കൊല്ലം: ഉത്രയെ കൊലപ്പെടുത്താനും അവരുടെ സ്വത്ത് കൈക്കലാക്കാനും മാസങ്ങള്‍ നീണ്ട കൃത്യമായ ആസൂത്രണം നടത്തിയാണ് സൂരജ് പദ്ധതി തയ്യാറാക്കിയത്. ഉത്രയെ കൊലപ്പെടുത്താനായി ആദ്യം അണലിയെയാണ് ഉപയോഗിച്ചതെങ്കില്‍ പിന്നീട് കൃത്യനിര്‍വഹണത്തിനായി മൂര്‍ഖനെയാണ് ഉപയോഗിച്ചത്.പാമ്പുകളെ പറ്റിയും പാമ്പുപിടിത്തക്കാരനായ സുരേഷിനെയും കുറിച്ച് അറിയുന്നതിനായി ഇന്റര്‍നെറ്റില്‍ മണിക്കൂറുകളോളം സൂരജ് ചെലവഴിക്കുകയും ചെയ്തിരുന്നു.
2020 ഫെബ്രുവരിയിലാണ് സൂരജ് സുരേഷുമായി ബന്ധം സ്ഥാപിച്ചത്. അതിന് ശേഷം സുരേഷില്‍ നിന്ന് ഫെബ്രുവരി 24ന് കല്ലുവാതുക്കല്‍ ഊഴായിക്കോടുവെച്ച് അണലിയെ വാങ്ങി. പിന്നാലെ അണലിയെ ആരും കാണാതെ അതിനെ പറക്കോട്ടെ വീടിന്റെ കോണിപ്പടിയില്‍ ഉപേക്ഷിച്ചു. പിന്നീട് ഉത്രയോട് മുകളിലെ മുറിയില്‍നിന്ന് തന്റെ ഫോണ്‍ എടുത്തുകൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. ഫോണെടുക്കാന്‍ പോയ ഉത്ര പാമ്പിനെക്കണ്ട് നിലവിളിച്ചു. പദ്ധതി പാളിയപ്പോള്‍ സൂരജ് പാമ്പിനെ ചാക്കിലാക്കി പുറത്തേക്ക് കൊണ്ടുപോയി.
ആ പാമ്പിനെ സൂരജ് ഉപേക്ഷിച്ചിരുന്നില്ല. 2020 മാര്‍ച്ച് രണ്ടിന് അതേപാമ്പിനെ കൊണ്ടാണ് ഉത്രയെ കടിപ്പിച്ചത്. അന്ന് വീട്ടുകാര്‍ ഓടിച്ചെന്നതിനാല്‍ പെട്ടെന്നുതന്നെ ആശുപത്രിയില്‍ കൊണ്ടുപോകേണ്ടിവന്നു. തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 55 ദിവസത്തോളം ഉത്ര ചികിത്സയില്‍ കഴിഞ്ഞു. ആ സമയത്താണ് മൂര്‍ഖനെ ആയുധമാക്കാന്‍ സൂരജ് തീരുമാനിക്കുന്നത്. ഉത്രയെ അണലി കടിച്ചതിന് രണ്ടുമാസം മുന്‍പു മുതല്‍ സൂരജ് യൂട്യൂബില്‍ അണലിയുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ തിരഞ്ഞിരുന്നതായി അന്വേഷണസംഘം കണ്ടെത്തി.
അണലിയുടെ കടിയേറ്റ് ഉത്ര ആശുപത്രിയില്‍ കിടക്കുമ്പോള്‍ത്തന്നെ സൂരജ് മൂര്‍ഖന്‍പാമ്പിനെ തിരഞ്ഞുതുടങ്ങിയത് മനുഷ്യത്വത്തിന്റെ ഒരളവുകോലുകൊണ്ടും അളക്കാന്‍ കഴിയില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. ഒരു മാസത്തിനുശേഷം വീണ്ടും ചാവര്‍കാവ് സുരേഷിനെ വിളിച്ചതും മൂര്‍ഖനെ ആവശ്യപ്പെട്ടതും തിരുവല്ലയിലെ ആശുപത്രിയില്‍ ഇരുന്നുകൊണ്ടുതന്നെയാണ്. ഫോണ്‍ ടവര്‍ ലൊക്കേഷന്‍ ഇതിനു തെളിവാണ്.
ഉത്രയെ രണ്ടുതവണ പാമ്പുകടിച്ചപ്പോഴും സൂരജ് മാത്രമാണ് കിടപ്പുമുറിയില്‍ ഉണ്ടായിരുന്നത്. രണ്ടുതവണയും എന്താണ് സംഭവിച്ചതെന്ന് കോടതിയില്‍ വിശദീകരിക്കാന്‍ പ്രതി തയ്യാറായില്ല. ഉത്രയ്ക്ക് എങ്ങനെയാണ് 2020 മാര്‍ച്ച് മൂന്നിന് പാമ്പുകടിയേറ്റതെന്നോ എത്ര മണിക്കാണ് കടിച്ചതെന്നോ സൂരജ് കോടതിയില്‍ പറഞ്ഞില്ല. മുഖ്യമന്ത്രിക്ക് സൂരജ് നല്‍കിയ പരാതിയില്‍ 2020 മാര്‍ച്ച് മൂന്നിന് രാത്രി ഒന്നിന് ഭാര്യയ്ക്ക് കാലുവേദനയുണ്ടായെന്ന് പറയുന്നു. അന്നു പുലര്‍ച്ചെ 2.54നു മാത്രമാണ് ഉത്രയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ സുഹൃത്ത് സുജിത്തിനോട് ആവശ്യപ്പെടുന്നത്.
