

യുകെയിൽ ബിരുദാനന്തര ബിരുദം നേടാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്കായി ബർമിങ് ഹാം യൂണിവേഴ്സിറ്റി, ഇന്ത്യ പോസ്റ്റ് ഗ്രാജുവേറ്റ് ചാൻസലർ സ്കോളർഷിപ്പ് പ്രഖ്യാപിച്ചു. ഈ സ്കോളർഷിപ്പ് വിദ്യാർത്ഥികൾക്ക് സാമ്പത്തിക സഹായം നൽകുന്നു.
ബർമിങ് ഹാം യൂണിവേഴ്സിറ്റി, ചരിത്രപ്രസിദ്ധമായ ബർമിങ് ഹാം കാമ്പസിൽ (എഡ്ജ്ബാസ്റ്റൺ) മുഴുവൻ സമയ ബിരുദാനന്തര പഠന പരിപാടിയുടെ ആദ്യ വർഷത്തെ ഫീസ് കുറയ്ക്കുന്ന മൊത്തം £10,000 (12,20,751രൂപ) നൽകുന്ന ഇന്ത്യ പോസ്റ്റ് ഗ്രാജുവേറ്റ് ചാൻസലർ സ്കോളർഷിപ്പാണ് യൂണിവേഴ്സിറ്റി പ്രഖ്യാപിച്ചത്.
ഇന്ത്യ പോസ്റ്റ് ഗ്രാജുവേറ്റ് ചാൻസലർ സ്കോളർഷിപ്പിന് അപേക്ഷിക്കാനുള്ള അവസാന തീയതി 2026 മെയ് 31 ആണ്.
⊛2026 സെപ്റ്റംബറിൽ ആരംഭിക്കുന്ന ഒരു മുഴുവൻ സമയ മാസ്റ്റർ പ്രോഗ്രാമിനുള്ള ഓഫർ അപേക്ഷകർക്ക് ലഭിച്ചിരിക്കണം.
⊛അപേക്ഷകർ ബർമിങ് ഹാം സർവകലാശാലയെ പഠനത്തിനായി തെരഞ്ഞെടുക്കയും ഓഫറിന്റെ എല്ലാ നിബന്ധനകളും പാലിക്കുകയും വേണം.
⊛അപേക്ഷകർ ഇന്ത്യയിൽ നിന്നുള്ളവ്യക്തിയും ഓവർസീസ് ഫീസ് അടയ്ക്കുന്ന വിദ്യാർത്ഥിയുമായിരിക്കണം.
⊛യൂണിവേഴ്സിറ്റിയുടെ അഡ്മിഷൻ ഓഫീസ് ആവശ്യപ്പെടുന്ന £3,000 ( 3,66,343 രൂപ) ഡെപ്പോസിറ്റ് അപേക്ഷകർ അടച്ചിരിക്കണം.
⊛ജീവിതച്ചെലവുകൾ, വിസ ചെലവുകൾ, യാത്രാ ചെലവുകൾ, സ്കോളർഷിപ്പിന്റെ പരിധിയിൽ വരാത്ത മറ്റ് കുടിശ്ശിക ട്യൂഷൻ ഫീസ് എന്നിവ വഹിക്കാനുള്ള ശേഷി അപേക്ഷകർ തെളിയിക്കണം.
⊛തെരഞ്ഞെടുക്കപ്പെട്ടവർ സെപ്റ്റംബറിൽ പഠനത്തിനായി എത്തിയതിന് ശേഷം 2026 നവംബർ ഒന്നിന് മുമ്പ് എൻറോൾ ചെയ്യുകയും ട്യൂഷൻ ഫീസ് അടയ്ക്കുകയും വേണം. സ്കോളർഷിപ്പ് മാറ്റിവയ്ക്കില്ല, കൂടാതെ അപേക്ഷകർ തീരുമാനിച്ചതുപോലെ യുകെയിൽ പഠനത്തിനായി ചേരണം.
തെരഞ്ഞെടുപ്പ് പ്രക്രിയ മെറിറ്റ് അടിസ്ഥാനമാക്കിയുള്ളതാണ്, അപേക്ഷകരുടെ അക്കാദമിക് പ്രകടനവും സ്റ്റേറ്റ്മെന്റ് ഓഫ് പർപ്പസ് എന്നിവ സെലക്ഷൻ കമ്മിറ്റി പരിഗണിക്കും. ഒരേ അക്കാദമിക് പ്രകടനമുള്ള ഒന്നിലധികം അപേക്ഷകർ ഉണ്ടെങ്കിൽ, സർവകലാശാല ഓൺലൈൻ അഭിമുഖം നടത്തിയേക്കാം.
തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികളെ 2026 ഓഗസ്റ്റ് 14-നകം അറിയിക്കും. തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികളുടെ ട്യൂഷൻ ഫീസിൽ നിന്ന് സ്കോളർഷിപ്പ് തുക കുറയ്ക്കും.
ഇന്ത്യയിൽ നിന്നുള്ള ബിരുദാന്തര ബിരുദ അപേക്ഷകർക്ക് യുകെയിൽ പഠിക്കുന്നതിന്റെ സാമ്പത്തിക ബാധ്യത കുറയ്ക്കുന്നതിനൊപ്പം വിദ്യാഭ്യാസം നേടുന്നതിനുള്ള മികച്ച അവസരങ്ങളിലൊന്നാണ് ഈ സ്കോളർഷിപ്പ് നൽകുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates