Wayanad rehabilitation:League laid the foundation stone, Seva Bharati work started, DYFI handed over 20 crores; What happened to Congress houses? Landslide site at chooralmala. File pic
Kerala

ലീഗ് തറക്കല്ലിട്ടു, സേവാ ഭാരതി പണി തുടങ്ങി, ഡി വൈ എഫ് ഐ 20 കോടി കൈമാറി; എന്തായി കോൺഗ്രസിന്റെ വീടുകൾ?

വീട് വെച്ചുകൊടുക്കുമെന്ന പ്രഖ്യാപനവും അതിലെ വിവാദവും കോൺഗ്രസിന് പുത്തരിയല്ല. ഇപ്പോഴത്തെ പുനരധിവാസ വിവാദങ്ങളുടെ വസ്തുത എന്താണ്.

സമകാലിക മലയാളം ഡെസ്ക്

കേരളത്തിൽ ഇപ്പോൾ നടക്കുന്ന വിവാദങ്ങളിലൊന്ന് മുണ്ടക്കൈ- ചൂരൽമല ദുരന്തത്തിലെ പുനരധിവാസവും അതിനായി സംഘടനകൾ പ്രഖ്യാപിച്ച നടപടികളും എവിടെ എത്തി എന്നതാണ്. ദുരന്തമുഖത്ത് രക്ഷാപ്രവർത്തനം നടത്താൻ എല്ലാ രാഷ്ട്രീയ, സാമൂഹിക സംഘടനകളും സജീവമായി ഉണ്ടായിരുന്നു. അതിന് ശേഷം സർക്കാ‍ർ നടപ്പാക്കുന്ന പദ്ധതികൾക്ക് പിന്തുണ പ്രഖ്യാപിച്ചും അതിന് ധനസഹായം നൽകിയും നിരവധിപേർ മുന്നോട്ടു വന്നു. സർക്കാരിൽ വിശ്വാസമില്ലെന്ന് പ്രഖ്യാപിച്ച് സ്വന്തം പദ്ധതി പ്രഖ്യാപിച്ചവരും, സ‍ർക്കാരിനോട് വിമുഖത കാണിക്കാതെ തന്നെ സ്വന്തം നിലയിൽ പദ്ധതികൾ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച് മുന്നോട്ടു വന്ന സംഘടനകളും വ്യക്തികളും സ്ഥാപനങ്ങളും മുന്നോട്ടുവന്നു.

ആലപ്പുഴയിൽ നടന്ന യൂത്ത് കോൺ​ഗ്രസ് സംസ്ഥാന ക്യാമ്പിലാണ് ഉരുൾപൊട്ടൽ ദുരന്തത്തിനിരയായവർക്ക് വീട് വച്ച് നൽകാൻ പണം പിരിച്ച ശേഷം ആ തുക ചെലഴിച്ച് വീട് നിർമ്മാണം നടത്തിയില്ലെന്ന ആരോപണം നേതൃത്വത്തിനെതിരെ ഉയർന്നത്. ഈ ആരോപണം മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ വിഷയം ചൂടു പിടിച്ചു. എന്തായിരുന്നു ആ വിവാദങ്ങളും അതിലെ യാഥാർത്ഥ്യങ്ങളും.

ഉരുൾപൊട്ടൽ ദുരന്തത്തിന് ഒരു വർഷം തികയാൻ ദിവസങ്ങൾ ബാക്കി നിൽക്കുമ്പോഴാണ് പുനരധിവാസം സംബന്ധിച്ച സാമ്പത്തിക വിവാദം യൂത്ത് കോൺ​ഗ്രസിന് മേൽ പതിക്കുന്നത്. ഇതോടെ പുനരധിവാസം സംബന്ധിച്ച ചർച്ചകളും സജീവമായി പ്രഖ്യാപിച്ചവരിൽ ആര് എത്ര വീടുകൾ വച്ച് നൽകി. പ്രവർത്തനങ്ങൾ ഏതുവരെയായി എന്നൊക്കെയുള്ള ചോദ്യങ്ങളും ഉയർന്നു.

കഴിഞ്ഞ കുറച്ചു കാലമായി കേരളം പലതരത്തിലുള്ള പ്രകൃതി ദുരന്തങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഓഖി, പ്രളയം, പലയിടങ്ങളിലായി സംഭവിക്കുന്ന വലിയ ഉരുൾപൊട്ടലുകൾ എന്നിങ്ങനെ. അതിൽ ഏറ്റവുധികം ആഘാതമേൽപ്പിച്ചവയിലൊന്നാണ് വയനാട് കഴിഞ്ഞ വർഷം ജൂലൈ 30ന് നടന്ന ഉരുൾപൊട്ടൽ. അതിനാൽ തന്നെ ഇതുമായി ബന്ധപ്പെട്ട് ഏതുവിഷയവും പെട്ടെന്ന് ചർച്ചയാകുകയും ചെയ്യും.

ഉരുള്‍പൊട്ടല്‍ ബാധിതര്‍ക്കായി യൂത്ത് കോണ്‍ഗ്രസ് പ്രഖ്യാപിച്ച വീട് നല്‍കാത്തതിനെതിരെ എറണാകുളം സെന്‍ട്രല്‍ പൊലീസിന് കോലഞ്ചേരി സ്വദേശിനി പരാതി നല്‍കി. വയനാട്ടിലെ ദുരന്തബാധിതര്‍ക്ക് വീട് വെച്ച് നല്‍കാമെന്ന വാഗ്ദാനം പാലിച്ചില്ലെന്നും പിരിച്ചെടുത്ത ലക്ഷക്കണക്കിന് രൂപ ദുരുപയോഗം ചെയ്തു എന്നും പരാതിയില്‍ ആരോപിക്കുന്നു. യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കി ഉള്‍പ്പെടെയുള്ള ഭാരവാഹികള്‍ക്കെതിരെയാണ് പരാതി.

വയനാട് പുനരധിവാസ പ്രഖ്യാപനം നടത്തിയവരും നടപടികളും

കേരളത്തിൽ മുസ്ലിം ലീ​ഗ്, സേവാഭാരതി, കോൺ​ഗ്രസ്, വിവിധ മുസ്ലിം ക്രിസ്ത്യൻ സമുദായ സംഘടനകൾ എന്നിവർ വീട് വച്ച് നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലില്‍ മുസ്‌ലിംലീഗ് സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച ഭവനപദ്ധതിക്ക് ഈ വർഷം ഏപ്രിലിൽ തറക്കല്ലിട്ടു. 11 ഏക്കറിൽ 105 കുടുംബങ്ങൾക്ക് വീട് വച്ചു നൽകുമെന്നാണ് ലീ​ഗ് നേതൃത്വം വ്യക്തമാക്കിയത്. മുട്ടിൽ മേപ്പാടി റോഡിൽ ആണ് ഈ ഭവനസമുച്ചയം നിർമ്മിക്കുന്നത്. എട്ട് സെ​ന്റിൽ ആയിരം ചതുരശ്ര അടിയുള്ള വീടുകളുടെ നിർമ്മാണം എട്ട് മാസം കൊണ്ട് പൂർത്തിയാക്കുമെന്ന് അവർ പറഞ്ഞു.ചെറുകിട ക്വാറി അസോസിയേൽൻ പത്തിൽ അ അഞ്ച് വീട് പൂർത്തിയാക്കി സേവാഭാരതിയുടെ 50 സ്ഥലമേറ്റെടുത്ത് തുടർപ്രവർത്തനം തുടങ്ങി, തമിഴ് നാട് മുസ്ലീം ജമാ അത്ത് 14 വീട് നി‍ർമ്മിച്ചു, വിവിധ വിവിധ മുജാഹിദ് സംഘടനകൾ 40 വീട് സ്ഥലം ഏറ്റെടുത്തു,എറണാകുളം മഹല്ല് കമ്മിറ്റി 22 വീട്, സി എസ് ഐ 13 വീട് , പെന്തക്കോസ്ത് സഭ 11 വീട് എന്നിവരും അവർ പ്രഖ്യാപിച്ച വീടുകൾക്കായി സ്ഥലം ഏറ്റെടുക്കുക, പ്രാരംഭപണികൾ ആരംഭിക്കുക എന്നിവ ചെയ്തിട്ടുണ്ട്. ഇവർക്ക് പുറമെ വലിയ പ്രഖ്യാപനങ്ങൾ നടത്തിയത് കോൺ​ഗ്രസും ഡി വൈഎഫ് ഐയും ആയിരുന്നു. ഡി വൈ എഫ് ഐ 25 വീടുകൾ നിർമ്മക്കാനുള്ള ധനസഹായം പ്രഖ്യാപിച്ചു. വിവിധ ചാലഞ്ച് നടത്തിയും പഴയ സാധനങ്ങൾ ശേഖരിച്ച് വിൽപ്പന നടത്തിയും 20 കോടി രൂപ സമാഹരിച്ച് സർക്കാർ പുനരധിവാസ ഫണ്ടിലേക്ക് ഡി വൈ എഫ് ഐ സംഭാവന നൽകി. സി പി ഐയുടെ യുവജന വിഭാ​ഗമായ എ ഐ വൈ എഫ് ഒരു കോടി രൂപ സമാഹരിച്ച് സർക്കാർ ഫണ്ടിലേക്ക് സംഭാവന ചെയ്തു.

ഉരുൾപൊട്ടൽ നടക്കുന്ന സമയത്ത് വയനാട് എം പിയായിരുന്നത് കോൺ​ഗ്രസി​ന്റെ അനിഷേധ്യ നേതാവായ രാഹുൽ​ഗാന്ധിയായിരുന്നു. അദ്ദേഹം മാറിയതിന് ശേഷം നടന്ന ഉപതെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ടത് അദ്ദേഹത്തി​ന്റെ സഹോദരിയും കോൺ​ഗ്രസ് നേതാവുമായ പ്രിയങ്ക ​ഗാന്ധി. അങ്ങനെ കോൺ​ഗ്രസിന് വയനാടുമായുള്ള ബന്ധം വളരെ ശക്തമാണ്. അതുകൊണ്ടു തന്നെ കോൺ​ഗ്രസും യൂത്ത് കോൺ​ഗ്രസും പുനരധിവാസത്തിനായി വീട് നിർമ്മിച്ച് നൽകുമെന്ന് പ്രഖ്യാപിച്ചു. തുക സർക്കാരിന് കൈമാറില്ലെന്നും തങ്ങൾ തന്നെ വീട് നിർമ്മിച്ച് നൽകുമെന്നുമായിരുന്നു അന്ന് വ്യക്തമാക്കിയത്. ഡി വൈ എഫ് ഐ 25 വീട് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ യൂത്ത് കോൺ​ഗ്രസ് 30 വീടുകൾ പ്രഖ്യാപിച്ചു. കോൺ​ഗ്രസ് നി‍ർമ്മിക്കുന്ന വീടുകൾ കൂടെ ഉൾപ്പെടുമ്പോൾ 100 വീടുകളാകും എന്നായിരുന്നു വാ​ദം.എന്നാൽ ആലപ്പുഴയിൽ യൂത്ത് കോൺ​ഗ്രസ് പഠന കോൺ​ഗ്രസ് ചേർന്നപ്പോൾ 88 ലക്ഷം രൂപ പിരിച്ചെടുത്തെന്നും ആ തുക വിനിയോ​ഗിച്ച് ഒരു വീട് പോലും വച്ചില്ലെന്നുമായിരുന്നു ആരോപണം ഉയർന്നത്. മാധ്യമങ്ങളിലൂടെ ഇത് പുറത്തുവന്നതോടെ യൂത്ത് കോൺ​ഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ നിഷേധവുമായി രം​ഗത്തെത്തി.

ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ബാധിതര്‍ക്കായി വീടുവയ്ക്കാന്‍ പണപ്പിരിവ് നടത്തിയിട്ടില്ലെന്ന് യൂത്ത് കോണ്‍ഗ്രസ്. അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിച്ചിട്ടില്ലെന്നും മുപ്പത് വീടുകള്‍ നിര്‍മിച്ചു നല്‍കുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. പിരിവ് നടത്തിയിട്ടില്ലെന്നും ചാലഞ്ചുകള്‍ സംഘടിപ്പിക്കുകയാണ് ചെയ്തതെന്നും യൂത്ത് കോണ്‍ഗ്രസിന്റെ വിശദീകരിച്ചു. ഭൂമിക്കായി രണ്ടുവട്ടം മുഖ്യമന്ത്രിക്ക് കത്തുനല്‍കിയെന്നും രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ പറഞ്ഞു. സ്ഥലം കിട്ടാത്തതാണ് തടസമെന്ന് കെപിസിസിയും വിശദീകരിച്ചു.

1993 ൽ കേരളത്തിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാൻ ഡി വൈ എഫ് ഐ സംസ്ഥാന വ്യാപകമായി ഹുണ്ടികാ പിരിവ് നടത്തി കിട്ടിയ 10 ലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരന് കൈമാറുന്നു. അന്നത്തെ ഡി വൈ എഫ് ഐ ഭാരവാഹികളായ എസ്. ശർമ്മ,കടകംപള്ളി സുരേന്ദ്രൻ, സി ബി ചന്ദ്രബാബു, മുത്തു എന്നിവരെ ചിത്രത്തിൽ കാണാം

വിശീദീകരണവും പുതിയ ചോദ്യങ്ങളും

എന്നാൽ രാഹുൽ മാങ്കൂട്ടത്തി​ന്റെ വിശദീകരണം മറ്റ് ചില ചോദ്യങ്ങൾക്ക് വഴി തുറന്നു. ഭൂമിക്കായി മുഖ്യമന്ത്രിക്ക് കത്ത് നൽകിയെന്ന് അവകാശപ്പെടുന്ന യൂത്ത് കോൺ​ഗ്രസ് എന്തുകൊണ്ട് ഡിസംബർ 30നും ജനുവരി നാലിനുമായി മുഖ്യമന്ത്രി വിളിച്ചു ചേ‍ർത്ത വീട്‌ സ്‌പോൺസർ ചെയ്‌തവരുടെ യോഗത്തിൽ പങ്കെടുത്തില്ല എന്ന ആരോപണത്തിന് എന്ത് മറുപടി നൽകും എന്നതാണ് ഒരു ചോദ്യം. രണ്ടാമത്തെ ചോദ്യം വയനാട് ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട പാർട്ടിയാണ് കോൺ​ഗ്രസ്. അവിടുത്തെ ജില്ലാപഞ്ചായത്ത് ഭരിക്കുന്നതും വയനാട് മണ്ഡലം രൂപീകരിച്ച ശേഷം ഇതുവരെയും അവിടുത്തെ എം പിയും കോൺ​ഗ്രസാണ്. കോൺ​ഗ്രസിന് ഏറെ ശക്തമായ വേരുള്ള ജില്ല. അവിടെ ഭൂമി കണ്ടെത്താനുള്ള സംഘടനാ ശേഷി കോൺ​ഗ്രസിന് ഇല്ല എന്നാണോ ഭൂമി കണ്ടെത്താനായില്ല എന്ന വാദത്തിന് പിന്നിലുള്ളത്. യൂത്ത് കോൺ​ഗ്രസും കോൺ​ഗ്രസും ചേർന്നാണ് വീട് വച്ച് നൽകുമെന്ന് നേരത്തെ പറഞ്ഞിരുന്നത് അതുകൊണ്ടു തന്നെ നൂറുവീടുകൾക്കുള്ള സ്ഥലത്തിനായി കോൺ​ഗ്രസ് സർ‍ക്കാരിന് കത്തു നൽകിയിട്ടുണ്ടോ? ഭൂമി കണ്ടെത്താൻ അവിടെ സംഘടനാപരമായി എന്തെങ്കിലും ശ്രമം നടത്തിയിട്ടുണ്ടോ? എന്നീ ചോദ്യങ്ങളും കോൺ​ഗ്രസിനുള്ളിൽ നിന്ന് തന്നെ ഉയരുന്നുണ്ട്. കേരളത്തിനകത്തും പുറത്തുമുള്ള സംഘടനകൾ വയനാട്ടിലെത്തി സ്ഥലം കണ്ടെത്തി വീട് നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങി. ചിലരൊക്കെ പ്രഖ്യാപിച്ച വീടുകൾ പൂർത്തിയാക്കി കഴിഞ്ഞു. എന്നിട്ടും വയനാട്ടിലെ വലിയ പാർട്ടിക്ക് സ്ഥലം കണ്ടെത്താൻ മുഖ്യമന്ത്രി രണ്ട് തവണ കത്ത് കൊടുത്തു കാത്തിരിക്കുന്നു എന്ന് പറയുന്നത് ആര് വിശ്വസിക്കും എന്ന ചോദ്യവും വയനാട്ടിലെ കോൺ​ഗ്രസുകാർ ഉൾപ്പടെ ചോദിക്കുന്നുണ്ട്.

വീടിൽ കൈ പൊള്ളിയ കോൺഗ്രസ്

വീട് വച്ചുകൊടുക്കൽ പ്രഖ്യാപനവും നടപ്പാക്കലും കോൺ​ഗ്രസ് വിവാദത്തിലാകുന്നത് ഇത് ആദ്യമല്ല. പലപ്പോഴും കോൺ​ഗ്രസ് ഇത്തരം ചില പ്രഖ്യാപനങ്ങൾ നടത്തി വിവാദത്തിൽ വീണിട്ടുണ്ട്. അതിൽ ആരും മറന്നിട്ടില്ലാത്ത ഒന്നാണ് 24 വ‍ർഷം മുമ്പ് കണ്ണൂരിൽ കോൺ​​ഗ്രസ് നടത്തിയ പ്രഖ്യാപനവും അതിന്മേൽ പിന്നീട് ഉയർന്ന വിവാദങ്ങളും. 2000 സെപ്തംബര്‍ 27-ന് നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പ് ദിനത്തിലാണ് ബി ജെ പി, ആർ എസ് എസ് പ്രവത്തകർ നടത്തിയ ആക്രമണത്തിൽ കോൺ​​ഗ്രസ് പ്രവർത്തകനായ നാണുവി​ന്റെ മകൾ അസ്നയ്ക്കും സഹോദരന്‍ ആനന്ദിനും പരുക്കേറ്റത്. വീട്ടുമുറ്റത്ത് കളിക്കുകയായിരുന്നു ഇരുവരും. ബോംബേറിനെ തുടർന്ന് അഞ്ചു വയസ്സുകാരിയായ അസ്നയുടെ കാൽ മുറിച്ചുമാറ്റേണ്ടി വന്നു. ഈ വിഷയം കേരളത്തിൽ മൊത്തം കത്തിപ്പടർന്നു. തൊട്ടുപിന്നാലെ കോൺ​ഗ്രസ് അസ്നയ്ക്കും കുടുംബത്തിനും വീട് വച്ചു നൽകുമെന്ന് പ്രഖ്യാപിച്ചു. പക്ഷേ കുറച്ചു കഴിഞ്ഞിട്ടും വീട് നിർമ്മാണം ഒന്നും നടന്നില്ല. അതേസമയം ഡി സിസിയുടെ നേതൃത്വത്തിൽ ഇതിനായി പണപിരിവ് നടന്നുവെന്ന ആരോപണവുമുണ്ടായി. തുടർന്ന മന്ത്രിയായിരന്ന കെ സുധാകരൻ ഇടപെട്ട് കാര്യങ്ങൾ സജീവമാക്കി ഏതാനും വർഷത്തിനുള്ളിൽ വീട് നിർമ്മിച്ച് നൽകി.

കണ്ണടച്ചു തുറക്കും മുമ്പ് പ്രഖ്യാപനത്തിനേക്കാൾ വേ​ഗത്തിൽ വീട് നിർമ്മിച്ച് നൽകിയ ചരിത്രവും കോൺ​ഗ്രസിനുണ്ട്. സംസ്ഥാന സർക്കാരിൻ്റെ ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതില്‍ പ്രതിഷേധിച്ച് യാചനാ സമരം നടത്തിയ ഇടുക്കി അടിമാലി സ്വദേശിനി മറിയക്കുട്ടിക്ക് കോൺഗ്രസ്‌ പുതിയ വീട് നിർമിച്ചു നൽകിത് അതിവേ​ഗമായിരുന്നു. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് മറിയക്കുട്ടി യാചനാ സമരം നടത്തി ശ്രദ്ധ നേടിയത്. മറിയക്കുട്ടിക്ക് വീട് വച്ചുകൊടുക്കുമെന്ന കോൺ​ഗ്രസ് പ്രഖ്യാപിച്ചു. 2024 ഫെബ്രുവരിയിൽ നിർമ്മാണ പ്രവർത്തനം ആരംഭിച്ചു. ജൂലൈ 12 ന് അന്നത്തെ കെ പി സി സി പ്രസിഡ​ന്റ് കെ. സുധാകരൻ വീടി​ന്റെ താക്കോൽ മറിയക്കുട്ടി കൈമാറി. 650 ചതുരശ്ര അടിയിൽ പതിമൂന്നു ലക്ഷം രൂപ മുടക്കിയാണ് കെപിസിസിയും ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റിയും വീട് നിർമിച്ചു നൽകിയതെന്ന് അന്ന് കോൺ​ഗ്രസ് നേതാക്കൾ അറിയിച്ചിരുന്നു. എന്നാൽ, അധികം വൈകാതെ മറിയക്കുട്ടി കോൺ​ഗ്രസിനെ കൈയ്യൊഴിഞ്ഞ് ബി ജെ പിയിൽ ചേർന്നു. ഇതോടെ എടുത്തുച്ചാടി ഇത്തരം നടപടികൾ എടുക്കേണ്ടതുണ്ടോ എന്ന ചോദ്യം കോൺ​ഗ്രസിനുള്ളിൽ പലരും ചോ​ദിക്കുകയും ചെയ്തിരുന്നു.

ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടല്‍-Mundakai-Churalmala disaster

മുണ്ടക്കൈ- ചൂരൽമല ദുരന്തം

വയനാട് ജില്ലയിൽ മേപ്പാടി പഞ്ചായത്തിൽ 2024 ജൂലൈ 30-ന് മുണ്ടക്കൈ, ചൂരൽമല, അട്ടമല,പുഞ്ചിരിമറ്റം, എന്നിടങ്ങളിൽ പുലർച്ചയുണ്ടായ ഒന്നിലധികം ഉരുൾപൊട്ടലുകളാണ് സംഭവിച്ചത്. ഈ ദുരന്തത്തിൽ 403 പേരുടെ മരണം സ്ഥിതീകരിച്ചു 150 പേരെ കാണാതായി. നിരവധിപേർക്ക് പരുക്കേറ്റൂ.

നീണ്ടുനിന്ന കനത്ത മഴയെത്തുടർന്ന് പുഞ്ഞിരിമറ്റം, അട്ടമല, മുണ്ടക്കൈ എന്നിവിടങ്ങളിലെ നിവാസികളെ 2024 ജൂലായ് 29 മുതൽദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. 30ന് അതിരാവിലെ ഏകദേശം രണ്ട് മണിയോടെ ഗ്രാമത്തിന് മുകൾ വശത്തായി ഇരുവഞ്ഞിപ്പുഴയുടെ ഉത്ഭവസ്ഥാനത്തിന് സമീപം, പുഞ്ഞിരിമറ്റം, മുണ്ടക്കൈ എന്നീ ഗ്രാമങ്ങൾക്കിടയിൽ ശക്തമായ ഉരുൾപൊട്ടലുണ്ടാവുകയും മലവെള്ളപ്പാച്ചിലിൽ പുഞ്ചിരിമറ്റം, മുണ്ടക്കൈ എന്നീ രണ്ട് ഗ്രാമങ്ങളും ഒലിച്ചുപോവുകയും ചെയ്തു. ഏകദേശം നാല് മണിയോടെ അടുത്തുള്ള ചൂരൽമലയിൽ രണ്ടാമത്തെ ഉരുൾപൊട്ടൽ ഉണ്ടായി. ഇത് ഇരുവഞ്ഞിപ്പുഴയുടെ ഗതി വഴിതിരിച്ചുവിട്ടു.

പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിൽ ചൂരൽമല ഗ്രാമത്തെയാകെ ഒലിച്ചുപോയി. കള്ളാടിപ്പുഴക്കു കുറുകെ മുണ്ടക്കൈയും ചൂരൽമലയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലം ഒലിച്ചുപോയി. അതോടെ അട്ടമല, മുണ്ടക്കൈ എന്നീ പ്രദേശങ്ങളുടെ പുറം ലോകവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെടുകയും 400ഓളം കുടുംബങ്ങൾ ഒറ്റപ്പെടുകയും ചെയ്തു. ശക്തമായ ഒഴുക്കിൽ പുഴ ദിശമാറി ഒഴുകുകയും ചൂരൽമല അങ്ങാടി മുഴുവനായും ഒലിച്ചുപോകുകയും ചെയ്തു. കനത്ത മഴയും പുഴയിലെ കുത്തൊഴുക്കും രക്ഷാപ്രവർത്തനം തടസ്സപ്പെടുത്തി. മലവെള്ളപ്പാച്ചിലിൽ വെള്ളാർമല ജിവിഎച്ച്എസ്എസ് സ്കൂളിന്റെ ഭൂരിഭാഗവും മണ്ണിനടിയിലായി. ഇതാണ് കേരളം ഇന്നും കരകയറാനാവതെ നിൽക്കുന്ന ദുരന്തത്തി​ന്റെ സംക്ഷിപ്ത ചിത്രം.

Wayanad rehabilitation:League laid the foundation stone, Seva Bharati work started, DYFI handed over 20 crores; What happened to Congress houses?

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സ്വര്‍ണം കവരാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് അവസരം ഒരുക്കി'; ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാര്‍ അറസ്റ്റില്‍

ജീവന്‍ രക്ഷാസമരം പ്രഖ്യാപിച്ച് ഡോക്ടര്‍മാരുടെ സംഘടന; രോഗീപരിചരണം ഒഴികെയുള്ള ജോലികളില്‍ നിന്ന് വിട്ടുനില്‍ക്കും

പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു

എറണാകുളം-ബംഗളൂരു വന്ദേ ഭാരത് ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ; സമയക്രമം അറിയാം

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ധിപ്പിച്ച ഡിഎ അടങ്ങുന്ന ശമ്പളം ഇന്നുമുതല്‍

SCROLL FOR NEXT