മരണം ഉറപ്പിക്കുന്നതിന് വേണ്ടിയാണ് വേദനകൊണ്ടുപുളയുന്ന ഉത്രയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ താമസിപ്പിച്ചത്. വീട്ടില്‍ രണ്ടു വാഹനം ഉണ്ടായിട്ടും സൂരജ് സ്വയം ഉത്രയെ ആശുപത്രിയില്‍ കൊണ്ടുപോയില്ല. കോടതിയില്‍ നല്‍കിയ വിശദീകരണം താനന്ന് മദ്യപിച്ചിരുന്നെന്നാണ്. ഭാര്യയുടെ ജീവന്‍ രക്ഷിക്കാന്‍പോലും വാഹനമോടിക്കില്ല എന്ന വാദം സാമാന്യബുദ്ധിക്കു നിരക്കാത്തതാണ്.
മെയ് ആറിന് കൃത്യം നടത്തിയ ശേഷം മാതാപിതാക്കള്‍ക്കൊപ്പം സൂരജും ചേര്‍ന്നാണ് അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലേക്കു ഉത്രയെ കൊണ്ടുപോയത്. ഡോക്ടറുടെ മുറിയിലേക്കു ചെന്ന സൂരജ് 'കൈയില്‍ പാടുണ്ട്' എന്നുപറഞ്ഞു. ഇറങ്ങിവന്നിട്ട് പാമ്പുകടിച്ചതാണെന്ന് ഡോക്ടര്‍ പറഞ്ഞെന്ന് ഉത്രയുടെ മാതാപിതാക്കളോടു പറഞ്ഞു. ഉത്രയുടെ സഹോദരന്‍ വിഷുവിനെയും കൂട്ടി വീട്ടിലേക്കു പോയി. കിടപ്പുമുറിയില്‍ കയറി വിഷുവിനോട് അലമാരയുടെ താഴെ പാമ്പുണ്ടെന്ന് പറഞ്ഞ് ഇറങ്ങിപ്പോയി. വിഷുവാണ് പാമ്പിനെ തല്ലിക്കൊന്നത്.
പാമ്പിനെ കൊണ്ടുവന്ന കറുത്ത തോള്‍സഞ്ചി തന്റേതല്ലെന്ന് വിചാരണവേളയില്‍ പ്രതി പറഞ്ഞിരുന്നു. 2020 മേയ് ആറിനാണ് ഉത്രയുടെ വീട്ടിലേക്ക് സൂരജ് കറുത്ത ബാഗ് കൊണ്ടുവന്നത്. ഇതിനുള്ളില്‍ പ്ലാസ്റ്റിക് കുപ്പിയിലായിരുന്നു പാമ്പ്. അന്ന് 11.30ന് ഇതേ ബാഗ് ധരിച്ച് ഏഴംകുളം സൗത്ത് ഇന്ത്യന്‍ ബാങ്ക് എ.ടി.എമ്മില്‍നിന്ന് സൂരജ് പണം പിന്‍വലിക്കുന്ന വീഡിയോദൃശ്യം പ്രോസിക്യൂഷന്‍ കോടതിയില്‍ പ്രദര്‍ശിപ്പിച്ചു. 2020 ഏപ്രില്‍ 24ന് ചാവര്‍കാവ് സുരേഷ് കൈമാറിയ പാമ്പിനെ ഇതേ ബാഗിലാണ് കൊണ്ടുപോയത്.
പുറത്തെറിഞ്ഞ കുപ്പി പിന്നീട് കണ്ടെടുത്തു. ഇതില്‍ പാമ്പിന്റെ അടയാളങ്ങള്‍ കണ്ടുകിട്ടി. 2020 മേയ് ഏഴിന് പതിവില്ലാതെ അതിരാവിലെ സൂരജ് ഉണര്‍ന്ന്, മരിച്ചുകിടന്ന ഉത്രയെ നോക്കുകപോലും ചെയ്യാതെ പുറത്തിറങ്ങിയെന്നത് സംശയം ജനിപ്പിക്കുന്ന പ്രവൃത്തിയാണ്. ഉത്രയ്ക്ക് രണ്ടുതവണ പാമ്പുകടിയേറ്റപ്പോഴും മയക്കുമരുന്നുകള്‍ നല്‍കിയിരുന്നെന്ന് ശാസ്ത്രീയ തെളിവുകള്‍കൊണ്ട് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി. മോഹന്‍രാജ് സമര്‍ഥിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates