vd satheesan  
Kerala

'ഞങ്ങളെ അങ്ങോട്ട് വരുത്തരുത്?; പേരാമ്പ്രയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വേട്ടയാടുന്നത് അവസാനിപ്പിക്കണം; ബോംബ് എറിഞ്ഞെന്നത് കള്ളക്കഥ'

കേരളത്തില്‍ ബംഗാള്‍ ആവര്‍ത്തിക്കരുതെന്നാണ് മുഖ്യമന്ത്രിയോടും കേരള പൊലീസിനോടും പറയാനുള്ളത്. നിരപരാധികളായ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലക്കേസ് പ്രതികളെ പിടിക്കുന്നതു പോലെയാണ് വീട്ടില്‍ നിന്നും കൊണ്ടു പോകുന്നത്.

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: പേരാമ്പ്രയില്‍ ഷാഫി പറമ്പില്‍ എംപിക്ക് മര്‍ദ്ദനമേറ്റ ശേഷം പൊലീസ് കള്ള സ്ഫോടന കേസുണ്ടാക്കി കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും നേതാക്കളെയും വേട്ടയാടുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. അനാവശ്യമായാണ് പൊലീസ് തല്ലിയതെന്ന് എസ്പി പോലും സമ്മതിച്ചതാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്ഫോടക വസ്തു എറിഞ്ഞുവെന്നത് കെട്ടിച്ചമച്ച കള്ളക്കേസാണ്. അങ്ങനെ ഒരു സംഭവമില്ല. അതില്‍ ഷാഫി പറമ്പിലിനെയും കോണ്‍ഗ്രസ് നേതാക്കളെയും പ്രതിയാക്കിയിരിക്കുകയാണ്. വാദി പ്രതിയാകുന്ന സ്ഥിതിയാണ്. നൂറുകണക്കിന് പൊലീസ് വാനുകളും ജീപ്പുകളും രാത്രി മുഴുവന്‍ റോന്ത് ചുറ്റി വീടുകള്‍ കയറി കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകളില്‍ കയറി നിരപരാധികളെ അറസ്റ്റു ചെയ്യുകയാണ്.

'ഗൗരവതരമായ സംഭവമാണ് പേരാമ്പ്രയില്‍ നടക്കുന്നത്. ഇതു വേണ്ട, കേരളത്തില്‍ ബംഗാള്‍ ആവര്‍ത്തിക്കരുതെന്നാണ് മുഖ്യമന്ത്രിയോടും കേരള പൊലീസിനോടും പറയാനുള്ളത്. നിരപരാധികളായ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലക്കേസ് പ്രതികളെ പിടിക്കുന്നതു പോലെയാണ് വീട്ടില്‍ നിന്നും കൊണ്ടു പോകുന്നത്. പ്രധാനപ്പെട്ട നേതാക്കളെ പ്രതികളാക്കി പിടിച്ചുകൊണ്ടുപോയാല്‍ കേരളം മുഴുവന്‍ പിണറായി പൊലീസിന് ഇതു ചെയ്യേണ്ടിവരും. ഈ പരിപാടി നിര്‍ത്തണമെന്ന് പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരോട് ഓര്‍മ്മപ്പെടുത്തുകയാണ്. ഇല്ലെങ്കില്‍ നിങ്ങളൊക്കെ ഇരിക്കുന്ന സ്ഥലത്തേക്ക് ഞങ്ങള്‍ വരും. ഞങ്ങളെ വരുത്തരുത് എന്നാണ് വിനയപൂര്‍വം പറയാനുള്ളത്'.

ശബരിമലയിലെ സ്വര്‍ണക്കവര്‍ച്ചയില്‍ പോറ്റിയെ അറസ്റ്റു ചെയ്തത് വൈകിപ്പോയെന്നും വിഡി സതീശന്‍ പറഞ്ഞു. എല്ലാ ഇപ്പോള്‍ പോറ്റിയുടെ തലയിലായി. പോറ്റി ഇതൊക്കെ ചെയ്തെന്ന് അറിയാവുന്ന രാഷ്ട്രീയ നേതാക്കളും ബോര്‍ഡിലെ അംഗങ്ങളുമുണ്ടായിരുന്നു. എന്നിട്ടും ഇവരെല്ലാം ചേര്‍ന്ന് അത് മൂടിവയ്ക്കുകയായിരുന്നെന്നാണ് ഹൈക്കോടതി പറഞ്ഞത്. അന്ന് എന്തുകൊണ്ടാണ് പോറ്റിയ്ക്കെതിരെ നടപടി എടുക്കാതിരുന്നത്. പോറ്റി കുടുങ്ങിയാല്‍ എല്ലാവരും കുടുങ്ങുമെന്ന് ഇവര്‍ക്ക് അറിയാം. ഒരു ചടങ്ങില്‍ വച്ച് കടകംപള്ളി സുരേന്ദ്രന്‍ പോറ്റിയെ പ്രകീര്‍ത്തിച്ച് പ്രസംഗിക്കുകയാണ്. അതിന്റെ തെളിവുകളുണ്ട്.

പോറ്റിയും മറ്റൊരാളും ചേര്‍ന്നാണ് വീട് വച്ചു നല്‍കിയത്. പോറ്റി വലിയൊരു ബിസിനസുകാരാണെന്നും വലിയ അയ്യപ്പ ഭക്തരാണെന്നും ഇവരുടെ നാലാമത്തെ പാട്ണര്‍ സ്വാമി അയ്യപ്പനാണെന്നും അവിടുന്ന് കിട്ടുന്ന പണം ഉപയോഗിച്ചാണ് സേവന പ്രവര്‍ത്തനം നടത്തുന്നതെന്നും ഇത്രയും വലിയൊരു അയ്യപ്പ ഭക്തനെ കണ്ടിട്ടില്ലെന്നുമാണ് കടകംപള്ളി പറഞ്ഞത്. ഇവരൊക്കെ തമ്മില്‍ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. ആ ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് അയാളെ ക്ഷണിച്ചു വരുത്തി ദ്വാരപാലക ശില്‍പം വില്‍ക്കാനുള്ള സംവിധാനം ഉണ്ടാക്കിക്കൊടുത്തത്. വ്യാജ ചെമ്പു പാളി ഉണ്ടാക്കി ചെന്നൈയിലേക്ക് കൊടുത്തുവിടാന്‍ സഹായിച്ചതും ഇവരാണ്. ശബരിമലയില്‍ നിന്നും ചെന്നൈയില്‍ എത്താന്‍ ഒരു മാസം 9 ദിവസമാണെടുത്തത്. എല്ലാം തിരിച്ചറിഞ്ഞിട്ടും ഇവരെല്ലാം പോറ്റിയെ സംരക്ഷിക്കാനാണ് നിന്നത്. കോടതി ഇടപെട്ടതു കൊണ്ടും കോടതി നേരിട്ട് പ്രത്യേക അന്വേഷണ സംഘത്തെ വച്ചതു കൊണ്ടും മാത്രമാണ് പോറ്റി അറസ്റ്റിലായത്. ശരിയായി അന്വേഷിച്ചാല്‍ ഇവരെല്ലാം കേസില്‍പ്പെടും. ഇപ്പോള്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഉള്‍പ്പെടെ ബോര്‍ഡ് ഒന്നടങ്കം പ്രതിയായി. ശരിയായി അന്വേഷിച്ചാല്‍ അന്നത്തെ ദേവസ്വം മന്ത്രിയും പ്രതിയാകും.

പോറ്റിക്ക് കൂട്ടു നിന്ന ഉദ്യോഗസ്ഥരുമുണ്ട്. ചെമ്പു പാളിയെന്ന് രേഖപ്പെടുത്തി ഇവര്‍ പോറ്റിയെ രക്ഷിക്കാന്‍ ശ്രമിച്ചു. പോറ്റി കുടുങ്ങിയാല്‍ ഇവരും കുടുങ്ങും. കൂട്ടു നില്‍ക്കുന്ന ഉദ്യോസ്ഥരും ഇതിന് പിന്നിലുണ്ട്. മുന്‍ ദേവസ്വം മന്ത്രിക്ക് ഉള്‍പ്പെടെ പോറ്റിയുമായി ബന്ധമുണ്ട്. സി.പി.എമ്മിന്റെ ദേവസ്വം ബോര്‍ഡ് ദ്വാരപാലക ശില്‍പം വില്‍ക്കുകയും വ്യാജ ചെമ്പു പാളി ഉണ്ടാക്കിയതും അറിഞ്ഞില്ലെങ്കില്‍ ദേവസ്വം മന്ത്രിയായി ഇരിക്കുന്നത് എന്തിനാണ്? ദേവസ്വം മന്ത്രിക്ക് ദേവസ്വവുമായി ബന്ധമില്ലെങ്കില്‍ ദേവസ്വം വകുപ്പിന് മന്ത്രിയുടെ ആവശ്യമില്ലല്ലോയെന്നും സതീശന്‍ ചോദിച്ചു.

എല്ലാം അറിഞ്ഞു കൊണ്ടാണ് 2025-ല്‍ വീണ്ടും സ്വര്‍ണം പൂശാന്‍ പോറ്റിയെ വിളിച്ചു വരുത്തിയത്. 2019ല്‍ പൂശിയതാണ് അഞ്ചു വര്‍ഷത്തിന് ശേഷം വീണ്ടും പൂശിയത്. വീണ്ടും അടിച്ചു മാറ്റാനാണ് വന്നത്. ശബരിമല ക്ഷേത്ര സന്നധിയില്‍ തന്നെ അറ്റകുറ്റപ്പണി നടത്തണമെന്ന് തിരുവാഭരണ കമ്മിഷന്‍ കത്ത് നല്‍കിയതാണ്. എന്നാല്‍ പോറ്റിയെ തന്നെ വിളിക്കണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം പ്രസിഡന്റ് കത്തെഴുതി. ദേവസ്വം ബോര്‍ഡിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ദേവസ്വം കമ്മിഷണര്‍ പ്ലേറ്റ് മാറ്റി. വീണ്ടും പോറ്റിയെ കൊണ്ടു വന്നാലെ കൂട്ടുകച്ചവടം നടക്കൂ. അതിനു വേണ്ടി ഇപ്പോഴത്തെ ദേവസ്വം മന്ത്രിയും ദേവസ്വം ബോര്‍ഡും വീണ്ടും ശ്രമിച്ചത്. ഇനി അടിച്ചുമാറ്റാനുള്ളത് അയ്യപ്പന്റെ തങ്കവിഗ്രഹം മാത്രമാണ്. അത് ലക്ഷ്യമിട്ടാണോ രണ്ടാമത്തെ പൂശിന് ഇറങ്ങിയതെന്ന സംശയമുണ്ട്. അയ്യപ്പന്റെ തങ്ക വിഗ്രഹം കൂടി പോയെനെ.

കെ.പി.സി.സി പുനസംഘടന പാര്‍ട്ടി ദേശീയ നേതൃത്വം ആലോചിച്ച് ചെയ്തതാണ്. കെ.പി.സി.സി സെക്രട്ടറിമാരെ പ്രഖ്യാപിക്കാന്‍ സാധിച്ചില്ലെന്ന വിഷമം മാത്രമെയുള്ളൂ. ഒരുപാട് ചെറുപ്പക്കാരായ ആളുകളുണ്ട്. ഒരുപാട് കേസുകളില്‍ പ്രതികളായവരും ഒരുപാട് കഷ്ടപ്പെടുന്നവരുമുണ്ട്. അവരെക്കൂടി ഉള്‍ക്കൊള്ളിച്ചുള്ള സെക്രട്ടറി പട്ടിക കൂടി വന്നാല്‍ നന്നായിരുന്നുവെന്ന അഭിപ്രായം മാത്രമെ പങ്കുവയ്ക്കുന്നുള്ളൂ. സംഘടനാപരമായ കാര്യങ്ങളില്‍ അഭിപ്രായം പറയില്ല. അത് കെ.പി.സി.സി അധ്യക്ഷന്‍ പറയും.

സി.പി.എം സംസ്ഥാന കമ്മിറ്റിയിലും സെക്രട്ടേറിയറ്റിലും ഇപ്പോള്‍ കെ.പി.സി.സി പ്രഖ്യാപിച്ചതിനേക്കാള്‍ കൂടുതല്‍ അംഗങ്ങളുണ്ട്. ആ ലിസ്റ്റെടുത്ത് ശിവന്‍കുട്ടി എണ്ണി നോക്കണം. സംസ്ഥാന കമ്മിറ്റിയില്‍ ഇരിക്കുമ്പോള്‍ അവിടെ എത്ര പേര്‍ ഉണ്ടെന്ന് അറിഞ്ഞിട്ടു വേണം മറ്റുള്ളവരെ ചൊറിയാന്‍ പോകാനെന്നും സതീശന്‍ പറഞ്ഞു.

VD Satheesan said the police should stop hounding Congress workers in Perambra.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജനവാസ മേഖലയിലിറങ്ങിയ കടുവയെ തുരത്താൻ ശ്രമം തുടരുന്നു; പ്രദേശത്ത് നിരോധനാജ്ഞ, വിദ്യാലയങ്ങള്‍ക്ക് അവധി

ഈ രാശിക്കാര്‍ക്ക് ജോലിയില്‍ പുരോഗതി, വരുമാന വര്‍ധന; കുടുംബത്തില്‍ അഭിപ്രായവ്യത്യാസത്തിന് സാധ്യത

വയനാട്ടിലെ കടുവയെ തുരത്താൻ ശ്രമം, ഡെംബലെ 'ദ ബെസ്റ്റ്'; ഇന്നത്തെ 5 പ്രധാന വാർത്തകൾ

തിരുവൈരാണിക്കുളം പാര്‍വതി ദേവിയുടെ നടതുറപ്പ് മഹോത്സവം ജനുവരി രണ്ടുമുതല്‍; വിര്‍ച്വല്‍ ക്യൂ ബുക്കിങ് ആരംഭിച്ചു, വിശദാംശങ്ങള്‍

ലൈംഗിക അതിക്രമ കേസ്: സംവിധായകൻ പി ടി കുഞ്ഞുമുഹമ്മദിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ

SCROLL FOR NEXT