടു. ആക്രിവിറ്റും പലതരം ചലഞ്ചുകള്‍ നടത്തിയും കൂലിവേല ചെയ്തും 20 കോടി രൂപ സമാഹരിച്ച് ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയതിന്റെ രസീതുകള്‍ ഡിവൈഎഫ്‌ഐ നേരത്തെതന്നെ അവതരിപ്പിച്ചിരുന്നു. അതിന്റെ വിശദവിവരങ്ങളും പുറത്തുവിട്ടു. എന്നാല്‍ രേഖകള്‍ അവതരിപ്പിക്കുന്നതോടൊപ്പം മറുചോദ്യവും ഇടതുപക്ഷം ശക്തമാക്കി. 'കോണ്‍ഗ്രസ് പിരിച്ച കണക്കെവിടെ?'

'കണക്കുകളൊക്കെ ഞങ്ങളുടെ കൈയില്‍ ഭദ്രമായുണ്ട്, അത് മാധ്യമങ്ങളെ ബോധിപ്പിക്കേണ്ട ആവശ്യമില്ല. ഒരു പ്രൊജക്ടിന്റെ കണക്കവതരിപ്പിക്കുന്നത് ആ പ്രൊജക്റ്റ് തീര്‍ന്നു കഴിയുമ്പോഴാണ്' എന്ന വി ഡി സതീശന്റെ മറുപടിക്ക് ദീര്‍ഘായുസ്സ് നല്‍കാതെ കെ സി വേണുഗോപാല്‍ പണം ധനലക്ഷ്മി ബാങ്കിന്റെ അക്കൗണ്ടിലുണ്ടെന്നു വെളിപ്പെടുത്തുകയും പിറകേ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് കോണ്‍ഗ്രസ് പിരിച്ച പണത്തിന്റെ കണക്ക് പുറത്തുവിടുകയും ചെയ്തു. പാരമ്പര്യപ്രതാപമുള്ള ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ കേരള ഘടകം അവരുടെ സര്‍വ്വസംവിധാനങ്ങളുമായി രംഗത്തിറങ്ങിയിട്ട് ആകെ പിരിച്ചെടുത്തത് 5 കോടി 38 ലക്ഷം രൂപയാണ്. യൂത്ത് കോണ്‍ഗ്രസ് പിരിച്ചത് 1 കോടി 5 ലക്ഷവും ഭൂമി വാങ്ങാന്‍ ആകെ ചെലവായത് 6 കോടി 18 ലക്ഷം രൂപയുമാണ്. പണം പിരിക്കാനായി ഉണ്ടാക്കിയ ആപ്പിന് ചെലവായത് 9.3 ലക്ഷം. എന്നാല്‍ ആപ്പിലേക്ക് എത്തിയ പണത്തിന്റെ കണക്ക് 54 കോടിയാണെന്നു കാണിക്കുന്ന സ്‌ക്രീന്‍ഷോട്ടുകള്‍ വളരെ പെട്ടന്ന് തന്നെ പ്രചരിച്ചു. തുടര്‍ന്ന് കണക്കുകളില്‍ പൊരുത്തക്കേടുണ്ടെന്ന ആരോപണവുമായി ഇടതുപക്ഷം കളത്തിലിറങ്ങി.

ചില വായില്‍ പോയോ?

'ആ പൈസ മുഴുവന്‍ ചെലവായിപ്പോയി - ചില വായില്‍ പോയി എന്നാണു ശരിക്കും പറയേണ്ടത്' എന്ന് അന്ന് രാത്രി തന്നെ എം സ്വരാജ് തിരിച്ചടിച്ചു. കണക്കുകളില്‍ അവ്യക്തതയുണ്ടെന്ന ഇടതുപക്ഷത്തിന്റെ വാദത്തെ സൈബര്‍ പേജുകള്‍ പിന്തുണച്ചത് കോണ്‍ഗ്രസ് നേതാക്കളുടെ ഫേസ്ബുക് പേജുകളില്‍ വന്ന പോസ്റ്റുകള്‍ കുത്തിപ്പൊക്കിക്കൊണ്ടാണ്. കെപിസിസി വയനാട് പുനരധിവാസ പദ്ധതിയില്‍ സ്റ്റാന്‍ഡ് വിത്ത് വയനാട് മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി പണം കൈമാറിയതിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ ഇപ്പോഴും പല നേതാക്കളുടെയും പ്രൊഫൈലുകളില്‍ ലഭ്യമാണ്. അതുപ്രകാരം, കെ മുരളീധരന്‍ 1,00,000 രൂപയും കെ സി വേണുഗോപാല്‍ 1,90,000 രൂപയും രാഹുല്‍ ഗാന്ധി 230000 രൂപയും എം.ലിജു 10000 രൂപയും അഡ്വക്കേറ്റ് കെ ജയന്ത് 10001 രൂപയും വി ടി ബല്‍റാം 230000 രൂപയും ജ്യോതിമണി സെന്നിമലൈ 1ലക്ഷം രൂപയും സംഭാവന ചെയ്തതിന്റെ രേഖകള്‍ നിലവില്‍ ലഭ്യമാണ്. ഈ തുക മാത്രം 6,63,001 രൂപ വരും.
ഇതിനു പുറമെ ഹൊസ്ദുര്‍ഗ് കോഓപ്പറേറ്റീവ് ബാങ്കില്‍ നിന്നുള്ള സംഭാവന 70,000 രൂപയും കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്റെ സംഭാവന 1 കോടിയും സൗദി ഓവര്‍സീസ് ഐസിസിയില്‍ നിന്നും 125000 രൂപയും എന്‍ ജി ഓ അസോസിയേഷന്റെ സംഭാവന 10,00,000 രൂപയും ലഭിച്ചതായി പ്രചരിക്കുന്ന കണക്കുകളില്‍ പറയപ്പെടുന്നുണ്ട്. ഇതിനുപുറമെ വിദേശത്തുനിന്നും പിരിച്ച തുകയും ഉള്‍പ്പെടും. മറ്റു സ്ഥാപനങ്ങളും സംഘടനകളും ചേര്‍ന്ന് സംഭാവന ചെയ്തതായി പറയപ്പെടുന്ന തുകകൂടെ ചേരുമ്പോള്‍ ഏകദേശം മൂന്നു കോടിക്കു മുകളിലാണ് സംഭാവന. 3,17,43,614 രൂപയുണ്ടെന്നാണ് ഇടതുഹാന്റിലുകള്‍ പുറത്തുവിടുന്ന കണക്കുപ്രകാരമുള്ളത്. ഇത് വലിയ സംഭാവന തുകകളുടെ കണക്കുമാത്രമാണ്. മറ്റു സംഭാവനകളെ സംബന്ധിച്ചുള്ള വിവരം എവിടെയും ലഭ്യമാക്കിയിട്ടില്ല.  

'സാമൂഹ്യ മാധ്യമങ്ങളില്‍ വന്‍തുകകള്‍ കെപിസിസിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് പിരിച്ചതിന്റെയും സംഭാവനകള്‍ നല്‍കിയതിന്റെയും വിവരങ്ങള്‍ പുറത്തുവന്നു. ഏറ്റവും സുപ്രധാനം പണം പിരിക്കാനുള്ള ആപ്പിന്റെ സ്‌ക്രീന്‍ഷോട്ടാണ്. അതുവഴി മാത്രം 54 കോടി രൂപ പിരിച്ചെടുത്തിട്ടുണ്ട്. കുറേനാള്‍ മുമ്പ് ആപ്പ് പൊതുമണ്ഡലത്തില്‍ നിന്ന് അപ്രത്യക്ഷമായി. 54 കോടി രൂപ ഒരു മിനിമം തുകയായി കണക്കാക്കിയാല്‍ മതിയാകും. അതിനുശേഷം ആപ്പ് വഴി പിരിച്ച തുക എത്രയെന്ന് നമുക്ക് അറിയില്ല. ആപ്പ് വഴി അല്ലാതെ പിരിച്ച തുക എത്രയെന്നും അറിയില്ല' എന്നാണ് തോമസ് ഐസക്ക് പ്രതികരിച്ചത്.  

2024 ഓഗസ്റ്റ് 19 ന് കൊച്ചിയില്‍ നടന്ന യുഡിഎഫ് നേതൃയോഗത്തോടനുബന്ധിച്ചാണ് വയനാട് ദുരിതത്തെ അതിജീവിച്ച കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനായുള്ള പദ്ധതിക്കുവേണ്ടി സുതാര്യമായി സംഭാവന ശേഖരിക്കാന്‍ 'സ്റ്റാന്‍ഡ് വിത്ത് വയനാട് - ഐഎന്‍സി' എന്ന മൊബൈല്‍ ആപ്പ് പുറത്തിറക്കിയതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പ്രഖ്യാപിച്ചത്. യുഡിഎഫ് എംഎല്‍എമാര്‍ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്ന പ്രസ്താവന പുറത്തുവന്ന് ദിവസങ്ങള്‍ക്കകമാണ് ആപ്പ് ലോഞ്ച് ചെയ്തത്. 2024 ഓഗസ്റ്റ് 21 മുതല്‍ ആപ്പ് പ്രവര്‍ത്തനക്ഷമമായി. 2.3 ലക്ഷം രൂപ സംഭാവന ചെയ്തുകൊണ്ട് രാഹുല്‍ഗാന്ധി രാജ്യത്തോട് 'സ്റ്റാന്‍ഡ് വിത്ത് വയനാട്' ആപ്പിലേക്ക് സഹായമെത്തിക്കണമെന്ന്  അഭ്യര്‍ഥിച്ചു. എന്നിട്ടും ആപ്പിലേക്ക് എത്തിയത് 5 കോടി 38 ലക്ഷം രൂപ.

പിന്നീട് ഒരിക്കലും കൃത്യമായ കണക്കവതരണത്തിന് കോണ്‍ഗ്രസ് മുതിര്‍ന്നിട്ടില്ല. 'എന്റെയും കെപിസിസി പ്രസിഡന്റിറ്റിയും ജോയിന്റ് അക്കൗണ്ടില്‍ പണം സുരക്ഷിതമായിട്ടുണ്ട്' എന്ന് വിഡി സതീശന്‍ പറഞ്ഞു. അപ്പോഴും എത്രയുണ്ട് ആ തുക എന്ന് വ്യക്തമാക്കിയില്ല. മാര്‍ച്ച് 26 ന് കെ സി വേണുഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞത് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയാലുള്ള ആദ്യ പരിപാടി മുണ്ടക്കൈ ചൂരല്‍മല വീടുകളുടെ പൂര്‍ത്തീകരണമാകുമെന്ന്.

അപ്പോഴും മറുപക്ഷത്തുനിന്ന് കണക്കുകളില്‍ ചോദ്യമുയര്‍ന്നു. കോണ്‍ഗ്രസിന്റെ വീടെവിടെ എന്ന ചോദ്യങ്ങള്‍ ശരങ്ങള്‍പോലെ എവിടെയും മുന്നണിയെ വേട്ടയാടാന്‍ തുടങ്ങിയപ്പോഴാണ് 'വയനാട്ടില്‍ സ്ഥലം വാങ്ങി കല്ലിട്ട് പണി തുടങ്ങി' എന്ന് വി ഡി സതീശന് പ്രതികരിക്കേണ്ടി വന്നത്. എന്നാല്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്കഗാന്ധിയും ചേര്‍ന്ന് തറക്കല്ലിട്ട സ്ഥലത്തെ പണിനടക്കാത്ത ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പൊതുമധ്യത്തില്‍ അവതരിപ്പിച്ചത്. പദ്ധതി പൂര്‍ത്തിയായ ശേഷം കണക്കുകള്‍ അവതരിപ്പിക്കാമെന്ന് അപ്പോഴും വി ഡി സതീശന്‍ ആവര്‍ത്തിച്ചു. കണക്കിലെ പ്രശനം പരിഹരിക്കേണ്ടത് തെരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസിന്റെ അനിവാര്യതയായി മാറിയപ്പോഴാണ് കെ സി വേണുഗോപാല്‍ തിരുവനന്തപുരത്തെ ധനലക്ഷ്മി ബാങ്കിലാണ് പണമുള്ളതെന്ന് വെളിപ്പെടുത്തിയത്. തുടര്‍ന്നാണ് കെപിസിസി പ്രസിഡന്റ് പത്രസമ്മേളനം നടത്തുകയും കണക്ക് അവതരിപ്പിക്കുകയും ചെയ്തത്.

ഉത്തരം കിട്ടേണ്ട ചോദ്യങ്ങള്‍

കഴിഞ്ഞ ദിവസം സണ്ണി ജോസഫ് അവതരിപ്പിച്ച കണക്കുകള്‍ക്കു പിറകേ എതിര്‍പക്ഷത്തുനിന്നും ഉയരുന്ന മറുചോദ്യങ്ങള്‍ ഇങ്ങനെയാണ്:

1  വളരെ ചുരുങ്ങിയ പ്രദേശത്ത് ആധിപത്യമുള്ള, താരതമ്യേന ആള്‍ബലം കുറവുള്ള, യുഡിഎഫ് അംഗമായ മുസ്ലിം ലീഗ് പിരിച്ചെടുത്തത് 36 കോടി രൂപയാണ്. ആ തുകക്ക് വീടുകളുടെ നിര്‍മ്മാണവും ഈ കാലാവധിക്കുള്ളില്‍ പൂര്‍ത്തിയാക്കി താമസയോഗ്യമാക്കിയിട്ടുണ്ട്. വിവിധ പ്രവര്‍ത്തനങ്ങളിലൂടെ ഡിവൈഎഫ്‌ഐ സ്വരുക്കൂട്ടിയത് 20 കോടിരൂപയും. അപ്പോഴും കേരളത്തിലെ തന്നെ ഏറ്റവും ശക്തമായ, അംഗബലമുള്ള, ഒരു പാര്‍ട്ടിക്ക് ഏറ്റവും സുപ്രധാനമായ ഒരു പ്രോജക്ടിനായി നടത്തുന്ന പണപ്പിരിവില്‍ 5 കോടി രൂപ മാത്രമേ കണ്ടെത്താനായുള്ളൂ എന്നത് വിശ്വസനീയമാണോ?  

2  ആദ്യ ഘട്ടത്തില്‍ ഏറ്റെടുത്ത 3 ഏക്കറും 24 സെന്റും വരുന്ന ഭൂമിക്ക് രജിസ്‌ട്രേഷന്‍ അടക്കമുള്ള മുഴുവന്‍ ചെലവും തീര്‍ത്ത് 3,68,36,388 രൂപയും രണ്ടാം ഘട്ടത്തില്‍ 2 ഏക്കര്‍ 18 സെന്റ് ഭൂമിക്ക് 2,50,30,272 രൂപ ചെലവായെന്നുമാണ് സണ്ണി ജോസഫ് അവതരിപ്പിച്ച കണക്കുകളില്‍ പറയുന്നത്. എന്നാല്‍ ഏത് ഭൂമിയാണ് ഏറ്റെടുത്തതെന്നോ, നിലവിലെ സ്ഥലത്തുകയെത്രയെന്നോ കണക്കുകളില്‍ വ്യക്തമല്ല. ഏക്കറിന് 1 കോടി 18 ലക്ഷം എന്ന കണക്ക് വിശ്വാസ്യയോഗ്യമല്ലെന്നാണ് എതിര്‍പക്ഷം പറയുന്നത്. ഏറ്റെടുത്തതായി പറയപ്പെടുന്ന ഭൂമിയുടെ സമീപപ്രദേശങ്ങള്‍ ഇതിനേക്കാള്‍ ചുരുങ്ങിയ വിലക്കാണ് വിറ്റഴിക്കപ്പെട്ടതെന്നും വിമര്‍ശനങ്ങളുണ്ട്.

3  ആപ്പ് പിന്‍വലിക്കുന്നതിന് ന്യായമായി വി ഡി സതീശന്‍ പറഞ്ഞത് ആവശ്യത്തിന് തുക പിരിച്ചു കിട്ടി എന്നായിരുന്നു. 5 കോടിരൂപയാണ് പിരിച്ചെടുത്തതെങ്കില്‍ ആ പണം കൊണ്ട് 130 വീടുകള്‍ നിര്‍മ്മിക്കുന്നതിന് കോണ്‍ഗ്രസ് തയ്യാറാക്കിയ മാസ്റ്റര്‍ പ്ലാന്‍ എവിടെ?

Unresolved misappropriation of Rs 5.38 crore; Congress's transparency under question

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐആറില്‍ ബിജെപിക്ക് 'പണി കിട്ടുമോ?', നേമത്തും വട്ടിയൂര്‍ക്കാവിലും വോട്ട് കുറഞ്ഞു; കൂടിയത് മലപ്പുറത്തും വടക്കന്‍ ജില്ലകളിലും, കണക്കുകള്‍ ഇങ്ങനെ

ബുംറ, മലിം​ഗ... ആർക്കും ഇല്ല; ഐപിഎല്ലിലെ അപൂർവ 'റെക്കോര്‍ഡ്' ഇനി ഭുവനേശ്വര്‍ കുമാറിന് സ്വന്തം!

പത്താം ക്ലാസ് യോഗ്യത, എഴുത്ത് പരീക്ഷയില്ല, 348 ഒഴിവുകൾ; ആൻഡമാൻ നിക്കോബാർ ഫോറസ്റ്റ് ഡിപ്പാർട്മെന്റിൽ അവസരം

'നാല് ലെയറുള്ള അക്വേറിയം പൊട്ടി വീണു; കാലും കയ്യുമെല്ലാം മുറിഞ്ഞു; ഒരു മാസം കിടപ്പില്‍': ടൊവിനോ

40 വയസ് കഴിഞ്ഞിട്ടും കാര്യമായി സമ്പാദിക്കാന്‍ കഴിഞ്ഞില്ല എന്ന വിഷമം ഉണ്ടോ?, ഇനിയും വൈകിയിട്ടില്ല; റിട്ടയര്‍മെന്റ് ഫണ്ടിന് ഇതാ ചില ടിപ്പുകള്‍

SCROLL FOR NEXT