ശ്രീനിവാസന്‍ 
Kerala

'നന്ദി ശ്രീനിയേട്ടാ... നിങ്ങള്‍ പകര്‍ന്നു തന്ന ഓരോ ചിരിക്കും ചിന്തയ്ക്കും'

അഞ്ച് പതിറ്റാണ്ട് നീണ്ട ശ്രീനിവാസന്റെ സിനിമാ ജീവിതം അവസാനിക്കുന്നത് മറ്റാര്‍ക്കും എത്തിപ്പിടിക്കാന്‍ കഴിയാത്ത നേട്ടങ്ങളോടെയാണ്. അതാണ് ശ്രീനാവാസിന്റെ എഴുത്തിന്റെ ആഴവും അഭിനയത്തിന്റെ പരപ്പും

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: അന്തരിച്ച നടന്‍ ശ്രീനിവാസനെ അനുസ്മരിച്ച് കേരളം. വലിയ ലോകത്തെ ചെറിയ മനുഷ്യരുടെ ജീവിതവും ചെറിയ ലോകത്തെ വലിയ മനുഷ്യരുടെ ജീവിതവും അസാധാരണ ശൈലിയില്‍ പകര്‍ത്തി എഴുതിയ അതുല്യ കലാകാരനായിരുന്നു ശ്രീനിവാസനെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. തൊട്ടതെല്ലാം പൊന്നാക്കിയ മലയാള സിനിമയിലെ ബഹുമുഖ പ്രതിഭ. അഞ്ച് പതിറ്റാണ്ട് നീണ്ട ശ്രീനിവാസന്റെ സിനിമാ ജീവിതം അവസാനിക്കുന്നത് മറ്റാര്‍ക്കും എത്തിപ്പിടിക്കാന്‍ കഴിയാത്ത നേട്ടങ്ങളോടെയാണ്. അതാണ് ശ്രീനാവാസിന്റെ എഴുത്തിന്റെ ആഴവും അഭിനയത്തിന്റെ പരപ്പുമെന്ന് വിഡി സതീശന്‍ പറഞ്ഞു.

'പ്രിയദര്‍ശന്‍ ചെയ്ത ചതിയാണ് തന്നെ തിരക്കഥാകൃത്ത് ആക്കിയതെന്ന് ശ്രീനിവാസന്‍ പതിവ് ശൈലിയില്‍ സരസമായി പലവട്ടം പറഞ്ഞിട്ടുണ്ട്. എന്നാല്‍ അത് മലയാള സിനിമയുടെ ഭാഗ്യമായിരുന്നെന്ന് കാലം തെളിയിച്ചു. ഊതി കാച്ചിയെടുത്ത പൊന്നു പോലെ ശ്രീനിവാസന്‍ എഴുതിയതും അഭിനയിച്ച് ഫലിപ്പിച്ചതുമായ കഥാപാത്രങ്ങള്‍ മിക്കതും നമുക്ക് ചിരപരിചയമുള്ളവരായിരുന്നു. അത്രമേല്‍ മലയാളി പൊതുസമൂഹത്തോട് ചേര്‍ന്ന് നില്‍ക്കുന്നവരായിരുന്നു. അതുവരെയുള്ള നായക സങ്കല്‍പ്പത്തെ പൊളിച്ചെഴുതുന്നതായിരുന്നു. അതുകൊണ്ടാണ് അതെല്ലാം കാലാതിവര്‍ത്തിയാകുന്നത്. തലയണമന്ത്രവും വടക്കുനോക്കിയന്ത്രവും ചിന്താവിഷ്ടയായ ശ്യാമളയുമൊക്കെ ക്ലാസിക്കുകള്‍ ആകുന്നതും അങ്ങനെയാണ്.

അസാധാരണ മനക്കരുത്തിന്റേയും പോരാട്ടവീര്യത്തിന്റെയും പ്രതീകമായിരുന്നു ശ്രീനിവാസന്‍. ഒരു ശരാശരി മലയാളിയുടെ ജീവിതത്തിന്റെ വിവിധ തലങ്ങള്‍ ഹൃദയസ്പര്‍ശിയായി ശ്രീനിവാസന്‍ എഴുതി, അഭിനയിച്ച് ഫലിപ്പിച്ചു. അതില്‍ നഗ്നമായ ജീവിത യാഥാര്‍ഥ്യങ്ങളുണ്ട്, പ്രണയമുണ്ട്, വിരഹമുണ്ട്, നിസഹായതയുണ്ട്, നിഷ്‌കളങ്കമായ സ്നേഹമുണ്ട്, സൗഹൃദമുണ്ട്, വെറുപ്പും പ്രതികാരവുമുണ്ട്, നെഞ്ചില്‍ തറയ്ക്കുന്ന ആക്ഷേപഹാസ്യമുണ്ട്, നിശിതമായ വിമര്‍ശനമുണ്ട്, അപ്രിയ സത്യങ്ങളുമുണ്ട്. ശ്രീനിവാസന്‍ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞത് കേരള സമൂഹത്തിന് വലിയ വലിയ സന്ദേശമാണ് നല്‍കിയത്.

ശ്രീനിവാസന്‍ എഴുതിയതും പറഞ്ഞതും തിരശീലയില്‍ കാണിച്ചതും ഒരു ദിവസം ഒരിക്കലെങ്കിലും ഓര്‍ക്കാത്ത മലയാളി ഉണ്ടാകില്ല. അതില്‍ ദേശ, പ്രായ, ജാതി, മത രാഷ്ട്രീയ വ്യത്യാസങ്ങളില്ല. ഇന്നലെ തിരുവനന്തപുരത്ത് മാധ്യമങ്ങളെ കണ്ടപ്പോള്‍ ഞാനും ശ്രീനിവാസനെ ഓര്‍ത്തിരുന്നു. സന്ദേശത്തിലെ വാചകങ്ങള്‍ ഓര്‍ത്തെടുത്തു. ശ്രീനിവാസന്‍ എന്ന പ്രതിഭയ്ക്ക് ബിഗ് സല്യൂട്ട് നല്‍കി. എറണാകുളത്ത് മടങ്ങി എത്തുമ്പോള്‍ ശ്രീനിവാസനെ നേരില്‍ കാണണമെന്ന് കരുതിയതാണ്. അതിന് കാത്തു നില്‍ക്കാതെ ശ്രീനിയേട്ടന്‍ പോയി. മലയാള സിനിമയില്‍ ഞാന്‍ കണ്ട അതുല്യ പ്രതിഭയ്ക്ക്, നിഷ്‌കളങ്കനായ മനുഷ്യന്, മനുഷ്യ സ്നേഹിക്ക്, പ്രിയ സുഹൃത്തിന് വിട'- വിഡി സതീശന്‍ പറഞ്ഞു.

ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തുകൊണ്ട് സമൂഹത്തിന്റെ നേര്‍ചിത്രങ്ങള്‍ വരച്ചുകാട്ടിയ അപൂര്‍വ്വ പ്രതിഭയായിരുന്നു ശ്രീനിവാസനെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു 'സന്ദേശത്തിലെ മൂര്‍ച്ചയേറിയ രാഷ്ട്രീയ പരിഹാസങ്ങള്‍ മുതല്‍ വരവേല്‍പ്പിലെ സാധാരണക്കാരന്റെ ജീവിതസമരങ്ങള്‍ വരെ, അദ്ദേഹത്തിന്റെ സിനിമകള്‍ കേരളീയ ജീവിതത്തിന്റെ നേര്‍ക്കാഴ്ചകളായിരുന്നു; പലപ്പോഴും രാഷ്ട്രീയത്തിലെയും സാമൂഹിക ജീവിതത്തിലെയും ഇരട്ടത്താപ്പുകളെയും അവ തുറന്നുകാട്ടി.

സാധാരണക്കാരന്റെ ഹൃദയമിടിപ്പ് ഇത്രത്തോളം തൊട്ടറിഞ്ഞ മറ്റൊരു ചലച്ചിത്രകാരന്‍ മലയാളത്തിലുണ്ടാവില്ല. നമ്മെ രസിപ്പിക്കുക മാത്രമല്ല, സ്വന്തം വീഴ്ചകളെ നോക്കി ചിരിക്കാന്‍ നമ്മെ പഠിപ്പിക്കുക കൂടി ചെയ്തു അദ്ദേഹം. നന്ദി ശ്രീനിയേട്ടാ... നിങ്ങള്‍ പകര്‍ന്നു തന്ന ഓരോ ചിരിക്കും ചിന്തയ്ക്കും. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ലോകമെമ്പാടുമുള്ള ആരാധകരുടെയും ദുഃഖത്തില്‍ ഞാനും പങ്കുചേരുന്നുവെന്ന് രാജീവ് ചന്ദ്രശേഖര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

VD Satheesan, Rajeev Chandrasekhar mourns the demise of legendary actor Sreenivasan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു ലോകകപ്പ് ടീമിൽ; ഗില്ലിനെ ഒഴിവാക്കി; ഇന്ത്യന്‍ സംഘത്തെ പ്രഖ്യാപിച്ചു

37-ാം ജന്മദിനത്തില്‍ അച്ഛന്റെ വിയോഗം; പൊട്ടിക്കരഞ്ഞ് ധ്യാന്‍; പിണക്കവും ഇണക്കവും ശീലമാക്കിയ അച്ഛനും മകനും

'സിഐഎയെ പേടിച്ച സിനിമാക്കാരന്‍'

IIM Kozhikode: ചീഫ് മാനേജർ മുതൽ ജൂനിയർ അക്കൗണ്ടന്റ് വരെ നിരവധി ഒഴിവുകൾ

തോഷാഖാന അഴിമതിക്കേസില്‍ ഇമ്രാനും ഭാര്യയ്ക്കും 17വര്‍ഷം തടവ്

SCROLL FOR NEXT