കൊച്ചി:വെള്ളിയാഴ്ച നിയമസഭയിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ തന്റെ കന്നി സംസ്ഥാന ബജറ്റ് അവതരിപ്പിക്കാനായി എഴുന്നേൽക്കുമ്പോൾ, അത് കേരളത്തിന്റെ രാഷ്ട്രീയ-ധനകാര്യ ചരിത്രത്തിലെ അധികമാരും അറിയാത്ത ഒരു അപൂർവ്വ അധ്യായത്തിന്റെ പുനരുജ്ജീവനമാകും. ഈ ബജറ്റ് അവതരണത്തിലൂടെ എറണാകുളം ജില്ലയിലെ പറവൂർ മണ്ഡലം, അഞ്ചര പതിറ്റാണ്ടിന് ശേഷമാണ് സംസ്ഥാനത്തിന്റെ ധനകാര്യ ആഖ്യാനങ്ങളുടെ കേന്ദ്രബിന്ദുവിലേക്ക് വീണ്ടും തിരിച്ചെത്തുന്നത്.
മുൻപ് 'പറൂർ' എന്നറിയപ്പെട്ടിരുന്ന ഈ മണ്ഡലത്തിൽ നിന്നുള്ള ഒരു ജനപ്രതിനിധി ഒടുവിലായി സംസ്ഥാന ബജറ്റ് അവതരിപ്പിച്ചത് സി.അച്യുതമേനോന്റെ നേതൃത്വത്തിലുള്ള രണ്ടാമത് മന്ത്രിസഭയിൽ ധനകാര്യ-നിയമ മന്ത്രിയായിരുന്ന കെ ടി ജോർജ് ആയിരുന്നു. 1972 ഫെബ്രുവരി 25-നായിരുന്നു കെ ടി ജോർജ് തന്റെ ആദ്യ ബജറ്റ് സഭയിൽ സമർപ്പിച്ചത്. ഇപ്പോൾ കൃത്യം 54 വർഷങ്ങൾക്ക് ശേഷമാണ് പറവൂരിൽ നിന്നുള്ള മറ്റൊരു ജനപ്രതിനിധി ഇതേ ചരിത്രപരമായ ദൗത്യം നിർവ്വഹിക്കാൻ ഒരുങ്ങുന്നത് എന്ന രാഷ്ട്രീയ കൗതുകവും ഇതിന് പിന്നിലുണ്ട്.
അക്കാലത്തെ കോൺഗ്രസ് പ്രസ്ഥാനത്തിന്റെ ഏറ്റവും പ്രമുഖരായ ഉന്നത നേതാക്കളിൽ ഒരാളായിരുന്നു കെ.ടി. ജോർജ്. 1965, 1967, 1971 വർഷങ്ങളിൽ പറൂർ മണ്ഡലത്തിൽ നിന്നും തുടർച്ചയായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം നാലാം കേരള നിയമസഭയിലെ കോൺഗ്രസ് പാർലമെന്ററി പാർട്ടിയുടെ ഡെപ്യൂട്ടി ലീഡറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ചരിത്രം ആവർത്തിച്ച് വി ഡി സതീശൻ
വെള്ളിയാഴ്ച നടക്കുന്ന ബജറ്റ് അവതരണത്തിലൂടെ മുഖ്യമന്ത്രി സ്ഥാനം അലങ്കരിക്കവെ തന്നെ ധനകാര്യ വകുപ്പിന്റെ പൂർണ്ണമായ ചുമതല കൂടി സ്വന്തമായി വഹിച്ച് ബജറ്റ് അവതരിപ്പിക്കുന്ന കേരള ചരിത്രത്തിലെ മൂന്നാമത്തെ മാത്രം കോൺഗ്രസ് മുഖ്യമന്ത്രിയായി വി ഡി സതീശൻ മാറും.
ഇത്തരത്തിൽ ഈ അപൂർവ്വ നേട്ടം കൈവരിച്ച സംസ്ഥാനത്തെ ആദ്യ കോൺഗ്രസ് മുഖ്യമന്ത്രി ആർ. ശങ്കർ ആയിരുന്നു. 1962-ൽ പട്ടം താണുപിള്ളയ്ക്ക് ശേഷം മുഖ്യമന്ത്രി കസേരയിലെത്തിയ ശങ്കർ, മുഖ്യമന്ത്രിയായിരിക്കെ തന്നെ 1963-64, 1964-65 വർഷങ്ങളിലെ സംസ്ഥാന ബജറ്റുകൾ സഭയിൽ അവതരിപ്പിച്ചു.
രണ്ടാമതായി ഈ നേട്ടം കൈവരിച്ചത് ഉമ്മൻചാണ്ടിയാണ്. അന്നത്തെ ധനകാര്യമന്ത്രി കെഎം മാണിയുടെ രാജിയെ തുടർന്ന് ധനവകുപ്പ് ഏറ്റെടുത്ത ഉമ്മൻചാണ്ടി, മുഖ്യമന്ത്രിയായിരിക്കെ തന്നെയാണ് 2016-17 സാമ്പത്തിക വർഷത്തെ ബജറ്റ് നിയമസഭയിൽ സമർപ്പിച്ചത്. ഇതിന് മുൻപ് തൊണ്ണൂറുകളുടെ തുടക്കത്തിൽ കെ. കരുണാകരൻ മന്ത്രിസഭയിൽ ധനകാര്യമന്ത്രിയായിരുന്ന സമയത്ത് അദ്ദേഹം നാല് തവണ ബജറ്റ് അവതരിപ്പിച്ചിട്ടുമുണ്ട്. സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടയിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഒരുക്കുന്ന പുതിയ ബജറ്റിൽ അടങ്ങിയിരിക്കുന്നത് എന്തൊക്കെയായിരിക്കുമെന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ-സാമ്പത്തിക നിരീക്ഷകർ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates