

കൊച്ചി: വയനാട്ടിലെ ചൂരല്‍മലയിലുണ്ടായ ഉരുള്‍പൊട്ടല്‍ മലപ്പുറം കൂരിയാട് ദേശീയപാത 66 (kooriyad National highway ) തകര്‍ച്ചയ്ക്ക് കാരണമായിട്ടുണ്ടെന്ന് ദേശീയപാത അതോറിറ്റി അധികൃതര്‍ ഹൈക്കോടതിയില്‍. ഉരുള്‍പൊട്ടലിനെത്തുടര്‍ന്നു ഭൂമിയിലുണ്ടായ സമ്മര്‍ദ്ദം റോഡ് തകര്‍ച്ചയ്ക്ക് കാരണമായിട്ടുണ്ടെന്നാണ് എന്‍എച്ച്എഐ പറയുന്നത്. നെല്‍വയല്‍ നികത്തിയാണ് കൂരിയാട് ദേശീയപാത 66 നിര്‍മ്മിച്ചത്.
ഇതിനു സമീപത്തുകൂടിയാണ് ചാലിയാറിന്റെ പോഷകനദിയായ പാണമ്പുഴ കടന്നുപോകുന്നത്. വയനാട്ടില്‍ ഉരുള്‍പൊട്ടലുണ്ടാകുന്ന 2024, ജൂലൈ 30 ന് മുമ്പു തന്നെ, 2024 ഫെബ്രുവരിയില്‍ ദേശീയപാതയുടെ വലതുപാര്‍ശ്വഭിത്തിയുടെ നിര്‍മ്മാണം ആരംഭിച്ചിരുന്നു. 2024 മാര്‍ച്ചില്‍ ഇടതു പാര്‍ശ്വഭിത്തിയുടെ നിര്‍മ്മാണവും തുടങ്ങി.
വയനാട് ഉരുള്‍പൊട്ടലിനുശേഷം ആഴ്ചകളോളം കൂരിയാട് പ്രദേശത്ത് വെള്ളക്കെട്ട് ഉണ്ടായിരുന്നു. ഇത് മണ്ണിന്റെ പാളികളെ ദുര്‍ബലമാക്കി. ഇതാണ് റോഡ് തകര്‍ച്ചയ്ക്ക് കാരണമായതെന്ന് ദേശീയപാത അതോറിറ്റി ചൂണ്ടിക്കാട്ടുന്നു.
'തുടര്‍ച്ചയായി പെയ്ത മഴയുടെയും വെള്ളം കെട്ടിക്കിടക്കുന്നതിന്റെയും ഫലമായി, ഇടതുവശത്തുള്ള സര്‍വീസ് റോഡിന്റെ മുകള്‍ഭാഗത്ത് ഒരു ആഴ്ചയോളം 0.30 മീറ്ററിലധികം ഉയരത്തില്‍ വെള്ളക്കെട്ടായിരുന്നു.' ദേശീയപാത അതോറിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
വയനാട്ടിലെ ഉരുള്‍പൊട്ടല്‍ സമീപകാലത്തെ ഏറ്റവും വിനാശകരമായ പ്രകൃതിദുരന്തങ്ങളിലൊന്നാണ്. ഇത് വയനാട്ടിലും താഴ്ന്ന പ്രദേശങ്ങളിലും മനുഷ്യര്‍ക്കും സ്വത്തിനും കനത്ത നാശനഷ്ടമാണ് ഉണ്ടാക്കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
