ഇരുപത്തിയഞ്ച് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് മുസ്ലിം ലീഗ് നിയമസഭ തെരഞ്ഞെടുപ്പില്‍ ഒരു വനിതാ സ്ഥാനാര്‍ത്ഥിയെ രംഗത്തിറക്കുന്നത്. കോഴിക്കോട് സൗത്തില്‍ അങ്കത്തനിറങ്ങുന്ന നൂര്‍ബിന റഷീദ്, പരിചയ സമ്പത്ത് ഏറെയുള്ള നേതാവാണ്.
എം കെ മുനീര്‍ കൊടുവള്ളിയിലേക്ക് മാറിയതോടെയാണ് കോഴിക്കോട് സൗത്തില്‍ നൂര്‍ബിനയ്ക്ക് അവസരമൊരുങ്ങിയത്. 1996ല്‍ ആണ് ലീഗ് ഇതിന് മുന്‍പ് ഒരു വനിതാ സ്ഥാനാര്‍ത്ഥിയെ രംഗത്തിറക്കിയത്. പഴയ കോഴിക്കോട്-രണ്ട് മണ്ഡലത്തില്‍ നിന്ന് ഖമറുന്നിസ അന്‍വറാണ് അന്ന് ജനവിധി തേടിയത്. പക്ഷേ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എളമരം കരീമിനോട് തോല്‍ക്കാനായിരുന്നു ഖമറുന്നിസയുടെ വിധി.
പൊതുജന സേവനവും അഭിഭാഷകവൃത്തിയും ഒരുപോലെ കൊണ്ടുപോകുന്ന നൂര്‍ബിന, നിലവില്‍ ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയാണ്. കോഴിക്കോട് മുന്‍ കൗണ്‍സിലറും വനിതാ കമ്മീഷന്‍ അംഗവുമായിരുന്നു.
ക്രിമിനല്‍ അഭിഷകയായ നൂര്‍ബിന,1996ല്‍ വനിതാ ലീഗിന്റെ ആദ്യ ജനറല്‍ സെക്രട്ടറിയായി. 2015ല്‍ ദേശീയ ജനറല്‍ സെക്രട്ടറി. 1995-2005കാലഘട്ടത്തില്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍. 2018ല്‍ ലീഗിന്റെ സംസ്ഥാന സെക്രട്ടറിയേറ്റില്‍ അംഗമായി. ആദ്യമായാണ് മുസ്ലിം ലീഗിന്റെ ഉന്നത നേതൃത്വത്തിലേക്ക് വനിതയ്ക്ക് പരിഗണ കിട്ടിയത് എന്നത് ചരിത്രമായി. മതസംഘടനകളുടെ കടുത്ത എതിര്‍പ്പുകള്‍ മറികടന്നാണ്, വനിതാ സ്ഥാനാര്‍ത്ഥികളെ പരിഗണിക്കുന്നില്ലെന്ന ചീത്തപ്പേര് മാറ്റാന്‍ ലീഗ് നൂര്‍ബിനയെ രംഗത്തിറക്കിയിരിക്കുന്നത്.
പെണ്‍തരിക്ക് മാറ്റിവച്ചത് ഉരുക്കുകോട്ട
പഴയ കോഴിക്കോട്-രണ്ട് മണ്ഡലം പുനര്‍നിര്‍ണയം നടത്തിയാണ് 2008ല്‍ കോഴിക്കോട് സൗത്ത് ആയത്. മണ്ഡല പുനിര്‍നിര്‍ണയത്തിന് മുന്‍പും പിന്‍പും യുഡിഎഫിനാണ് മേല്‍ക്കൈ.
1998ലും 2006ലും മാത്രം ഇടതുമുന്നണിയ്‌ക്കൊപ്പം പോയി. 2011മുതല്‍ എം കെ മുനീറാണ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. ഐഎന്‍എല്‍ അഖിലേന്ത്യ സെക്രട്ടറി അഹമ്മദ് വര്‍കോവല്‍ ആണ് ഇത്തവണ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി.
പതിവില്ലാത്ത മാറ്റങ്ങള്‍
ആരോപണവിധേയരെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ നിന്ന് സാധാരണയായി മാറ്റിനിര്‍ത്തുന്ന ശീലം മുസ്ലിം ലീഗിനില്ല. ഇത്തവണ പാലാരിവട്ടം പാലം അഴിമതിക്കേസില്‍ പ്രതിയായ വി കെ ഇബ്രാഹിം കുഞ്ഞിനെയും ജുവലറി തട്ടിപ്പ് കേസില്‍ ജയിലിലായ എം സി ഖമറുദ്ദീനെയും മാറ്റിനിര്‍ത്തിയാണ് ലീഗ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്.
കളമശ്ശേരിയില്‍ ഇഹ്രാഹിം കുഞ്ഞിനെ മാറ്റിയെങ്കിലും അദ്ദേഹത്തിന്റെ മകന്‍ ഇ വി ഗഫൂറാണ് സ്ഥാനാര്‍ത്ഥി. കുന്ദമംഗലം മണ്ഡലത്തില്‍ കോണ്‍ഗ്രസ് നേതാവ് ദിനേശ് പെരുമണ്ണയെ പൊതു സ്വതന്ത്രനായും മത്സരിപ്പിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates