കിരണ്‍ കുമാര്‍, വിസ്മയ / ഫയല്‍ ചിത്രം 
Kerala

‘പാട്ടക്കാറും വേസ്റ്റ് പെണ്ണും ഇവിടെ നിൽക്കട്ടെ’; മാല ഊരി വലിച്ചെറിഞ്ഞ് കിരൺ

ആഭരണം ലോക്കറിൽ വയ്ക്കാനായി തൂക്കിയപ്പോൾ അളവിൽ കുറവു കണ്ട് വിസ്മയയെ ഉപദ്രവിച്ചു

സമകാലിക മലയാളം ഡെസ്ക്

കൊല്ലം : സ്ത്രീധന പീഡനത്തെത്തുടർന്ന് നിലമേൽ സ്വദേശി വിസ്മയ ആത്മഹത്യ ചെയ്ത കേസിൽ ക്രോസ് വിസ്താരം തുടരുന്നു. വിവാഹം ഉറപ്പിക്കുന്ന സമയത്ത് മകൾക്ക് എന്തു നൽകുമെന്ന് കിരണിന്റെ പിതാവ് തന്നോട് ചോദിച്ചിരുന്നതായി വിസ്മയയുടെ പിതാവ് ത്രിവിക്രമൻ നായർ കോടതിയിൽ മൊഴി നൽകി. പിന്നീട് സ്ത്രീധനത്തിന്റെ പേരിൽ കിരൺ വിസ്മയയെ മർദിക്കുമായിരുന്നെന്നും അദ്ദേഹം കോടതിയിൽ വ്യക്തമാക്കി. 

 101 പവൻ സ്വർണവും 1.2 ഏക്കർ സ്ഥലവും കാറും സ്ത്രീധനം

വിസ്മയയുടെ പിതാവ് ത്രിവിക്രമൻ നായരെ ഒന്നാം സാക്ഷിയായി കൊല്ലം ഒന്നാം അഡീഷനൽ സെഷൻസ് കോടതി ജഡ്ജി കെ എൻ സുജിത്ത് മുമ്പാകെ ഇന്നലെയാണ് വിസ്തരിച്ചത്. കിരണിന്റെ പിതാവ് സ്ത്രീധനം എന്തു നൽകുമെന്ന് ചോദിച്ചപ്പോൾ,  101 പവൻ സ്വർണവും 1.2 ഏക്കർ സ്ഥലവും കാറും നൽകാമെന്ന് പറഞ്ഞു. എന്നാൽ കോവിഡ് കാരണം 80 പവൻ നൽകാനേ കഴിഞ്ഞുള്ളു. വിവാഹത്തിന്റെ തലേന്നു വീട്ടിലെത്തിയ കിരൺ വേറെ കാർ വേണമെന്ന് വിസ്മയയോടു പറഞ്ഞു.

ആഭരണം ലോക്കറിൽ വയ്ക്കാനായി തൂക്കിയപ്പോൾ അളവിൽ കുറവു കണ്ട് വിസ്മയയെ ഉപദ്രവിച്ചു. കിരൺ ഫോണിൽ വിളിച്ചപ്പോൾ തന്നെ വീട്ടിലേക്ക് കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ട് മകൾ കരഞ്ഞെന്നും പിതാവ് പറഞ്ഞു. കിരണിന്റെ മൊബൈൽ ഫോണിൽ നിന്ന് വീണ്ടെടുത്ത സംഭാഷണം കോടതിയിൽ കേ‍ൾപ്പിച്ചു. 

‘കൊടുക്കാമെന്നു പറഞ്ഞതു മുഴുവൻ കൊടുത്താൽ തീരുന്ന പ്രശ്നമേയുള്ളൂ’

താനും ഭാര്യയും കിരണിന്റെ വീട്ടിൽ എത്തിയപ്പോൾ ‘കൊടുക്കാമെന്നു പറഞ്ഞതു മുഴുവൻ കൊടുത്താൽ തീരുന്ന പ്രശ്നമേയുള്ളൂ’ എന്നായിരുന്നു മറുപടിയെന്നും ത്രിവിക്രമൻ നായർ മൊഴി നൽകി. തന്റെ വീട്ടിൽ വച്ച് മകൻ വിജിത്തിനെയും കിരൺ ആക്രമിച്ചു. ‘പാട്ടക്കാറും വേസ്റ്റ് പെണ്ണും ഇവിടെ നിൽക്കട്ടെ’ എന്നു പറ‍ഞ്ഞ്, വിസ്മയ അണിയിച്ച മാല ഊരി തന്റെ മുഖത്ത് എറി‍ഞ്ഞശേഷം ഇറങ്ങിപ്പോയതായും ത്രിവിക്രമൻ നായർ പറഞ്ഞു. 

വിവാഹം ബന്ധം വേർപ്പെടുത്തുന്നതിനു സമുദായ സംഘടനാ ഭാരവാഹികളുമായി ചർച്ച ചെയ്യാനിരിക്കെയാണ് മകൾ കിരണിനോടൊപ്പം പോയത്. ജൂൺ 21ന് മകൾ ആശുപത്രിയിൽ ആണെന്നു കിരണിന്റെ പിതാവ് വിളിച്ചു പറഞ്ഞു. ആശുപത്രിയിലേക്ക് പോകുമ്പോഴാണ് മകളുടെ മരണവിവരം അറിയുന്നതെന്നും ത്രിവിക്രമൻനായർ മൊഴി നൽകി. 2021 ജൂൺ 21നാണ് വിസ്മയയെ ശാസ്താംകോട്ട പോരുവഴിയിലെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവം വിവാദമായതോടെ മോട്ടോർ വെഹിക്കിൾ അസിസ്റ്റന്റ് ഇൻസ്പെക്ടറായിരുന്ന കിരണിനെ സർക്കാർ ജോലിയിൽ നിന്നും പിരിച്ചുവിട്ടിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ?, കേന്ദ്ര ബജറ്റ് ഇന്ന്, പ്രതീക്ഷയോടെ കേരളം

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

കേന്ദ്ര ബജറ്റിൽ പ്രതീക്ഷയോടെ കേരളം, പാചകവാതക വില വീണ്ടും കൂട്ടി; ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT