V D Satheesan  file
Kerala

കോണ്‍ഗ്രസിന്റെ പോഷകസംഘടന നല്‍കുന്ന ലിസ്റ്റില്‍ ഒപ്പിടാനല്ല ഇരിക്കുന്നത്; പ്ലീഡര്‍ നിയമനത്തില്‍ കെ എസ് യു യൂണിറ്റ് കമ്മിറ്റിക്ക് എന്തുകാര്യം?

അഡ്വക്കേറ്റ് ജനറലുമായി കൂടിയാലോചിച്ചാണ് പ്ലീഡര്‍മാരെ നിയമിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

തിരുവനന്തപുരം: സര്‍ക്കാര്‍ പ്ലീഡര്‍ നിയമനവുമായി ബന്ധപ്പെട്ട വിവാദം മുഖ്യമന്ത്രി വിഡി സതീശന്‍ തള്ളി. രണ്ടു പ്ലീഡര്‍മാരുടെ നിയമനമാണ് വിവാദമാക്കിയത്. ഒരാള്‍ പഠിക്കുന്ന കാലത്ത് എസ്എഫ്‌ഐ ആയിരുന്നു, മറ്റേയാള്‍ കോളജില്‍ പഠിക്കുമ്പോള്‍ എബിവിപി ആയിരുന്നു എന്നെല്ലാമാണ് ആക്ഷേപം ഉയര്‍ന്നത്. കോണ്‍ഗ്രസിലെ അഭിഭാഷക വിഭാഗമായ ഇന്ത്യന്‍ ലോയേഴ്‌സ് കോണ്‍ഗ്രസ് പരാതി പറയുന്നുവെന്നാണ് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നത്. എന്നാല്‍ തന്നോടാരും പരാതി പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

തനിക്ക് ഇന്ത്യന്‍ ലോയേഴ്‌സ് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി പരിഗണനയ്ക്കായി സമര്‍പ്പിച്ച ലിസ്റ്റില്‍ വിവാദത്തിലായ ഈ രണ്ടു പേരുകളുമുണ്ട്. ഈ ലിസ്റ്റ് മാത്രമല്ല, അവരുടെ പശ്ചാത്തലം അടക്കമുള്ള മറ്റു കാര്യങ്ങള്‍ കൂടി പരിശോധിച്ച ശേഷമാണ് നിയമനം നടത്തിയത്. അഭിഭാഷകരെന്ന നിലയില്‍ അവരുടെ മത്സരക്ഷമതയും പരിഗണിച്ചു. രണ്ടുപേരും ഇന്ത്യന്‍ ലോയേഴ്‌സ് കോണ്‍ഗ്രസില്‍ അംഗങ്ങളാണ്. അഡ്വക്കേറ്റ് ജനറലുമായി കൂടിയാലോചിച്ചാണ് പ്ലീഡര്‍മാരെ നിയമിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോണ്‍ഗ്രസിന്റെ പോഷകസംഘടന നല്‍കുന്ന ലിസ്റ്റില്‍ ഒപ്പിടാനല്ലല്ലോ നമ്മള്‍ ഇരിക്കുന്നത്. അങ്ങനെ ചെയ്യാന്‍ പറ്റില്ലല്ലോ. കോടതിയില്‍ നല്ല അഭിഭാഷകര്‍ വരണമല്ലോ. വിവാദത്തില്‍പ്പെട്ട രണ്ടുപേരും കോംപറ്റീവ് ആയ ലോയേഴ്‌സാണ്. ഇന്ത്യന്‍ ലോയേഴ്‌സ് കോണ്‍ഗ്രസിന്റെ സംസ്ഥാന കമ്മിറ്റിയും ഹൈക്കോടതി യൂണിറ്റ് കമ്മിറ്റിയും ഈ രണ്ടുപേരുടെയും പേരുകള്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. അവര്‍ ഇന്ത്യന്‍ ലോയേഴ്‌സ് കോണ്‍ഗ്രസില്‍ അംഗങ്ങളാണ്. എസ്എഫ്‌ഐ പശ്ചാത്തലം ചൂണ്ടിക്കാട്ടിയപ്പോള്‍, സിപിഎമ്മില്‍ നിന്നു വന്ന 5 പേരും, ബിജെപിയില്‍ നിന്നു വന്ന ഒരാളും നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികളായിരുന്നുവെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

ഈ വിഷയത്തില്‍ എന്തായാലും എന്റെ മുന്നില്‍ പരാതികളൊന്നും വന്നിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സര്‍ക്കാര്‍ പ്ലീഡര്‍ വിവാദം ഊതി വീര്‍പ്പിക്കുന്നത് മാധ്യമങ്ങളാണ്. തിരുവനന്തപുരം ലോ കോളജ് കെ എസ് യു യൂണിയനും, അബിന്‍ വര്‍ക്കി ഉള്‍പ്പെടെ പരാതികള്‍ ഉന്നയിച്ചുവെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, അവരൊന്നും അല്ലല്ലോ പ്ലീഡര്‍മാരെ തീരുമാനിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്ലീഡര്‍മാരെ തീരുമാനിക്കുന്നതില്‍ തിരുവനന്തപുരം ലോ കോളജ് കെ എസ് യു യൂണിറ്റ് കമ്മിറ്റിക്ക് എന്തുകാര്യമെന്നും മുഖ്യമന്ത്രി ചോദിച്ചു. അവര്‍ക്കൊന്നും ഒരു കാര്യവുമില്ല. ഈ വിഷയം ഇതോടെ തീര്‍ന്നല്ലോയെന്നും വിഡി സതീശന്‍ പറഞ്ഞു.

V.D. Satheesan dismissed the controversy surrounding the appointment of the Government Pleader

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മൂന്ന് കോടി തന്നാൽ മന്ത്രി സ്ഥാനം തരാം'; ഡൽഹിയിൽ നിന്ന് വിളി, പരാതി നൽകി എംഎൽഎ

മനസ് മരവിച്ച് വേദിയില്‍, പാട്ട് മുറിഞ്ഞ് ശ്വേത; എന്തുകൊണ്ട് ജാനകിയമ്മയെ കാണാന്‍ വന്നില്ല? മറുപടി നല്‍കി ഗായിക

കാര്‍ വാങ്ങുന്ന സമയത്ത് തന്നെ വായ്പ, ഇഎംഐ വിട്ട് ഇനി 'എംബഡഡ് ഫിനാന്‍സ്' രീതിയിലേക്ക്; ഇനി കാര്യങ്ങള്‍ ലളിതം

അതിവേഗ റെയില്‍: ഇ ശ്രീധരന്റെ റിപ്പോര്‍ട്ട് അപൂര്‍ണം, ഇപ്പോഴത്തെ രൂപത്തില്‍ നടപ്പാക്കരുതെന്ന് വിദഗ്ധ സമിതി ശുപാര്‍ശ

എഥനോള്‍ വിവാദത്തില്‍ ഗഡ്കരിയെ അപകീര്‍ത്തിപ്പെടുത്താന്‍ ഗൂഢാലോചന; നാലു ഇന്‍ഫ്‌ലുവന്‍സര്‍മാര്‍ക്കെതിരെ കേസ്