കോഴിക്കോട്: ഉത്തര്‍പ്രദേശിലെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കോഴിക്കോട്ടുകാരന്‍ മാധ്യമ പ്രവര്‍ത്തകന് കഴിയുമോ? മാധ്യമ പ്രവര്‍ത്തകനായ എ എല്‍ ബാബു കഴിഞ്ഞ മൂന്ന് വര്‍ഷമായി ഉത്തര്‍പ്രദേശിലെ സാധാരണക്കാരുടെ ദുരിതങ്ങള്‍ നേരിട്ട് കേള്‍ക്കുന്നത്. ഇതൊരു ഔദ്യോഗിക ചുമതലയല്ല, മറിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ മുഖ്യമന്ത്രിയുമായി സംസാരിക്കാം എന്ന പദ്ധതിയാണ് പ്രശ്‌നങ്ങളുടെ കാതല്‍.
9454404444- എന്ന നമ്പറില്‍ നിങ്ങള്‍ക്ക് യോഗി ആദിത്യനാഥുമായി നേരിട്ട് സംസാരിക്കാം എന്നതാണ് യുപി സര്‍ക്കാരിന്റെ പദ്ധതി. ഈ നമ്പറിനോട് സമാനവും ഒരക്കം മാത്രം വ്യത്യാസപ്പെട്ടതുമായ ഫോണ്‍ നമ്പറാണ് എ എല്‍ ബാബുവിന്റേത്. ഇതാണ് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കുന്നത്.
''കഴിഞ്ഞ മൂന്ന് വര്‍ഷമായി നിരവധി കോളുകള്‍ എന്നെ തേടിയെത്താറുണ്ട്. പലതും കരഞ്ഞു കൊണ്ടുള്ള സഹായാഭ്യര്‍ത്ഥനകളാണ്. അവര്‍ കരുതുന്നത് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആണ് ഇപ്പുറത്ത് എന്നാണ്. വളരെ കഷ്ടപ്പെട്ടാണ് വിളിച്ച നമ്പര്‍ തെറ്റാണെന്ന് അവരെ ബോധ്യപ്പെടുത്താറ്.'' എ എല്‍ ബാബു പറയുന്നു. തന്റെ മറുപടി ചിലര്‍ വളരെ വിഷമത്തോടെ സ്വീകരിക്കുമ്പോള്‍ മറ്റ് ചിലര്‍ രൂക്ഷമായ ഭാഷയില്‍ വഴക്കുപറയാറുണ്ടെന്നും കോഴിക്കോട് പ്രാദേശിക ടിവി ചാനലില്‍ വാര്‍ത്താ അവതാരകനായ ബാബു ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പ്രതികിരിച്ചു.
പലപ്പോഴും ഇത്തരം കോളുകള്‍ ബുദ്ധിമുട്ടുണ്ടാക്കാറുണ്ട്. ട്രൂകോളര്‍ പോലുള്ള ആപ്പുകള്‍ ഉപയോഗിച്ച് പലതും അവഗണിക്കുന്നതാണ് ഇപ്പോഴത്തെ പതിവ്. കോളുകളുടെ എണ്ണം വര്‍ധിച്ചതോടെ സഹായം തേടി ബാബു പൊലീസിനെയും സമീപിച്ചിരുന്നു. അവര്‍ ഫോണ്‍നമ്പര്‍ മാറ്റാനായിരുന്നു നിര്‍ദേശിച്ചത്. എന്നാല്‍ ഇതിനോടകം നിരവധി പേര്‍ക്ക് പങ്കുവച്ചിട്ടുള്ള ഈ ഫോണ്‍ നമ്പര്‍ മാറ്റി മറ്റൊന്ന് ഉപയോഗിക്കുക എന്നതിലും പ്രായോഗിക ബുദ്ധമുട്ട് നേരിടുന്നതായും ബാബു പറയുന്നു. നേരത്തെ ടെലികോം കമ്പനിയില്‍ ജോലി നോക്കിയിരുന്ന ബാബു ഇവിടെ നിന്നാണ് ഫാന്‍സി ഗണത്തില്‍ പെടുന്ന ഫോണ്‍ നമ്പര്‍ തിരഞ്ഞെടുത്തത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates