V D Satheesan 
Kerala

'ഒരു ഭയവുമില്ല, എന്തു നഷ്ടം വന്നാലും വര്‍ഗീയത പറയുന്നതിനെ ഇനിയും എതിര്‍ക്കും'

'വര്‍ഗീയത ആളിക്കത്തിക്കാന്‍ തീപ്പൊരി വീഴാന്‍ കാത്തിരിക്കുന്നവരുടെ ഇടയിലേക്ക് തീപ്പന്തം എറിഞ്ഞു കൊടുക്കുകയാണ് സിപിഎം ചെയ്യുന്നത്'

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കൊച്ചി: വര്‍ഗീയത ആരും പറഞ്ഞാലും ഇനിയും എതിര്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വ്യക്തിപരമായ ലാഭനഷ്ടം നോക്കിയിട്ടുള്ള നിലപാട് അല്ല ഇത്. വ്യക്തിപരമായി നഷ്ടം വന്നാലും തന്റെ നിലപാടില്‍ വെള്ളം ചേര്‍ക്കില്ല. ഈ വൃത്തികേട് കണ്ടില്ല കേട്ടില്ല എന്നു നടിക്കണോ?. ജി സുകുമാരന്‍ നായരെയോ വെള്ളാപ്പള്ളി നടേശനെപ്പറ്റിയോ മോശമായി ഒരു വാക്കും പറഞ്ഞിട്ടില്ലെന്നും വിഡി സതീശന്‍ കൊച്ചിയില്‍ വ്യക്തമാക്കി. തന്നെ താരതമ്യം ചെയ്ത് കോണ്‍ഗ്രസിലെ മറ്റു നേതാക്കന്മാരെ പുകഴ്ത്തിപ്പറഞ്ഞാല്‍ സന്തോഷമേയുള്ളൂ. അവരൊക്കെ തന്റെ നേതാക്കന്മാരാണ്. വര്‍ഗീയമായ നിലപാട് ഒരു കാലത്തും താന്‍ എടുത്തിട്ടില്ലെന്നും വിഡി സതീശന്‍ പറഞ്ഞു.

വര്‍ഗീയത ആളിക്കത്തിക്കാന്‍ ഒരു തീപ്പൊരി വീഴാന്‍ കാത്തിരിക്കുന്നവരുടെ ഇടയിലേക്ക് തീപ്പന്തം എറിഞ്ഞു കൊടുക്കുകയാണ് സിപിഎം ചെയ്യുന്നതെന്ന് വിഡി സതീശന്‍ കുറ്റപ്പെടുത്തി. പിണറായി വിജയനും വിഡി സതീശനുമൊക്കെ കുറേ നാള്‍ കഴിയുമ്പോള്‍ രാഷ്ട്രീയത്തില്‍ ഇല്ലാതാകും. കുറേ കഴിയുമ്പോള്‍ ഓര്‍മ മാത്രമാകും. പക്ഷെ അപ്പോഴും കേരളം ഉണ്ടാകും. ആ കേരളത്തിന്റെ അടിത്തറയ്ക്ക് തീകൊളുത്തുന്ന പരിപാടിയാണ് ഇപ്പോള്‍ ചെയ്യുന്നത്. വരും തലമുറയോടുള്ള ക്രൂരതയാണ് ഈ കാണിക്കുന്നത്. അത്തരമൊരു വര്‍ഗീയത കേരളത്തെ എങ്ങോട്ടു കൊണ്ടുപോകും?. വരാനിരിക്കുന്ന തലമുറയോട് ഇതുപോലുള്ള കടുത്ത അനീതി ചെയ്യരുതെന്നാണ് അഭ്യര്‍ത്ഥിക്കാനുള്ളത്. വിഡി സതീശന്‍ പറഞ്ഞു.

നമ്മളെയെല്ലാം വേദനിപ്പിക്കുന്ന തരത്തിലുള്ള പ്രസ്താവനകളാണ് ഉത്തരവാദപ്പെട്ട ആളുകളില്‍ നിന്നും ഉണ്ടാകുന്നത്. എന്താണ് ഇവരും സംഘപരിവാറും തമ്മിലുള്ള വ്യത്യാസം. ഇങ്ങനെ തുടര്‍ന്നാല്‍ കേരളം എവിടെയെത്തിച്ചേരുമെന്ന് ചിന്തിക്കണം. വര്‍ഗീയതക്കെതിരായ നിലപാട് സ്വീകരിച്ചതിന്റെ പേരില്‍ ഏത് ആക്രമണങ്ങളേയും, ഏതു കുന്തമുനകളേയും നേരിടാന്‍ തയ്യാറാണ്. വര്‍ഗീയതയുമായി ഏറ്റുമുട്ടി തോറ്റു നിലത്തു വീണാല്‍ അത് വീരോചിതമായ ചരമമായിരിക്കും. അതില്‍ ഒരു ഭയവുമില്ല. താന്‍ പറയുന്നത് കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും നിലപാടാണ്. കോണ്‍ഗ്രസുകാരനായതുകൊണ്ടാണ് ഇങ്ങനെ സംസാരിക്കാന്‍ കഴിയുന്നത്. കോണ്‍ഗ്രസിന്റെ ആശയങ്ങളാണ് പങ്കുവെക്കുന്നത്.

കേരളത്തെ തകര്‍ക്കാനും ഭിന്നിപ്പിക്കാനും ആരു വന്നാലും അതിനെ ചെറുത്തു തോല്‍പ്പിക്കുക തന്നെ ചെയ്യും. വര്‍ഗീയതക്കെതിരായ പോരാട്ടത്തില്‍ വിട്ടുവീഴ്ചയില്ലെന്നും വിഡി സതീശന്‍ പറഞ്ഞു. പെരുന്നയിലെ എന്‍എസ്എസ് ആസ്ഥാനത്തും വെള്ളാപ്പള്ളി നടേശന്റെ കണിച്ചു കുളങ്ങരയിലെ വസതിയിലും പോയിട്ടുണ്ട്. മുഴുവന്‍ സമുദായ നേതാക്കളെയും മുമ്പും ഇപ്പോഴും കാണാറുണ്ട്. അവരുമായി ചര്‍ച്ച ചെയ്യേണ്ടേ. കഴിഞ്ഞ തെരഞ്ഞെടുപ്പിന് മുമ്പ് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ഉള്‍പ്പെടെയുള്ള നേതാക്കള്‍ അഭ്യര്‍ത്ഥിച്ചതുപ്രകാരം പെരുന്നയില്‍ പോയി എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയെ കണ്ടിട്ടുണ്ട്. അതിലെന്താണ് കുഴപ്പമെന്നും വിഡി സതീശന്‍ ചോദിച്ചു. വോട്ടെന്നു പറഞ്ഞാല്‍ ജനങ്ങള്‍ നല്‍കുന്നതല്ലേ?. അല്ലാതെ അവരുടെ ആരുടേയും കയ്യിലിരിക്കുന്നതല്ലല്ലോ. രാഷ്ട്രീയ നേതാക്കളും സ്ഥാനാര്‍ത്ഥികളും എല്ലാ ജനങ്ങളോടും വോട്ട് അഭ്യര്‍ത്ഥിക്കുകയല്ലേ ചെയ്യുന്നതെന്ന് വിഡി സതീശന്‍ ചോദിച്ചു.

മന്ത്രി സജി ചെറിയാന്റെ വിവാദ പ്രസ്താവനയെയും വിഡി സതീശന്‍ വിമര്‍ശിച്ചു. ആപല്‍ക്കരവും അപകടകരവുമായ വര്‍ഗീയ വിദ്വേഷമുണ്ടാക്കുന്ന പ്രസ്താവനയാണ് ഭരണഘടനാപ്രകാരം സത്യപ്രതിജ്ഞ ചെയ്ത മന്ത്രി ചെയ്തിരിക്കുന്നത്. എന്താണ് ഇതിന്റെ ഉദ്ദേശം. ആളുകളെ ഭിന്നിപ്പിച്ച് രാഷ്ട്രീയലാഭം ഉണ്ടാക്കുകയെന്ന സംഘപരിവാറിന്റെ അതേ വഴിയിലൂടെ സിപിഎം യാത്ര ചെയ്യുകയാണ്. അതിന് മുഖ്യമന്ത്രി കുടപിടിച്ചുകൊടുക്കുകയാണ്. മുഖ്യമന്ത്രിയുടെ അറിവോടെയാണ് സജി ചെറിയാന്റെയും മുന്‍മന്ത്രി എ കെ ബാലന്റെയും പ്രസ്താവന. ബാലന്റെ പ്രസ്താവനയെ മുഖ്യമന്ത്രി ന്യായീകരിക്കുകയാണ് ചെയ്തത്.

ജയിച്ചു വരുന്ന ആളുകളുടെ മതം നോക്കാനാണ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞത്. കേരളത്തിന്റെ ചരിത്രത്തില്‍ മന്ത്രിസഭയിലെ ഒരംഗം ഇതുപോലെ ഒരു പ്രസ്താവന നടത്തിയിട്ടില്ല. എത്ര ക്രൂരമായ പ്രസ്താവനയാണത്. ഇത് കേരളത്തെ അപകടകരമായ നിലയിലേക്ക് എത്തിക്കും. നമ്മുടെ സംസ്ഥാനം ഉണ്ടാക്കിയ മൂല്യങ്ങള്‍ മുഴുവന്‍ കുഴിച്ചുമൂടപ്പെടുമെന്ന് വിഡി സതീശന്‍ വ്യക്തമാക്കി. പിണറായി വിജയന്‍ ഹിറാ സെന്ററില്‍ ജമാ അത്തെ ഇസ്ലാമി അമീറുമായി സംസാരിക്കുന്ന ചിത്രം നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് വേളയില്‍ താന്‍ കാണിച്ചിരുന്നു. പിറ്റേദിവസം ജമാ അത്തെ ഇസ്ലാമിയുമായി ബന്ധമുണ്ടെന്ന് പിണറായി സറണ്ടര്‍ ചെയ്യുകയും ചെയ്തിരുന്നു.

ഇപ്പോള്‍ സിപിഎം നേതാവ് എ കെ ബാലന്‍ പറയുന്നത് യുഡിഎഫ് ജയിച്ചാല്‍ ആഭ്യന്തര വകുപ്പ് ജമാ അത്തെ ഇസ്ലാമി ഭരിക്കുമെന്നാണ്. ഇതിന്റെ അര്‍ത്ഥം എന്താണ്?. അങ്ങനെയെങ്കില്‍ സിപിഎമ്മിന് ജമാ അത്തെ ഇസ്ലാമിയുമായി ബന്ധമുണ്ടായിരുന്ന 42 വര്‍ഷക്കാലത്തിനിടെ, സിപിഎമ്മിന് അധികാരം കിട്ടിയപ്പോഴെല്ലാം ആഭ്യന്തരം ഭരിച്ചിരുന്നത് ജമാ അത്തെ ഇസ്ലാമിയാണോ?. ആണെങ്കില്‍ സൂക്ഷിക്കണം. അങ്ങനെയെങ്കില്‍ അധികാരത്തില്‍ വരുമ്പോള്‍ ഞങ്ങളും ശ്രദ്ധിച്ചോളാം. വിഡി സതീശന്‍ വ്യക്തമാക്കി. വർ​ഗീയത കൊണ്ട് തല ചൊറിയുന്നത് സിപിഎമ്മിന്റെ അവസാനത്തിന്റെ ആരംഭമാണ്. തീക്കൊള്ളി കൊണ്ടാണ് സിപിഎം തല ചൊറിയുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Opposition leader V D Satheesan said that the CPM is throwing firecrackers at those who are waiting for a spark to ignite communalism.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എന്താണ് സംഭവിക്കുന്നത് എന്നറിയാമോ?; സിബിഐ അന്വേഷണം ആവശ്യപ്പെട്ട തന്ത്രി പ്രചാരക് സഭയ്ക്ക് ഹൈക്കോടതിയുടെ വിമര്‍ശനം

വ്യായാമം ചെയ്യാതെ വണ്ണം കുറയ്ക്കാം, ചില വഴികളിതാ

'ഒന്നര മാസത്തോളം വീടിന് പുറത്തിറങ്ങിയില്ല, ആരോടും സംസാരിച്ചില്ല'; നിശബ്ദമായൊരു പോരാട്ടത്തിലായിരുന്നു ഞാന്‍: ഭാവന

'ലീലാവതി ടീച്ചര്‍ കേരളത്തിന്റെ മാത്രമല്ല, രാജ്യത്തിന്റെ അഭിമാനം'; പ്രിയദര്‍ശിനി പുരസ്‌കാരം രാഹുല്‍ ഗാന്ധി സമ്മാനിച്ചു

നബാർഡിൽ ഡെവലപ്‌മെന്റ് അസിസ്റ്റന്റ് തസ്തികയിൽ നിരവധി ഒഴിവുകൾ, ബിരുദമുള്ളവർക്ക് അപേക്ഷിക്കാം

SCROLL FOR NEXT