Vinoy Thomas says Benny Thomas is the central character in the novel- putt SM.COM
Kerala

ആ നാട്ടിലെ മധ്യസ്ഥന്‍! 'പുറ്റ്' ജനിക്കുന്നതങ്ങനെ; മന്ത്രി സണ്ണി ജോസഫിന്റെ അളിയന്‍ ബെന്നി തോമസ് നോവലിലെ കേന്ദ്ര കഥാപാത്രം- വിനോയ് തോമസ്

ഇത് ഒരു രാഷ്ട്രീയ നോവല്‍ അല്ല. ഇടതുപക്ഷം ഭരിക്കുമ്പോഴാണ് പുറ്റ് എന്ന നോവലിന് സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിക്കുന്നത്

Author : ആതിര അഗസ്റ്റിന്‍

വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായി സഹോദരി ഭര്‍ത്താവ് ബെന്നി തോമസിനെ നിയമിച്ചത് വിവാദമായി. ഇതോടൊപ്പം ചര്‍ച്ചയാവുകയാണ് സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ച പുറ്റ് എന്ന നോവലും. നായക കഥാപാത്രമായ ജെറമിയാസ് പോളിനെ ഉള്‍ക്കൊണ്ടത് ബെന്നി തോമസില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണെന്ന് എഴുത്തുകാരന്‍ വിനോയ് തോമസ് പറയുന്നു.

ബെന്നി തോമസ് എന്ന വ്യക്തിയെ കേന്ദ്രീകരിച്ച് നോവല്‍ എഴുതാന്‍ കാരണം?

ഒരു നോവല്‍ എഴുതണം എന്ന് വിചാരിച്ച് സംഭവിച്ചതല്ല പുറ്റ്. ബെന്നി തോമസ് എന്ന വ്യക്തിയെ വളരെ ചെറുപ്പം മുതല്‍ കാണുന്നയാളാണ്. ഞാന്‍ കാണുന്ന കാലം മുതല്‍ ബെന്നി തോമസ് ഒരു നാട്ടുമധ്യസ്ഥനും ജനപ്രതിനിധിയുമാണ്. 2000ത്തിലാണ് ഉളിക്കല്‍ പഞ്ചായത്ത് രൂപീകൃതമായത്. അദ്ദേഹം ഉളിക്കല്‍ പഞ്ചായത്തിന്റെ പ്രഥമ പ്രസിഡന്റായിരുന്നു. വളരെ ചെറുപ്പം മുതല്‍ ആളുകളുടെ പ്രശ്‌നങ്ങള്‍ വളരെ ക്ഷമയോടെ കേള്‍ക്കുകയും അത് പരിഹരിക്കുകയും ചെയ്യുന്ന ആളായിരുന്നു അദ്ദേഹം. ഒരു കൗണ്‍സിലിങ് പോലെ ആളുകള്‍ക്ക് അത് വളരെ ഉപകാരപ്രദമായിരുന്നു. ഓരോ പ്രശ്‌നത്തിലും ഇറങ്ങിച്ചെല്ലുമായിരുന്നു അദ്ദേഹം. മാത്രമല്ല, ഇരിട്ടി, ഉളിക്കല്‍, ആലക്കോട്....തുടങ്ങിയ പ്രദേശങ്ങള്‍ കണ്ണൂരിലെ കുടിയേറ്റ മേഖലകളാണ്. അതുകൊണ്ടുതന്നെ ഒരു കുടിയേറ്റ ഗ്രാമം ഉണ്ടായി വന്നതിന്റെ കഥ കൂടിയാണ് പുറ്റ് പറയുന്നത്. അതില്‍ ബെന്നി തോമസ് എന്ന വ്യക്തിയുള്‍പ്പെടെ 340 ളം കഥാപാത്രങ്ങളുണ്ട്.

നോവലെഴുതുമ്പോള്‍ ഒരു കോണ്‍ഗ്രസുകാരനെ മനസില്‍ കണ്ടാണോ എഴുതിയത്?

ഒരിക്കലുമല്ല. ഇതൊരു ഫിക്ഷനാണ്. ഒരു ദുരന്തനായകനാണ് ഇതിലെ കഥാപാത്രമായ ജെറമിയാസ്. പുറ്റില്‍ ഒരിടത്തും ഒരു കോണ്‍ഗ്രസ് നേതാവ് എന്ന് പറഞ്ഞിട്ടില്ല. നോവലിന്റെ പകുതി ഭാഗം മാത്രമാണ് ജെറമിയാസ് എന്ന കഥാപാത്രം യഥാര്‍ഥ വ്യക്തിയുടെ സ്വഭാവത്തോടുള്ള സാമ്യം. ഇത് ഒരു രാഷ്ട്രീയ നോവല്‍ അല്ല. ഇടതുപക്ഷം ഭരിക്കുമ്പോഴാണ് പുറ്റ് എന്ന നോവലിന് സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിക്കുന്നത്. പുറ്റിലെ നടപ്പ് ചരിത്രം 2000 മുതല്‍ 2020 വരെയാണ്. എന്നാല്‍ 1940 കള്‍ മുതലുള്ള കുടിയേറ്റ ചരിത്രവും ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഉളിക്കല്‍ പഞ്ചായത്തിന്റെ പ്രസിഡന്റായി അദ്ദേഹം ചുമതലയേറ്റെടുത്തപ്പോഴും കീ റിസോഴ്‌സ് പേഴ്‌സണായി ഞാനും ഉണ്ടായിരുന്നു.

'പുറ്റ്' എന്ന നോവല്‍ പറയുന്നത് ഏത് പ്രദേശത്തെ കേന്ദ്രീകരിച്ചാണ്?

പെരുമ്പാടിയില്‍ ആണ് കഥ നടക്കുന്നത്. ഇരിട്ടി, ഉളിക്കല്‍, കരുവഞ്ചാല്‍, ആലക്കോട് എന്നീ മലയോര പ്രദേശങ്ങളെല്ലാം നോവലിന്റെ പശ്ചാത്തലം തന്നെയാണ്. ഒന്നുമില്ലായ്മയില്‍ നിന്ന് വന്ന് കുടിയേറിപ്പാര്‍ത്ത് ഒരു ജനത നടത്തുന്ന അതിജീവനമായിരിക്കുമല്ലോ ഇവിടെ. എല്ലാ നാട്ടിലുമെന്നതുപോലെ എല്ലാറ്റിനും നേതൃത്വം നല്‍കാന്‍ ഒരാള്‍ ഉണ്ടായിരിക്കുമല്ലോ. അങ്ങനെ ഒരാള്‍ നടത്തുന്ന അതിജീവനമാണ് പുറ്റ് എന്ന നോവലില്‍ പറയുന്നത്. ചെറുപ്പം മുതല്‍ ഇദ്ദേഹത്തിനൊപ്പമുള്ളയാളാണ് ഞാന്‍. ചെറുപ്പം മുതല്‍ വായനശാലയിലേയ്ക്ക് കൊണ്ടുപോകുന്നതും ഒക്കെ അദ്ദേഹമാണ്. ബെന്നി തോമസിന്റെ മുന്നിലേയ്ക്ക് വരുന്ന പ്രശ്‌നങ്ങള്‍ അന്ന് മുതല്‍ കാണുന്ന ഒരാളാണ് ഞാന്‍.

അദ്ദേഹം വളരെ ചെറുപ്പം മുതല്‍ കോണ്‍ഗ്രസ് നേതാവാണ്. അദ്ദേഹത്തിന്റെ പിതാവും കോണ്‍ഗ്രസായിരുന്നു. അന്നത്തെ കാലത്ത് ആ നാട്ടിലെ ആളുകള്‍ക്ക് വലിയ സഹായമായിരുന്നു ബെന്നി തോമസിന്റെ പിതാവും. പൊലീസ് സ്റ്റേഷനിലേയ്ക്കും റവന്യൂ ആവശ്യങ്ങള്‍ക്കുമൊക്കെ പരാതിയും മറ്റുമൊക്കെ അദ്ദേഹത്തിന്റെ പിതാവാണ് എഴുതിക്കൊടുത്തിരുന്നത്.അതൊക്കെ അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തെ സ്വാധീനിച്ചിട്ടുണ്ടാകാം.

വിവാദത്തെ എങ്ങനെ കാണുന്നു?

പേഴ്‌സണല്‍ സ്റ്റാഫ് നിയമനം മന്ത്രിയുടെ ഇഷ്ടത്തിന് ആണല്ലോ. മുന്‍ കാലങ്ങളിലെ ചരിത്രവും അങ്ങനെയാണല്ലോ. പേരാവൂര്‍ മണ്ഡലത്തിലെ ആളുകളുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നത് ബെന്നി തോമസാണ്. അദ്ദേഹം ഇന്ന് വന്നയാളല്ല. ജനങ്ങളെ അടുത്തറിയുന്ന രാഷ്ട്രീയ നേതാവ് കൂടിയാണ്. അതിലെ രാഷ്ട്രീയത്തേക്കുറിച്ചും വിവാദത്തെക്കുറിച്ചും ഞാന്‍ പ്രതികരിക്കുന്നില്ല. വ്യക്തിയെന്ന നിലയിലാണ് അദ്ദേഹത്തെക്കുറിച്ച് എനിക്ക് പറയാന്‍ കഴിയുന്നത്.

Vinoy Thomas refuses to comment on controversy surrounding his appointment to Minister Sunny Joseph's personal staff: Interview. Vinoy Thomas says Benny Thomas is the central character in the novel- putt

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ടിക്കി- ടാക്ക' അല്ല! ഒരു പരിണാമത്തിന്റെ 'ഫുട്ബോൾ കഥ'...

ചീത്തവിളിയും അസഭ്യവും അശ്ലീലതയുടെ പരിധിയില്‍ വരില്ല; മാനദണ്ഡം വേറെയെന്ന് സുപ്രീംകോടതി

ജമ്മു കശ്മീരിലെ പൂഞ്ച്, രജൗരി മേഖലകളില്‍ മിന്നല്‍ പ്രളയം, മണ്ണിടിച്ചില്‍ : 12 മരണം; നിരവധി വീടുകള്‍ തകര്‍ന്നു, വാഹനങ്ങള്‍ ഒഴുകിപ്പോയി( വീഡിയോ)

തൈരിനെക്കാൾ പോഷകസമൃദ്ധം; മോരിനെ പവർഫുൾ ആക്കുന്നത് ഈയൊരൊറ്റ ചേരുവ

സോനം വാങ്ചുകിനെ ആശുപത്രിയിലേക്ക് മാറ്റിയ സര്‍ക്കാര്‍ നടപടി ശരിവെച്ച് ഡല്‍ഹി ഹൈക്കോടതി; നടപടി ഏകപക്ഷീയമല്ലെന്ന് നിരീക്ഷണം