കണ്ണൂർ: സെൽഫിയെടുക്കുന്നതിനിടെ പുഴയിൽ വീണ ആളെ രക്ഷിക്കാൻ ശ്രമിച്ചയാൾ മരിച്ചു. കണ്ണൂരിലെ പിണറായിയിലാണ് സംഭവം. കോഴിക്കോട് കക്കോടി സ്വദേശി കൃഷ്ണദാസ് (54) ആണ് മരിച്ചത്. പിണറായി പടന്നക്കരയിലെ പുഴയോര വിശ്രമ കേന്ദ്രത്തിന് സമീപം വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടമുണ്ടായത്.
പെരളശ്ശേരിയിൽ ക്ഷേത്ര ദർശനത്തിനെത്തിയ സംഘത്തിനൊപ്പമായിരുന്നു മരിച്ച കൃഷ്ണദാലും ഉണ്ടായിരുന്നത്. സ്ത്രീകളും കുട്ടികളുമുൾപ്പടെ ഏഴ് പേരായിരുന്നു സംഘത്തിൽ. മടക്ക യാത്രയിൽ ഉച്ച ഭക്ഷണത്തിനായാണ് പിണറായി പടന്നക്കരയിലെ പുഴയോര വിശ്രമ കേന്ദ്രത്തിലെത്തിയത്. കൂടെ വന്നവർ ഭക്ഷണം കഴിക്കുന്നതിനിടെ ഡ്രൈവറായ ഫൈസൽ സെൽഫിയെടുക്കാനായി പുഴക്കരയിലേക്ക് പോയി.
മത്സ്യ കൃഷിക്കായി മരപ്പലകയിൽ തീർത്ത തടയണയ്ക്ക് മുകളിൽ കയറി സെൽഫി എടുക്കുന്നതിനിടെ പലക ഇളകി പുഴയിൽ വീണ ഫൈസലിന്റെ നിലവിളി കേട്ടാണ് കൃഷ്ണദാസ് പുഴയിൽ ചാടിയത്. ശക്തിയായ ഒഴുക്കുള്ളതിനാൽ കൃഷ്ണദാസും ഒഴുക്കിൽപ്പെട്ടു. ഇവരോടൊപ്പമുണ്ടായിരുന്ന സ്ത്രീകളുടെ നിലവിളി കേട്ട് ഓടിയെത്തിയ യുവാക്കളാണ് ഇരുവരെയും കരക്കെത്തിച്ചത്.
സ്ഥലത്തെത്തിയ പിണറായി എസ്ഐ പിവി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇരുവരെയും ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ കൃഷ്ണദാസ് മരിച്ചു. ഫൈസൽ തലശ്ശേരി സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്. കൃഷ്ണദാസിന്റെ മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രി മോർച്ചറിയിൽ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates