ജി ഭുവനേശ്വരന്‍ 
Kerala

' കെ എസ് യുക്കാര്‍ കാലില്‍വാരി നിലത്തടിച്ചു, തലച്ചോര്‍ തകര്‍ന്ന് മരണം'; ആരാണ് രക്തസാക്ഷി ജി ഭുവനേശ്വരന്‍?

അനുജന്‍ ഭുവനേശ്വരനെ കൊലപ്പെടുത്തിയ കോണ്‍ഗ്രസിലേക്ക് പോകുന്നു എന്നാണ് അക്ഷേപം. അവര്‍ക്ക് ഭുവനേശ്വരനെ അറിയാമോ? ഞാനും കുടുംബവും അനുഭവിച്ച വിഷമം അറിയാമോ?

സമകാലിക മലയാളം ഡെസ്ക്

സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവും മുന്‍മന്ത്രിയുമായ ജി സുധാകരന്‍ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയാകുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ, സാമൂഹിക മാധ്യങ്ങളില്‍ ആളുകള്‍ തിരയുന്നത് അദ്ദേഹത്തിന്റെ അനുജനും രക്തസാക്ഷിയുമായ ജി ഭുവനേശ്വരനെ കുറിച്ചാണ്. ആരായിരുന്നു വിദ്യാര്‍ഥി രാഷ്ട്രീയ ജീവിതത്തിനിടെ എതിരാളികളുടെ ക്രൂരമര്‍ദനത്തിന് ഇരയായി കൊല്ലപ്പെട്ട ഭുവനേശ്വരന്‍.

സുധാകരന്റെ വീട്ടിലെ ഏറ്റവും ഇളയകുട്ടിയായിരുന്നു ജി ഭുവനേശ്വരന്‍. പന്തളം എന്‍ എസ് എസ് കോളേജില്‍ ബിഎ ഇക്കോണമിക്‌സ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായിരിക്കെയായിരുന്നു മരണം. പന്തളം എന്‍എസ്എസ് കോളജിലെ എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയായിരുന്ന ഭുവനേശ്വരനെ കെ എസ് യു, ഡി എസ് യു പ്രവര്‍ത്തകര്‍ കാലില്‍ പിടിച്ച് തല തറയില്‍ അടിച്ചു മൃഗീയമായി കൊലപ്പെടുത്തകയായിരുന്നെന്ന് നേരത്തെ ജി സുധാകരന്‍ തന്നെ വെൡപ്പെടുത്തിയിട്ടുണ്ട്.

ഭുവനേശ്വരന്‍ രക്താസാക്ഷിത്വത്തിന് പിന്നാലെ, കേരളത്തിലെ ക്യാംപസുകളില്‍ വിപ്ലവ വിദ്യാര്‍ഥി പ്രസ്ഥാനമായ എസ്എഫ്‌ഐക്ക് വലിയ മുന്നേറ്റം ഉണ്ടാക്കാനായെന്നത് ചരിത്രം. കൊല്ലപ്പെടുമ്പോള്‍ ഭുവനേശ്വരന്റെ പ്രായം പതിനേഴ് വയസ്സായിരുന്നു. 1997 ഡിസംബര്‍ രണ്ടിന് കോളജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരെ പ്രിന്‍സിപ്പലിന്റെ മുന്നില്‍ വച്ച് കെഎസ് യു പ്രവര്‍ത്തകര്‍ സൈക്കിള്‍ ചെയിന്‍ ഉപയോഗിച്ച് അടിക്കുന്നതിനിടെയാണ് ഭുവനേശ്വരന്‍ അവിടെയെത്തിയത്. അതിനിടെ കെഎസ് യു പ്രവര്‍ത്തകര്‍ ഭൂവനേശ്വരനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. അടിയേറ്റ് കണ്ണ് പൊട്ടിയ അദ്ദേഹത്തെ കാലില്‍ പിടിച്ച് തലകീഴായി അടിക്കുകയുമായിരുന്നു. തലച്ചോറ് തകര്‍ന്ന് കലങ്ങിപോയി അഞ്ചു ദിവസം അബോധാവസ്ഥയില്‍ കിടന്ന ഭുവനേശ്വരന്‍ ഡിസംബര്‍ ഏഴിന് മരണപ്പെടുകയായിയിരുന്നു.

അതേസമയം, ഭുവനേശ്വരന്റെ രക്തസാക്ഷിത്വത്തിന് പിന്നാലെ ഒരു സഹായവും പാര്‍ട്ടിയില്‍ നിന്ന ലഭിച്ചിരുന്നില്ലെന്ന് സുധാകരന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.' അനുജന്‍ ഭുവനേശ്വരനെ കൊലപ്പെടുത്തിയ കോണ്‍ഗ്രസിലേക്ക് പോകുന്നു എന്നാണ് അക്ഷേപം. അവര്‍ക്ക് ഭുവനേശ്വരനെ അറിയാമോ? ഞാനും കുടുംബവും അനുഭവിച്ച വിഷമം അറിയാമോ? എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയായിരുന്ന അവന്‍ പന്തളം എന്‍എസ്എസ് കോളജിലെ ബിഎ എക്കണോമിക്‌സ് രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായിരുന്നു. രാവിലെ ക്ലാസിലിരിക്കുകയായിരുന്നു. പുറത്ത് സംഘര്‍ഷം നടക്കുന്നതായി എസ്എഫ്‌ഐക്കാര്‍ വന്ന് അവനോട് പറഞ്ഞു. പോകേണ്ടെന്ന് അധ്യാപകന്‍ പറഞ്ഞു. പക്ഷേ, യൂണിറ്റ് സെക്രട്ടറിയായതുകൊണ്ട് പോയി.

പ്രിന്‍സിപ്പലിന്റെ ഓഫിസിനു മുന്നിലായിരുന്നു സംഘര്‍ഷം. കെഎസ്യു, ഡിഎസ്യു പ്രവര്‍ത്തകര്‍ സൈക്കിള്‍ ചെയിന്‍കൊണ്ട് അടിച്ചു. അവന്‍ കരഞ്ഞുകൊണ്ട് സ്റ്റാഫ് റൂമില്‍ ചെന്നിരുന്നു. കെഎസ്യുക്കാര്‍ ഓടിച്ച എസ്എഫ്‌ഐക്കാര്‍ അതുവഴി ഓടിവന്നു. അവനെ ശ്രദ്ധിക്കാതെ ജനല്‍ചാടിപ്പോയി. പുറകേ വന്ന കെഎസ്യുക്കാര്‍ ഭുവനേശ്വരനെ കാലില്‍വാരി നിലത്തടിച്ചു. തലച്ചോര്‍ തകര്‍ന്നു. അതോടെ ശബ്ദംപോയി. ശ്വാസം മാത്രമായി. കുളനട ആശുപത്രിയില്‍ കൊണ്ടുപോയി. എംഎല്‍എ സ്ഥലത്തുവന്നു. മാവേലിക്കര താലൂക്ക് ആശുപത്രിയില്‍ കൊണ്ടുപോയി. അവര്‍ മെഡിക്കല്‍ കോളജില്‍ കൊണ്ടുപോകാന്‍ പറഞ്ഞു.

ഞാന്‍ ജില്ലാ കമ്മിറ്റി ഓഫിസിലാണ് ഉണ്ടായിരുന്നത്. പരുക്കേറ്റതായാണ് എന്നോട് പറഞ്ഞത്. ഞാന്‍ ബസില്‍ വീട്ടില്‍ പോയി. വീട്ടില്‍ കാര്യം പറഞ്ഞില്ല. മാവേലിക്കരയിലേക്ക് ബസില്‍ പോയി. അവിടെ എത്തിയപ്പോള്‍ ആലപ്പുഴയിലേക്ക് കൊണ്ടുപോയിരുന്നു. ആലപ്പുഴയിലെത്തിയപ്പോള്‍ അവന് ശ്വാസം മാത്രമേ ഉണ്ടായിരുന്നുള്ളൂ. 5 ദിവസത്തിനുശേഷം 1977 ഡിസംബര്‍ 7ന് അവന്‍ മരിച്ചു. ഞാനാണ് ആശുപത്രിയില്‍നിന്നത്. ആരെയും അവിടെ കണ്ടില്ല. കരിമുളയ്ക്കല്‍ കശുവണ്ടി ഫാക്ടറിയുടെ സ്ഥലത്ത് സംസ്‌ക്കരിക്കണമെന്ന് പാര്‍ട്ടി പറഞ്ഞു. മൃതദേഹം പാര്‍ട്ടിക്ക് വിട്ടുകൊടുത്തു. അവിടെയാണ് അടക്കിയത്. കേസ് വന്നു. 33 സാക്ഷികളുണ്ട്. കേസ് നടത്തി. ഒരു പൈസയും ആരും തന്നില്ല. ആഞ്ഞിലി വെട്ടിവിറ്റാണ് കുടുംബം കേസ് നടത്തിയത്. ഞങ്ങള്‍ പരാതി പറഞ്ഞില്ല. ഒരു ഫണ്ടും പാര്‍ട്ടി പിരിച്ചില്ല. അന്ന് കഷ്ടപ്പാടുള്ള കാലമാണ്. എനിക്ക് ജോലിയില്ല. അതാണ് ഭുവനേശ്വരന്റെ ചരിത്രം. തമിഴ്‌നാട്ടിലും ബംഗാളിലും കോണ്‍ഗ്രസുമായി സിപിഎം സഖ്യമുണ്ടാക്കിയില്ലേ? ഇത് രാഷ്ട്രീയമാണ്. എന്നെ കണ്ടാണ് സഹോദരന്‍ രാഷ്ട്രീയത്തിലിറങ്ങിയത്. അവന്റെ കേസ് തോറ്റു. പൊലീസാണ് ഒന്നാംപ്രതിയെന്നു കോടതി പറഞ്ഞു. അപ്പീല്‍ കൊടുക്കാന്‍ ആരും സഹായിച്ചില്ല. ഇടതു സര്‍ക്കാര്‍ ഭരിക്കുന്ന കാലമാണ്. ടി.കെ.രാമകൃഷ്ണനാണ് ആഭ്യന്തരമന്ത്രി. അപ്പീല്‍ പോയില്ല.

വി.എസ് പറഞ്ഞിട്ടാണ് അവസാനം സ്‌പെഷല്‍ പ്രോസിക്യൂട്ടറെ വച്ചത്. ഇതാണ് ഭുവനേശ്വരന്റെ ചരിത്രം. ഭുവനേശ്വരന്റെ പേരില്‍ സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തിയിരുന്നു. ഇപ്പോള്‍ എസ്എഫ്‌ഐക്കാര്‍ അത് മറന്നു. പൈസ കൊടുക്കുന്നില്ല. 'പന്തളത്ത് ഒരു പട്ടി ചത്താല്‍ രക്തസാക്ഷി ആകുമോ' എന്നാണ് പഴയ ഒരു എസ്എഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റ് കൂട്ടുകാരുമൊത്ത് പാടിയത്. നല്ല കണ്ടീഷനിലല്ല പാടിയത്'-ജി.സുധാകരന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

മനസ്സ് കുറ്റബോധം കൊണ്ട് തകരാത്ത ഒരു ദിവസവും ജി. സുധാകരന്റെ മുന്നില്‍ ഇനിയുണ്ടാകില്ലെന്ന് മുതിര്‍ന്ന സിപിഎം നേതാവ് എകെ ബാലന്റെ പ്രതികരണം. 'ഇടതുപക്ഷ പ്രസ്ഥാനം വെല്ലുവിളി നേരിടുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിനൊപ്പം പോയി സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ അദ്ദേഹത്തിന് എങ്ങനെ സാധിക്കും? പാര്‍ട്ടി നയത്തോട് വിയോജിപ്പില്ലാത്ത സുധാകരന് എന്ത് സംഭവിച്ചുവെന്ന് അറിയില്ല. അദ്ദേഹത്തിന് എങ്ങനെ കോണ്‍ഗ്രസ് കാപാലികര്‍ക്കൊപ്പം പോകാന്‍ സാധിക്കും?

അവരുടെ പിന്തുണയോടെ എങ്ങനെ ഒരു പൊതുപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കാന്‍ കഴിയും? അത് ആലോചിക്കാനേ കഴിയുന്നില്ല. 1980ല്‍ കോണ്‍ഗ്രസ് രണ്ടായപ്പോള്‍ എ വിഭാഗം സിപിഎമ്മിനൊപ്പം നിന്നു. അന്ന് എസ്എഫ്ഐയുടെ സംസ്ഥാന പ്രസിഡന്റ് ഞാനും കെഎസ് യുവിന്റെത് ചെറിയാന്‍ ഫിലിപ്പുമായിരുന്നു. അന്നത്തെ ആ സഖ്യത്തോട് പോലും യോജിക്കാന്‍ കഴിയാത്തത്ര കോണ്‍ഗ്രസ് വിരുദ്ധതയുള്ള ഒരാളാണ് സുധാകരന്‍. രക്തസാക്ഷിയായ അദ്ദേഹത്തിന്റെ അനിയന്‍ സഖാവ് ഭുവനേശ്വരന്റെ പേര് എങ്ങനെ ഓര്‍ക്കും?'- ബാലന്‍ ചോദിച്ചു. സമാനമായ ചോദ്യങ്ങളാണ് ജി സുധാകരനെതിരെ സോഷ്യല്‍ മീഡിയില്‍ സിപിഎം അനുഭാവികള്‍ ചോദിക്കുന്നത്.

Who is G Bhuvaneshwaran, the younger brother of G. Sudhakaran, who was killed in an attack by KSU workers?

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രക്തത്തിനു പ്രതികാരം ചെയ്യും, ഹോർമുസ് തുറക്കില്ല'; ആദ്യ സന്ദേശവുമായി മുജ്തബ ഖമേനി

തൃശൂരില്‍ കിടപ്പുരോഗിയായ വയോധികയെ തെരുവുനായ കടിച്ചുകൊന്നു

ജി സുധാകരൻ അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കും, ഹോർമുസ് തുറക്കില്ലെന്ന് മുജ്തബ ഖമേനി... ഇന്നത്തെ 5 പ്രധാന വാർത്തകൾ

ഒത്തുകളി ആരോപണം; വിൻഡീസ് താരമുൾപ്പെടെ മൂന്ന് പേർക്ക് സസ്പെൻഷൻ

'പുലിവാൽ കല്യാണത്തിൽ നായകൻ ഞാൻ ആയിരുന്നെങ്കിലും, സ്കോർ ചെയ്തത് മണവാളൻ ആണ്'

SCROLL FOR NEXT