തിരുവനന്തപുരം: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നിര്‍മ്മിച്ച കല്‍പ്പറ്റ ടൗണ്‍ഷിപ്പിന്റെ ഉദ്ഘാടനത്തിലേക്ക് ജനങ്ങളെ ഹൃദയപൂർവ്വം ക്ഷണിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. 178 കുടുംബങ്ങള്‍ക്കായുള്ള ഫേസ്-1 ന്റെ ഉദ്ഘാടനമാണ് ഞായറാഴ്ച രാവിലെ 11 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുക. ലോകമാകെ ഉറ്റുനോക്കുന്ന ചരിത്ര നിമിഷമാണ് നാളെ നടക്കാനിരിക്കുന്നതെന്നും, ചടങ്ങിലേക്ക് എല്ലാവരെയും ഹൃദയപൂര്‍വ്വം ക്ഷണിക്കുന്നതായും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
അതിജീവനത്തിന്റെ പുതുഗാഥ എന്നാണ് കല്‍പ്പറ്റ ടൗണ്‍ഷിപ്പിനെ മുഖ്യമന്ത്രി ഫെയ്‌സ്ബുക്ക് കുറിപ്പില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. നമ്മുടെയെല്ലാം ഉള്ളുലച്ച ദുരന്തമായിരുന്നു 2024 ജൂലൈ 30 ന് മുണ്ടക്കൈ-ചൂരല്‍മല ഭാഗത്തുണ്ടായ ഉരുള്‍പൊട്ടല്‍. കേരള ജനതയുടെ ഐക്യത്തിലും ഇച്ഛാശക്തിയിലും ഊന്നിക്കൊണ്ട് ദുരന്തബാധിത പ്രദേശത്തിന്റെ പുനര്‍നിര്‍മ്മാണം ലോകോത്തര നിലവാരത്തില്‍ പൂര്‍ത്തിയാക്കുമെന്ന് അന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ ഉറപ്പുനല്‍കിയിരുന്നു. ആ ഉറപ്പ് യാഥാര്‍ത്ഥ്യമാവുന്ന ആവേശകരമായ മുഹൂര്‍ത്തമാണിത്. സ്വപ്നങ്ങള്‍ കൊണ്ട് പടുത്തുയര്‍ത്തിയ ഈ മഹത്തായ ടൗണ്‍ഷിപ്പ് നമ്മുടെ അഭിമാനമാണെന്നും മുഖ്യമന്ത്രി പോസ്റ്റില്‍ അറിയിച്ചു. ടൗണ്‍ഷിപ്പിലെ വീടുകളുടെ ഫോട്ടോ ഉള്‍പ്പെടെ പങ്കുവച്ചാണ് മുഖ്യമന്ത്രിയുടെ കുറിപ്പ്.
വയനാടിന്റെ ഭൂപ്രകൃതിക്കും കാലാവസ്ഥയ്ക്കും അനുയോജ്യമായ രീതിയില്‍ വിവിധ സര്‍ക്കാര്‍ സംവിധാനങ്ങളുടെയും ഏജന്‍സികളുടെയും തൊഴിലാളികളുടെയും ഏകോപിതമായ പ്രവര്‍ത്തനത്തിലൂടെയാണ് ടൗണ്‍ഷിപ്പ് യാഥാര്‍ഥ്യമാകുന്നത്. ആകെ 410 വീടുകളും അനുബന്ധ സൗകര്യങ്ങളും വിഭാവനം ചെയ്തിട്ടുള്ള ടൗണ്‍ഷിപ്പിന്റെ ഒന്നാംഘട്ടത്തില്‍ 178 വീടുകളാണ് പൂര്‍ത്തിയായത്. ദുരന്തത്തില്‍ പൂര്‍ണമായും വീട് നഷ്ടമായ കുടുംബങ്ങള്‍ക്കാണ് ആദ്യ ഘട്ടത്തില്‍ വീടുകള്‍ നല്‍കുന്നത്. പ്രകൃതി ദുരന്തങ്ങള്‍ അതിജീവിക്കാന്‍ സാധിക്കും വിധം 1000 ചതുരശ്രയടിയില്‍ ഒറ്റ നിലയില്‍ പണിത കെട്ടിടങ്ങള്‍ ഭാവിയില്‍ ഇരു നില നിര്‍മ്മിക്കാനുള്ള അടിത്തറയോടെയാണ് തയ്യാറാക്കിയിരിക്കുന്നത്. പ്രധാന കിടപ്പുമുറി, രണ്ട് മുറികള്‍, സിറ്റൗട്ട്, ലിവിങ്, സ്റ്റഡി റൂം, ഡൈനിങ്, അടുക്കള, സ്റ്റോര്‍ ഏരിയ എന്നിവ വീടിന്റെ ഭാഗമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ടൗണ്‍ഷിപ്പില്‍ ഒരുങ്ങുന്ന 410 വീടുകളിലായി 1662 ലധികം ആളുകള്‍ക്കാണ് തണലൊരുങ്ങുന്നത്. വീടുകള്‍ക്ക് പുറമെ പൊതു റോഡ്, ആരോഗ്യ കേന്ദ്രം, അങ്കണവാടി, പൊതുമാര്‍ക്കറ്റ്, കമ്മ്യൂണിറ്റി സെന്ററുകള്‍ എന്നിവയും ഇതിന്റെ ഭാഗമായുണ്ടാവും. ആരോഗ്യ കേന്ദ്രത്തില്‍ ലബോറട്ടറി, ഫാര്‍മസി, പരിശോധന-വാക്‌സിനേഷന്‍-ഒബ്‌സര്‍വേഷന്‍ മുറികള്‍, ഒപി, ടിക്കറ്റ് കൗണ്ടര്‍ സൗകര്യങ്ങളും സജീകരിക്കും. പൊതു മാര്‍ക്കറ്റില്‍ കടകള്‍, സ്റ്റാളുകള്‍, ഓപ്പണ്‍ മാര്‍ക്കറ്റ്, കുട്ടികള്‍ക്ക് കളി സ്ഥലം, പാര്‍ക്കിങ് എന്നിവ ഒരുക്കും. മര്‍ട്ടി പര്‍പ്പസ് ഹാള്‍, കളി സ്ഥലം, ലൈബ്രറി, സ്‌പോട്‌സ് ക്ലബ്ബ്, ഓപ്പണ്‍ എയര്‍ തിയേറ്റര്‍ എന്നിവ കമ്മ്യൂണിറ്റി സെന്ററില്‍ നിര്‍മിക്കുന്നുണ്ട്.
Kerala Chief Minister Pinarayi Vijayan cordially invited the people to the inauguration of 178 houses in the Wayanad township being prepared by the government for the survivors of the Mundakai landslide disaster.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates