കല്‍പ്പറ്റ : ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്കായി കോണ്‍ഗ്രസ് പ്രഖ്യാപിച്ച ഭവനപദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഒടുവില്‍ ആരംഭിച്ചു. ശിലാസ്ഥാപന ചടങ്ങ് കഴിഞ്ഞ് 142 ദിവസങ്ങള്‍ക്കുശേഷമാണ് മേപ്പാടി കുന്നംപറ്റയില്‍ വീടുകളുടെ നിര്‍മാണം തുടങ്ങിയത്. ഏറെ നാളായി വിമര്‍ശനങ്ങളും രാഷ്ട്രീയ പരിഹാസങ്ങളും ഏറ്റുവാങ്ങിയ പദ്ധതിയില്‍ ആഘോഷങ്ങളോ പൊതുചടങ്ങുകളോ ഇല്ലാതെയാണ് നിര്‍മാണം ആരംഭിച്ചിരിക്കുന്നത്.
ഫെബ്രുവരി 26ന് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു പദ്ധതിയുടെ ശിലാസ്ഥാപനം നടന്നത്. എന്നാല്‍ അന്ന് സ്ഥാപിച്ച ശിലാഫലകം ഇപ്പോള്‍ സ്ഥലത്ത് കാണാനില്ലെന്നാണ് ശ്രദ്ധേയമായ കാര്യം.
100 വീടുകള്‍ നിര്‍മിക്കുമെന്നായിരുന്നു കോണ്‍ഗ്രസിന്റെ പ്രഖ്യാപനം. എന്നാല്‍ ആദ്യഘട്ടത്തില്‍ 18 വീടുകളുടെ നിര്‍മാണമാണ് ആരംഭിച്ചിരിക്കുന്നത്. ഈ വീടുകളുടെ ഗുണഭോക്താക്കള്‍ ആരൊക്കെയാണെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല.
നിര്‍മാണം വൈകാന്‍ മുന്‍ സംസ്ഥാന സര്‍ക്കാരിന്റെ നടപടികളാണ് കാരണമായതെന്നാണ് കോണ്‍ഗ്രസ് നേതൃത്വം വിശദീകരിക്കുന്നത്. മാസങ്ങളോളം നിര്‍മാണം ആരംഭിക്കാതിരുന്നതിനെ തുടര്‍ന്ന് 'വീടുകള്‍ എവിടെ, പണം എവിടെ' എന്ന ചോദ്യമാണ് ഉയര്‍ന്നിരുന്നത്. നിര്‍മാണം ആരംഭിച്ചതോടെ ആ വിമര്‍ശനങ്ങളില്‍ നിന്ന് താല്‍ക്കാലികമായെങ്കിലും കോണ്‍ഗ്രസിന് ആശ്വാസം ലഭിക്കുമെന്നാണ് വിലയിരുത്തല്‍.
പദ്ധതിക്കായി പൊതുജനങ്ങളില്‍ നിന്ന് കോണ്‍ഗ്രസ് ധനസമാഹരണം നടത്തിയിരുന്നു. തുടര്‍ന്ന് ഭൂമി വാങ്ങുകയും ശിലാസ്ഥാപനം നടത്തുകയും ചെയ്‌തെങ്കിലും നിര്‍മാണം മാസങ്ങളോളം ആരംഭിക്കാതിരുന്നതോടെ വിവാദങ്ങള്‍ ശക്തമായി. തെരഞ്ഞെടുപ്പ് കാലത്ത് വീടുനിര്‍മാണത്തിനായി സമാഹരിച്ച തുക കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിച്ചെന്നായിരുന്നു സിപിഎം ഉയര്‍ത്തിയ പ്രധാന ആരോപണം. ധനസമാഹരണത്തിനായി ആരംഭിച്ച മൊബൈല്‍ ആപ്പും പിന്നീട് പ്രവര്‍ത്തനരഹിതമായതും വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കി. അതേസമയം, പദ്ധതിക്കായി അഞ്ച് കോടിയിലധികം രൂപ സമാഹരിച്ചിട്ടുണ്ടെന്നാണ് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കിയിരുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates