വളരെ സങ്കീര്‍ണ്ണമായ ഒരു പ്രക്രിയയാണ് പോക്കുവരവ് പ്രതീകാത്മക ചിത്രം
Kerala

എന്താണ് പോക്കുവരവ്?, ഏതൊക്കെ രേഖകള്‍ ഹാജരാക്കണം?; തണ്ടപ്പേര് എന്തിന്?

ഭൂമി വാങ്ങുകയും വില്‍ക്കുകയും ചെയ്യുമ്പോള്‍ കേള്‍ക്കുന്ന പേരുകളാണ് തണ്ടപ്പേരും പോക്കുവരവും

സമകാലിക മലയാളം ഡെസ്ക്

ഭൂമി വാങ്ങുകയും വില്‍ക്കുകയും ചെയ്യുമ്പോള്‍ കേള്‍ക്കുന്ന പേരുകളാണ് തണ്ടപ്പേരും പോക്കുവരവും. ഇത്തരം റവന്യൂ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ മാത്രമേ ഭൂനികുതി അടയ്ക്കുന്നത് അടക്കം ഭൂമി സംബന്ധമായ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കൂ.

എന്താണ് പോക്കുവരവ്?

രജിസ്ട്രാര്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത ആധാരം റവന്യൂ വകുപ്പില്‍ ആധികാരികമായി രേഖപ്പെടുത്തുന്ന പ്രക്രിയയാണ് പോക്കുവരവ്. ഭൂമിയുടെ ഉടമസ്ഥാവകാശം മാറുന്നതനുസരിച്ച്, ഏറ്റവും പുതിയ ഭൂവുടമയുടെ പേരില്‍ നികുതി (കരം) പിരിക്കുന്നതിനായി വില്ലേജ് രേഖകളില്‍ ആവശ്യമായ മാറ്റം വരുത്തുന്നതാണ് നടപടിക്രമം. രജിസ്ട്രാര്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത ആധാരം ലാന്‍ഡ് റവന്യൂവകുപ്പില്‍ കാണിച്ച് പട്ടയ രജിസ്റ്ററില്‍ മാറ്റുന്നതിനെ പോക്ക് വരവ് ചെയ്യല്‍ എന്ന് പറയുന്നു. ആധാരം ഭൂമിയുടെ ഉടമസ്ഥാവകാശം ഉറപ്പിക്കുന്നുണ്ടെങ്കിലും സര്‍ക്കാരിന്റെ കൈയില്‍ ഭൂമിയുടെ ഉടമസ്ഥതയെക്കുറിച്ചുള്ള പ്രധാനരേഖ പോക്ക് വരവ് ചെയ്യലിന്റെ രേഖയാണ്.

ഒരു വസ്തു കൈമാറ്റം ചെയ്തു കഴിഞ്ഞാല്‍ വസ്തു വാങ്ങിച്ച ആള്‍ വില്ലേജ് ഓഫീസില്‍ ചെന്ന് പട്ടയ രജിസ്റ്ററില്‍ പോക്ക് വരവ് നടത്തേണ്ടതാണ്. സര്‍ക്കാരില്‍ ഭൂമിയുടെ ഉടമസ്ഥതയെ കുറിച്ചുള്ള പ്രധാന രേഖയാണിത്. വസ്തു വാങ്ങിയ ശേഷം ആധാരത്തിന്റെ കോപ്പിയും ഒരു അപേക്ഷയും വില്ലജ് ഓഫീസില്‍ എത്തിക്കണം. വിവരങ്ങള്‍ പുതിയ ഒരു പുസ്തകത്തില്‍ (തണ്ടപ്പേര് രജിസ്റ്റര്‍) പുതിയ അവകാശിയുടെ പേരില്‍ വില്ലേജാഫീസില്‍ തുടങ്ങും. അതാണ് തണ്ടപ്പേര്. പിന്നീട് അവര്‍ അത് രജിസ്ട്രാര്‍ ഓഫീസിലേക്ക് തിരികെ അയച്ചു കൊടുക്കും. ഇതാണ് പോക്കുവരവു ചെയ്യുക എന്നു പറയുന്നത്. അപ്പോഴാണ് വാങ്ങുന്നവന്‍ ഭൂമിയുടെ യഥാര്‍ത്ഥ അവകാശി പൂര്‍ണ്ണ അവകാശം ആകുന്നത്. പിന്നീട് അയാളുടെ പേരില്‍ കരം അടക്കാനും സാധിക്കും.

ഭൂമി പോക്കുവരവ് നടത്തിയിട്ടില്ലെങ്കില്‍ എന്താണ് പ്രശ്നം?

വീട് / കെട്ടിട നിര്‍മ്മാണം, വൈദ്യുതി കണക്ഷന്‍, ബാങ്ക് ലോണ്‍ എന്നിവയ്ക്ക് അനുമതി ലഭിക്കുകയില്ല. വില്‍പ്പനയ്ക്കും ഭൂമി കൈമാറ്റത്തിനും തടസ്സം നേരിട്ടേണ്ടെന്നും വരാം. രജിസ്ട്രേഷന്‍ അഥവാ ആധാരം നടത്തപ്പെടുന്നത് രജിസ്ട്രാര്‍ ഓഫീസിലും പോക്കുവരവ് നടക്കുന്നത് വില്ലേജ് ഓഫീസിലുമാണ്. ആധാരം നടന്നു കഴിഞ്ഞാല്‍ വില്ലേജ് ഓഫിസില്‍ ഓണ്‍ലൈനായി അറിയിപ്പ് ലഭിക്കുന്നു. ആ അറിയിപ്പിനെ തുടര്‍ന്ന് വില്ലേജ് ഓഫീസര്‍ പ്രസ്തുത ഭൂമി സ്വമേധയാ പോക്കുവരവ് ചെയ്ത് നല്‍കണം എന്നതാണ് നിയമം.

പോക്കുവരവ് ചെയ്യാന്‍ ഏതൊക്കെ രേഖകള്‍ ഹാജരാക്കേണ്ടതുണ്ട്?

വളരെ സങ്കീര്‍ണ്ണമായ ഒരു പ്രക്രിയയാണ് പോക്കുവരവ്. അതുകൊണ്ട് തന്നെ ഓരോ ഭൂമിയുടെ കാര്യത്തിലും ഹാജരാക്കേണ്ട രേഖകള്‍ വ്യത്യാസപ്പെട്ടിരിക്കും. അതില്‍ ബാധ്യതാ സര്‍ട്ടിഫിക്കറ്റ്, ആധാരം, അടിയാധാരങ്ങള്‍, മരണ സര്‍ട്ടിഫിക്കറ്റ് , ബന്ധം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, വില്‍പത്രങ്ങള്‍ മുതലായവ ഉള്‍പ്പെടുന്നു.

വസ്തു എത്ര തവണ പോക്കുവരവ് നടത്തേണ്ടതുണ്ട്?

ഉ: ഒരു ഭൂമി അതിന്റെ ഉടമ ഒരു തവണ മാത്രം പോക്കുവരവ് ചെയ്താല്‍ മതി. ഭൂമി വില്‍ക്കുകയോ കൈമാറ്റം ചെയ്യുകയോ ചെയ്യുന്ന ഓരോ തവണയും, വാങ്ങുന്ന വ്യക്തി പോക്കുവരവ് നടത്തേണ്ടതാണ്

എന്താണ് തണ്ടപ്പേര് നമ്പര്‍?

വില്ലേജ് ഓഫീസുകളില്‍ നമ്പര്‍ ക്രമത്തില്‍ നികുതി അടയ്ക്കുന്ന ഭൂവുടമകളുടെ പേരും മേല്‍വിലാസവും വസ്തുവിന്റെ സര്‍വേ നമ്പറും വസ്തുവിന്റെ ഇനവും വസ്തുവിന്റെ അളവും രേഖപ്പെടുത്തി വെയ്ക്കുന്ന ബുക്കുകള്‍ ഉണ്ട്. അതിനെ തണ്ടപ്പേര് ബുക്കുകള്‍ എന്ന് പറയുന്നു.

ആ ബുക്കിലെ ഒരു പേജ് വസ്തു ഉടമയ്ക്ക് നമ്പര്‍ ഇട്ട് നല്‍കിയിട്ടുണ്ടാവും . ആ പേജാണ് തണ്ടപ്പേര് അക്കൗണ്ട് അല്ലെങ്കില്‍ തണ്ടപ്പേര് കണക്ക്. ആ പേജിന് നല്‍കിയ ക്രമ നമ്പര്‍ ആണ് തണ്ടപ്പേര് നമ്പര്‍. നിങ്ങളുടെ കൈവശം ഉള്ള കരം ഒടുക്കിയ പഴയ കൈയ്യെത്തു രസീതില്‍ ഇടതു വശത്ത് മുകളില്‍ എഴുതിയിരിക്കുന്നതാണ് തണ്ടപ്പേര് നമ്പര്‍. പുതിയ കമ്പ്യൂട്ടര്‍ രസീതിലും കേരള സര്‍ക്കാര്‍ രസീത് എന്ന് എഴുതിയതിന് താഴെ തണ്ടപ്പേര് നമ്പര്‍ പറയുന്നുണ്ട്.

എങ്ങനെ ഒരാള്‍ക്ക് ഒരു തണ്ടപ്പേര് അക്കൗണ്ട് ലഭിക്കും?

നികുതി അടക്കാവുന്ന ഭൂമി രേഖാമൂലം ഒരാള്‍ക്ക് സ്വന്തമായി ലഭിച്ചാല്‍ ആ രേഖയെ അടിസ്ഥാനപ്പെടുത്തി വില്ലേജ് ഓഫീസര്‍ അല്ലെങ്കില്‍ അദ്ദേഹത്തിന്റെ ശുപാര്‍ശ പ്രകാരം തഹസീല്‍ദാര്‍ അനുവദിക്കുന്നതാണ് തണ്ടപ്പേര് അക്കൗണ്ട്.

ഉദാഹരണത്തിന് പിതാവ് അദ്ദേഹത്തിന്റെ പേരില്‍ കരം അടക്കുന്ന, ഒരേക്കര്‍ ഭൂമിയില്‍ നിന്നും അര ഏക്കര്‍ മകന്റെ പേരില്‍ ആധാരം ചെയ്തു തന്നു എന്ന് കരുതുക. ആ ആധാരം പരിഗണിച്ച് വില്ലേജ് ഓഫീസര്‍ പിതാവിന്റെ തണ്ടപ്പേര് അക്കൗണ്ടില്‍ നിന്നും അര ഏക്കര്‍ കുറച്ച് അര ഏക്കര്‍ മകന്റെ പേരില്‍ ചേര്‍ക്കാന്‍ തഹസീല്‍ദാര്‍മാര്‍ക്ക് ശുപാര്‍ശ ചെയ്യുന്നു. തഹസീല്‍ദാരുടെ ഉത്തരവ് ലഭിക്കുന്ന മുറയ്ക്ക് വില്ലേജ് ഓഫീസര്‍ മകന്റെ പേരില്‍ തണ്ടപ്പേര് കണക്ക് തുറക്കുന്നു. മകന്റെ പേരില്‍ കരം ഒടുക്കി നല്‍കുന്നു. ഇവിടെ പിതാവിന്റെ പേരില്‍ അരയേക്കര്‍ ശേഷിക്കുന്നതിനാല്‍ അദ്ദേഹത്തിന്റെ തണ്ടപ്പേര് അക്കൗണ്ട് അവിടെ നിലനിര്‍ത്തിക്കൊണ്ട് മകന് അരയേക്കറിന് പുതിയ തണ്ടപ്പേര് അക്കൗണ്ട് അനുവദിച്ചു നല്‍കുകയാണ് ചെയ്തിട്ടുള്ളത്.

അതേ സമയം പിതാവ് അദ്ദേഹത്തിന്റെ ഒരേക്കര്‍ ഭൂമി പൂര്‍ണമായും മകന് എഴുതി നല്‍കിയാല്‍ അദ്ദേഹത്തിന്റെ തണ്ടപ്പേര് അക്കൗണ്ട് ശൂനൃമായി മാറ്റിക്കൊണ്ട് മകന്റെ പേരില്‍ പുതിയ തണ്ടപ്പേര് അക്കൗണ്ട് തുറന്ന് ഒരേക്കറും മകന്റെ പേരില്‍ ചേര്‍ത്ത് നല്‍കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT