'ടിക്കി- ടാക്ക' അല്ല! ഒരു പരിണാമത്തിന്റെ 'ഫുട്ബോൾ കഥ'...

കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ കണ്ട ഏറ്റവും മികച്ച സ്പാനിഷ് ടീം തങ്ങളുടെ ജേഴ്സിയിൽ രണ്ടാം സുവർണ നക്ഷത്രം പതിക്കാൻ ഇറങ്ങുമ്പോൾ...
Spanish team
Spanish teamx
Updated on
3 min read

രു മാസം മുൻപ് ലോകകപ്പ് ആവേശത്തിനു തുടക്കമാകുമ്പോൾ സ്പെയിൻ കിരീട സാധ്യതയിൽ മുന്നിലുണ്ടായിരുന്നു. എന്നാൽ അധികമാരും അവരുടെ മുന്നേറ്റത്തെക്കുറിച്ച് വാതോരാതെ പറഞ്ഞില്ല. ഫ്രാൻസിന്റെ കരുത്തുറ്റ നിരയെക്കുറിച്ചും അർജന്റീന കിരീടം നിലനിർത്താൻ പോകുന്നതും ലയണൽ മെസി, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർ വിരമിക്കുന്നതിനെക്കുറിച്ചുമൊക്കെയായിരുന്നു പ്രധാന ചർച്ചാ വിഷയങ്ങൾ.

ലോകകപ്പിലെ സ്പെയിനിന്റെ മുന്നേറ്റം ഏറെക്കുറെ നിശബ്ദമായിരുന്നു. ആദ്യ മത്സരത്തിൽ കാബോ വെർദെയ്ക്കെതിരെ ​ഗോൾരഹിത സമനില വഴങ്ങിയപ്പോൾ അവരുടെ പതിവ് ശൈലിക്ക് മാറ്റമൊന്നുമില്ലെന്നാണ് എല്ലാവരും കരുതിയത്. എന്നാൽ പിന്നീട് ഈ ടൂർണമെന്റിൽ സ്പെയിൻ നടത്തിയ മുന്നേറ്റം സമ്പൂർണവും തന്ത്രപരവുമായിരുന്നു എന്നു കാണാം. ​ഗ്രൂപ്പ് എച്ചിൽ ഒന്നാം സ്ഥാനത്തെത്തി. നോക്കൗട്ട് റൗണ്ടുകളിൽ ആകെ വഴങ്ങിയത് ഒറ്റ​ ​ഗോൾ മാത്രം. സെമിയിൽ കിരീട പ്രതീക്ഷയിൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ഫ്രാൻസിനെ 2-0ത്തിനു തകർത്തു വിട്ടു. ഇപ്പോഴിതാ തങ്ങളുടെ രണ്ടാമത്തെ ലോക കിരീടത്തിനു ഒരു ജയം മാത്രം അകലെ അവർ നിൽക്കുന്നു.

രൂപാന്തരം

കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി സ്പെയിൻ ഫുട്ബോൾ എന്നാൽ ടിക്കി- ടാക്ക എന്നൊരു പറച്ചിലുണ്ട് പൊതുവെ. അന്തമില്ലാത്ത പന്തടക്കം, കുറിയ പാസുകളുടെ ത്രികോണങ്ങൾ, എതിരാളികളെ ശ്വാസം മുട്ടിക്കുന്ന ക്ഷമ. സ്പെയിനിനു 2010ൽ ചരിത്രത്തിലാദ്യമായി ലോകകപ്പ് കിരീടം സമ്മാനിച്ച സുവർണ തലമുറയുടെ പ്രധാന അടയാളങ്ങളായിരുന്നു അത്.

ആ സുവർണ തലമുറ ടീമിൽ നിന്നു തീർത്തും വിഭിന്നമാണ് ഇപ്പോഴത്തെ ടീം. അവർ കളിക്കുന്നത് വ്യത്യസ്തമായാണ്. പന്തടക്കത്തിലൂടെ കളി നിയന്ത്രിക്കുന്ന പഴയ ശൈലി പരിശീലകൻ ലൂയീസ് ഡെലഫ്യുന്റെ പൂർണമായി ഉപേക്ഷിച്ചില്ല. എന്നാൽ അതിന്റെ പ്രവചന സാധ്യതകളെ അദ്ദേഹം വെട്ടിമാറ്റി. ഇപ്പോഴത്തെ ടീമിന്റെ പാസുകളിൽ കൂടുതൽ വേ​ഗതയും ആക്രമണോത്സുകതയും കാണാം. ​ഗോളടിക്കാനുള്ള ദാഹവുമുണ്ട്.

ടിക്കി- ടാക്കയുടെ പുതു വ്യാഖ്യാനം പെട്ടെന്നുണ്ടായതല്ലെന്നു കണക്കുകൾ നോക്കിയാൽ കാണാം. 2018ലെ ലോകകപ്പിൽ ടീം പ്രീ ക്വാർട്ടറിൽ തോറ്റ് മടങ്ങിയിരുന്നു. അന്ന് പ്രോ​ഗ്രസീവ് പാസുകളുടെ ശരാശരി ടൂർണമെന്റ് ശരാശരിയേക്കാൾ താഴെയായിരുന്നു. (0.82). 2022ലെ ലോകകപ്പിലും ടീം പ്രീ ക്വാർട്ടറിൽ പുറത്തായി. അന്നത്തെ പാസ് പ്രോ​ഗ്രസീവ് (0.76) ആയി കുറയുകയാണ് ചെയ്തത്. എന്നാൽ 2024ൽ യൂറോ ചാംപ്യന്മാരായപ്പോൾ സ്പെയിനിന്റെ ഈ കണക്ക് പെട്ടെന്നു തന്നെ ഉയർന്നതായി കാണാം. അത് 1.08ൽ എത്തി. ഈ ലോകകപ്പിലെത്തുമ്പോൾ പിന്നെയും വളർച്ചയാണ്. പാസ് പ്രോ​ഗ്രസീവ് 1.09ൽ എത്തി നിൽക്കുന്നു.

കഴിഞ്ഞ 10-12 വർഷങ്ങളായി അവർ ടിക്കി- ടാക്ക ശൈലിയെ കൂടുതൽ വിസകസിപ്പിച്ചുണ്ട്. ലൂയീസ് ഡെലഫ്യുന്റെ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. രണ്ട് ഫുൾ ബാക്കുകൾ എപ്പോഴും ആക്രമിച്ചു കളിക്കുന്നതിലൂടെ അവർ കൂടുതൽ വേ​ഗത്തിലും ആക്രമണോത്സുകതയിലും കളിക്കുന്നു. 10 വർഷം മുൻപ് കണ്ട സ്പെയിൻ ടീമിൽ നിന്നു തികച്ചും വ്യത്യസ്തമാണ് ഈ സംഘം- വിഖ്യാത ജർമൻ ​ഗോൾ കീപ്പർ ഒലിവർ കാൻ പറയുന്നു.

എല്ലാവരും ടിക്കി- ടാക്കയെ കുറിച്ചാണ് സംസാരിക്കുന്നത്. എന്നാൽ ഇത് നമ്മൾ മുൻപ് കണ്ട പഴയ സ്പെയിൻ ശൈലിയല്ല. അവർ ഇപ്പോഴും പന്തടക്കത്തിൽ വിശ്വസിക്കുന്നവരാണ്. എന്നാൽ അത് ശരിയായ രീതിയിലും ശരിയായ സ്ഥലങ്ങളിലുമാണ് ഉപയോ​ഗിക്കുന്നത്. അവരുടെ കളിക്ക് ഇപ്പോൾ കൃത്യമായ ഒരു ലക്ഷ്യമുണ്ട്- മുൻ ഇം​ഗ്ലണ്ട് സ്ട്രൈക്കർ റോബി ഫൗളറും സമാന അഭിപ്രായം തന്നെ പങ്കിടുന്നു.

Spanish team
മെസിയെ പൂട്ടാന്‍ ജര്‍മന്‍ 'സോണല്‍ കേജ്'; ഫൈനലില്‍ അര്‍ജന്റീനയെ വീഴ്ത്താന്‍ സ്പെയിന്‍ ഒരുക്കുമോ 2014ലെ ആ തന്ത്രം?

തകർത്തെറിഞ്ഞു

ഈ ശൈലിയുടെ പീക്ക് കണ്ടത് സെമിയിലാണ്. ടൂർണമെന്റിലെ ഏറ്റവും ഭയപ്പെടുത്തുന്ന മുന്നേറ്റ നിരയുമായാണ് ഫ്രാൻസ് ഡാലസിൽ എത്തിയത്. ​ഗോൾഡൻ ബൂട്ട് റേസിൽ മുന്നിലുള്ള കിലിയൻ എംബാപ്പെ, മികച്ച ക്രിയേറ്ററായ മൈക്കൽ ഒലീസെ, ഒപ്പം ഒസ്മാൻ ഡെംബലെ, ബ്രാ‍ഡ്ലി ബാർക്കോള എന്നിവരടക്കമുള്ള വമ്പൻ താര നിരയാൽ അവർ സമ്പന്നമായിരുന്നു. എന്നാൽ സ്പെയിൻ അതിനെയെല്ലാം അനായാസം തന്നെ ഇല്ലാതാക്കി.

ഫ്രാൻസിനെതിരായ ​സ്കോർ ലൈൻ കളിയുടെ ഒരു വശം മാത്രമാണ് കാണിക്കുന്നത്. കളി എത്രത്തോളം സ്പെയിനിന്റെ ഏകപക്ഷീയമായ ആധിപത്യത്തിലായിരുന്നു എന്നത് പൂർണമായി വ്യക്തമാക്കുന്നില്ല. കഴിഞ്ഞ 8 ലോകകപ്പുകൾക്ക് മുൻപ് സ്വീഡൻ നേരിട്ടതിനു ശേഷം മറ്റൊരു സെമി ഫൈനലിസ്റ്റിനും ഇത്ര ദയനീയ അവസ്ഥ ഉണ്ടായിട്ടില്ല. ടൂർണമെന്റിലുടനീളം ഫ്രാൻസിന്റെ എക്സ്പെക്റ്റഡ് ​ഗോളുകളുടെ ശരാശരി 2.4 ആയിരുന്നു. എന്നാൽ സെമിയിൽ സ്പെയിനിനെതിരെ അത് വെറും 0.31 ആയി ചുരുങ്ങി.

പന്ത് വേ​ഗം തന്നെ തിരിച്ചുപിടിച്ച് കൗണ്ടർ അറ്റാക്ക് നടത്തുക എന്നതായിരുന്നു ഫ്രാൻസിന്റെ ശൈലി. എന്നാൽ സ്പെയിൻ അതിനു ഒരവസരം പോലും നൽകിയില്ല. ഫ്രാൻസിനു പന്ത് കിട്ടുന്ന നിമിഷം തന്നെ റോഡ്രി, ഫാബിയൻ റൂയീസ്, ഡാനി ഓൽമോ എന്നിവർ ചേർന്ന് അവരുടെ വഴി അടച്ചു. എംബാപ്പെയ്ക്ക് ഭൂരിഭാ​ഗം സമയവും പന്ത് ലഭിക്കാതെ ഓടേണ്ടി വന്നു. എംബാപ്പെയ്ക്ക് മത്സരത്തിൽ ഒരു ഷോട്ട് പോലും ലക്ഷ്യത്തിലേക്ക് ഉതിർക്കാൻ കഴിഞ്ഞതുമില്ല.

മതിൽ

സ്പെയിനിന്റെ ആക്രമണ നിരയാണ് എപ്പോഴും വാർത്തകളിൽ നിറയാറുള്ളതെങ്കിലും അവരുടെ പ്രതിരോധ നിരയും തുല്യ അഭിനന്ദനം അർഹിക്കുന്നുണ്ട്. പെഡ്രോ പോറോ, പൗ കുബാർസി, അയ്മറിക് ലപ്പോർട്ടെ, മാർക്ക് കുക്കുറേയ എന്നിവരടങ്ങിയ പ്രതിരോധ നിര ടൂർണമെന്റിലെ ഏറ്റവും മികച്ചതായി മാറിയിരിക്കുന്നു. നോക്കൗട്ട് ഘട്ടത്തിലുടനീളം സ്പെയിൻ വഴങ്ങിയത് 1.59 എക്സ്പെക്റ്റഡ് ​ഗോളുകൾ മാത്രമാണ്.

655 പാസുകൾ

2024 സെപ്റ്റംബറിലേറ്റ ​ഗുരുതര കാൽമുട്ട് പരിക്കിനു ശേഷം കഠിനമായ ക്ലബ് സീസൺ പിന്നിട്ടാണ് റോഡ്രി ലോകകപ്പിനെത്തിയത്. ക്യാപ്റ്റനായി, രാജ്യത്തിനു ആവശ്യമുള്ള വേളയിൽ തന്നെ അദ്ദേഹം ഫോമിലേക്ക് മടങ്ങിയെത്തി. ഫ്രാൻസിനെതിരെ മാത്രം റോഡ്രി പൂർത്തിയാക്കിയത് 655 പാസുകളാണ്. 1966നു ശേഷം ഒരു ലോകകപ്പിൽ ഒരു കളിക്കാരൻ പൂർത്തിയാക്കുന്ന ഏറ്റവും ഉയർന്ന പാസുകളുടെ കണക്കാണിത്.

ജീവനാഡി

കണക്കെടുത്തു നോക്കിയാൽ ലമീൻ യമാലിന്റെ ഈ ടൂർണമെന്റിലെ സംഭാവന പൂജ്യമാണെന്നു തോന്നും. 5 മത്സരങ്ങളിൽ നിന്നു ഒരു ​ഗോളും അസിസ്റ്റുമില്ല. ബാഴ്സലോണയ്ക്കായി 24 ​ഗോളുകളും 17 അസിസ്റ്റുകളും കഴിഞ്ഞാണ് താരം ലോകകപ്പിനെത്തിയത്. കണക്കുകൾക്കപ്പുറം സ്പെയിൻ ടീമിന്റെ ജീവനാഡി ഈ കൗമാര വിസ്മയമാണെന്നു പറഞ്ഞാൽ തെറ്റില്ല. എതിരാളികൾക്ക് താരത്തിന്റെ സാന്നിധ്യം മാത്രം മതി ഭയപ്പെടാൻ.

ലമീൻ യമാലിന് ഇപ്പോൾ 19 വയസേ ഉള്ളു. ബാഴ്സലോണയിൽ അദ്ദേഹത്തിന് കൂടുതൽ സ്വാതന്ത്ര്യമുണ്ട്. എന്നാൽ സ്പെയിൻ ടീമിൽ സിസ്റ്റത്തിനു അനുസരിച്ച് കളിക്കണം. സ്വന്തത്തിനു വേണ്ടിയല്ല ടീമിനു വേണ്ടിയാണ് അദ്ദേഹം ഇപ്പോൾ കളിക്കുന്നത്. ഒരു 19കാരൻ ലോകകപ്പ് ഫൈനൽ കളിക്കുന്നതു തന്നെ വലിയ ബഹുമതിയാണ്- ഒലിവർ കാൻ ചൂണ്ടിക്കാട്ടുന്നു.

വ്യക്തിയില്ല

ഈ സ്പാനിഷ് ടീമിന്റെ ഏറ്റവും വലിയ പ്രത്യേകത അവർക്ക് ജയിക്കാൻ ഏതെങ്കിലും ഒരു കളിക്കാരന്റെ മാന്ത്രിക നിമിഷങ്ങൾ ആവശ്യമില്ല. എപ്പോൾ പ്രസിങ് ചെയ്യണം, എപ്പോൾ പ്രതിരോധത്തിലേക്ക് വലിയണം, എപ്പോൾ ആക്രമിക്കണം എന്ന് മൈതാനത്തുള്ള ഓരോ കളിക്കാരനും കൃത്യമായി അറിയാം. കൺട്രോളും ഡയറക്ടനെസും തമ്മിലുള്ള ഈ സന്തുലിതാവസ്ഥ അവരെ ലോകത്തിലെ ഏറ്റവും അപകടകരമായ ടീമാക്കി മാറ്റുന്നു.

വെല്ലുവിളി

രണ്ടാം കിരീടം ലക്ഷ്യമിടുന്ന സ്പെയിനിന്റെ വഴിയിൽ അവസാന വെല്ലുവിളി നിലവിലെ ചാംപ്യൻമാരായ അർജന്റീനയാണ്. 39ാം വയസിലും 2022നേക്കാൾ മാരക ഫോമിലാണ് മെസി പന്ത് തട്ടുന്നത്. സ്പെയിൻ ഒരു സിസ്റ്റത്തെ ആശ്രയിക്കുമ്പോൾ അർജന്റീന പ്രധാനമായും മെസി എന്ന വ്യക്തിയുടെ മാന്ത്രികതയിലാണ് മുന്നേറുന്നത്.

നിങ്ങൾ കഠിനാധ്വാനം ചെയ്യാൻ തയ്യാറുള്ള കളിക്കാരെ ഇറക്കണം. ചാനലുകൾ ബ്ലോക്ക് ചെയ്യണം. മെസിക്ക് പന്ത് ലഭിക്കാൻ അനുവദിക്കാതെ ഇരിക്കണം- റോബി ഫൗളർ പറയുന്നു.

ഒരാൾക്ക് 19 വയസ്, മറ്റൊരാൾക്ക് 39 വയസ്. രണ്ട് പേരും ബാഴ്സലോണയിൽ നിന്നും ലാ മാസിയയിൽ നിന്നും വന്നവർ. ഒരു ചെറുപ്പക്കാരൻ തന്റെ റോൾ മോ‍ഡലിനെതിരെ കളിക്കുന്നു. ഇത് മനോഹരമായ ഒരു കഥയാണ്- ഒലിവർ കാൻ രസകരമായി ഫൈനലിനെ വ്യാഖ്യാനിച്ചു.

37 അന്താരാഷ്ട്ര മത്സരങ്ങളിൽ തോൽവിയറിയാതെ മുന്നേറുന്ന സ്പെയിൻ (ഇറ്റലിയുടെ ലോക റെക്കോർഡിനൊപ്പം) ഇപ്പോൾ ഫിഫ റാങ്കിങിൽ ഒന്നാം സ്ഥാനത്താണ്. 2010ലേത് പോലെ പേരുകേട്ട താരങ്ങൾ ഈ ടീമിൽ ഉണ്ടാവില്ല. എന്നാൽ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ നോക്കിയാൽ കഴിഞ്ഞ ഒരു പതിറ്റാണ്ടിലെ ഏറ്റവും മികച്ച സ്പെയിൻ ടീമാണിത്. തങ്ങളുടെ ജേഴ്സിയിലെ രണ്ടാമത്തെ സുവർണ നക്ഷത്രം പതിക്കാൻ അവർക്ക് ഇനി അർജന്റീനയേയും മെസിയേയും മറികടക്കേണ്ടതുണ്ട്.

Spanish team
ഗോള്‍ഡന്‍ ബൂട്ട്: എംബാപ്പെയെ മറികടക്കാന്‍ ഫൈനലില്‍ മെസി എത്ര ഗോള്‍ നേടണം? കണക്കുകള്‍ ഇങ്ങനെ
Spanish team
ടൈംസ് സ്‌ക്വയറിനെ നീലക്കടലാക്കി അര്‍ജന്റീന ആരാധകര്‍; വിഡിയോ വൈറല്‍
Spanish team
'കിരീടത്തേക്കാള്‍ വലുത് നാം പിന്നിട്ട വഴികളാണ്'; ഫൈനലിന് മുമ്പ് വിരമിക്കല്‍ സൂചന നല്‍കി മെസി
Summary

When the best Spanish team seen in the last decade takes the field to stitch the second golden star onto their jersey

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com