ധനുമാസത്തിലെ തിരുവാതിര സ്ത്രീകള്‍ അനുഷ്ഠിക്കുന്ന പ്രധാന വ്രതങ്ങളിലൊന്നാണ്. ധനുവിലെ അശ്വതി മുതല്‍ പുണര്‍തം വരെ ഏഴ് നാളുകള്‍ നീളുന്ന ഈ വ്രതം കുടുംബക്ഷേമത്തിനും ഭര്‍ത്താവിന്റെ ദീര്‍ഘായുസ്സിനുമാണ് ആചരിക്കുന്നത്. ചിങ്ങമാസത്തിലെ അത്തം മുതല്‍ പത്ത് നാള്‍ നീളുന്ന ഓണം പുരുഷന്മാര്‍ക്കായുള്ളതാണെങ്കില്‍, ധനുമാസത്തിലെ ഈ ഏഴ് നാളത്തെ തിരുവാതിര വ്രതം സ്ത്രീകള്‍ക്കായിട്ടാണ് ശാസ്ത്രം നിശ്ചയിച്ചിരിക്കുന്നത്. ധനുമാസത്തിലെ തിരുവാതിര വരുന്ന മാര്‍ഗ്ഗശീര്‍ഷ മാസം ശ്രീ പരമശിവന്റെ ശരീരമായി കല്‍പ്പിക്കപ്പെടുന്നു. ഓരോ നക്ഷത്രവും ശിവന്റെ ശരീരഭാഗങ്ങളെ പ്രതിനിധീകരിക്കുന്നുവെന്നാണ് വിശ്വാസം.
മൂലം നക്ഷത്രം കാലടിയും, രോഹിണി കണങ്കാലും, അശ്വതി സ്‌കന്ധയും, പൂരാടം-ഉത്രാടങ്ങള്‍ തുടകളും, പൂര-ഉത്രങ്ങള്‍ ഗുഹ്യദേശവും, കാര്‍ത്തിക കടിതടവും, പൂരുരുട്ടാതി-ഉതൃട്ടാതികള്‍ നാഭിയും, രേവതി കക്ഷവും, അനിഴം പുറവും, അവിട്ടം വയറും, അത്തം കൈത്തലവും, വിശാഖം കൈകളും, പുണര്‍തം കൈവിരലുകളും, ആയില്യം നഖങ്ങളും, തൃക്കേട്ട കഴുത്തും, തിരുവോണം കര്‍ണ്ണവും, പൂയം മുഖവും, ചോതി ചുണ്ടും പല്ലുകളും, ചതയം ഹാസവും, മകം മൂക്കും, മകയിരം കണ്ണുകളും, ചിത്തിര നെറ്റിയും, ഭരണി ശിരസ്സും, ആതിര മുടിയുമായാണ് ശ്രീപരമശിവനെ സങ്കല്‍പ്പിക്കുന്നത്.ഇങ്ങനെ ശിവനെ വ്രതമെടുത്ത് പൂജിക്കുകയും, അറിവുള്ളവര്‍ക്ക് അന്നദാനം നടത്തുകയും ചെയ്യുന്നവര്‍ രോഗങ്ങളിലും അപായങ്ങളിലും നിന്ന് വിമുക്തരാവുകയും കൃഷിസമ്പത്തും ധനസമ്പത്തും വര്‍ധിക്കുമെന്നും മഹാഭാരതം പറയുന്നു. മാസം മുഴുവന്‍ വ്രതമനുഷ്ഠിക്കുന്നത് ശ്രേയസ്‌കരമെന്നുമാണ് വിശ്വാസം.
തിരുവാതിരയുടെ ആരാധനാമൂര്‍ത്തി കാലകാലനായ ശ്രീ പരമശിവനാണ്. ഉപാസനാമൂര്‍ത്തി ശ്രീ പാര്‍വ്വതീദേവിയും. ശക്തിയുടെ സഹായമില്ലാതെ ശിവസാക്ഷാത്കാരം അസാധ്യമാണെന്നതാണ് ഇതിന്റെ ആത്മാര്‍ത്ഥമായ സാരം. തിരുവാതിരയുമായി ബന്ധപ്പെട്ട് പ്രസിദ്ധമായ ഒരു ഐതിഹ്യമുണ്ട്. പാര്‍വ്വതീദേവിയുടെ ദാസിയായ സുന്ദരി എന്ന യുവതി വേദികന്‍ എന്ന യുവാവിനെ വിവാഹം ചെയ്തു. എന്നാല്‍ കുടിയിരിപ്പിന് മുമ്പ് വേദികന്‍ മരണപ്പെട്ടു. സുന്ദരിയുടെ ഹൃദയഭേദകമായ വിലാപം പാര്‍വ്വതീദേവിയുടെ കാതുകളില്‍ പതിച്ചു. ''സ്ത്രീക്കേ സ്ത്രീയുടെ ദുഃഖമറിയൂ'' എന്ന കരുണയില്‍ ദേവി ശിവനെ സമീപിച്ച് കാര്യം അറിയിച്ചു. ശിവന്റെ മനസ്സ് ഇളകാത്തതറിഞ്ഞ പാര്‍വ്വതീദേവി പ്രതിജ്ഞ ചെയ്തു 'സുന്ദരി ഈറന്‍ വസ്ത്രം പിഴിയാതെ ഉടുക്കുന്നതുപോലെ ഞാനും ഉടുക്കും; സുന്ദരി ഭര്‍ത്താവിനെ സ്പര്‍ശിക്കാതിരിക്കുന്നതുപോലെ ഞാനും സ്പര്‍ശിക്കാതിരിക്കും.''ഈ ത്യാഗത്തില്‍ ശിവന്റെ ഹൃദയം ഉരുകി. ശിവന്‍ കാലപുരിയിലേക്ക് ദൃഷ്ടിപാതം ചെയ്തു. ഭയന്ന കാലന്‍ വേദികന് ജീവന്‍ തിരികെ നല്‍കി. ബോധരഹിതയായി കിടന്ന സുന്ദരിയെ പാര്‍വ്വതീദേവി വിളിച്ചുണര്‍ത്തി ഭര്‍ത്താവിന്റെ ജീവന്‍ കൈമാറി. ഈ ദിവസമാണത്രേ തിരുവാതിര.
മറ്റൊരു ഐതിഹ്യമനുസരിച്ച്, തിരുവാതിര പരമശിവന്റെ ജന്മനക്ഷത്രം ആകുകയും അന്ന് പാര്‍വ്വതി ഭര്‍ത്താവിന്റെ ദീര്‍ഘായുസ്സിനായി വ്രതമനുഷ്ഠിക്കുകയുമാണെന്ന് വിശ്വസിക്കുന്നു. ധനുമാസത്തിലെ അശ്വതി മുതല്‍ പുണര്‍തം വരെയുള്ള ഓരോ ദിവസത്തെയും വ്രതം കുടുംബത്തിലെ ഓരോ അംഗങ്ങളുടെ ക്ഷേമത്തിനായിട്ടാണ്. അശ്വതി നാളില്‍ ഗൃഹനാഥന്റെ നന്മയ്ക്കും, ഭരണി നാളില്‍ ബന്ധുമിത്രാദികളുടെ നന്മയ്ക്കും, കാര്‍ത്തിക നാളില്‍ മാതാപിതാക്കളുടെ നന്മയ്ക്കും, രോഹിണി നാളില്‍ എല്ലാ കുഞ്ഞുങ്ങളുടെ നന്മയ്ക്കും, മകയിരം നാളില്‍ സന്താനങ്ങളുടെ നന്മയ്ക്കും, തിരുവാതിര നാളില്‍ ഭര്‍ത്താവിന്റെ നന്മയ്ക്കും, പുണര്‍തം നാളില്‍ സഹോദരങ്ങളുടെ നന്മയ്ക്കുമാണ് വ്രതം അനുഷ്ഠിക്കുന്നത്.
തിരുവാതിര വ്രതത്തിലെ മുഖ്യകര്‍മ്മം സ്‌നാനമാണ്. തിരുവാതിര നാളില്‍ പുലര്‍ച്ചെ മൂന്നു മണിക്ക് മുമ്പ് അഷ്ടമംഗല്യത്തോടുകൂടി വീട്ടമ്മമാര്‍ പാട്ടുപാടി കുളത്തിലേക്ക് പോകും. ''ധനുമാസത്തില്‍ തിരുവാതിര ഭഗവാന്‍ തന്റെ തിരുനാളാണ്...' എന്ന പാട്ടാണ് സാധാരണ പാടുന്നത്. കുളത്തില്‍ നീന്തിത്തുടിക്കലും വെള്ളത്തുള്ളികള്‍ തെറിപ്പിച്ചുകൊണ്ടുള്ള 'മലരുവറുക്കല്‍' എന്ന വിനോദവും ഇതോടൊപ്പം ഉണ്ടാകും. ഇന്നത്തെ കാലത്ത് ഈ ആചാരങ്ങള്‍ പൂര്‍ണമായി അനുഷ്ഠിക്കാന്‍ സൗകര്യമില്ലെന്നതും യാഥാര്‍ത്ഥ്യമാണ്. എങ്കിലും ഭക്തിയും ശുദ്ധിയും പ്രധാനമാണ് എന്ന ബോധം നിലനില്‍ക്കുന്നു.
മകയിരം നാളില്‍ സന്ധ്യാസ്‌നാനത്തിന് ശേഷം മുറ്റത്ത് അടുപ്പുകൂട്ടി തയ്യാറാക്കുന്ന 'എട്ടങ്ങാടി' തിരുവാതിരയുടെ പ്രധാന വിഭവമാണ്. ചേമ്പ്, ചേന, കാവത്ത്, കായ്, കൂര്‍ക്ക, വെള്ളപ്പയര്‍, നനകിഴങ്ങ്, എള്ള് എന്നിവ ശര്‍ക്കരപ്പാവില്‍ വേവിച്ച് നാളികേരം ചേര്‍ത്താണ് ഇത് ഉണ്ടാക്കുന്നത്. തിരുവാതിര നാള്‍ പുലര്‍ച്ചെ കുളിച്ച്, ഇണമുണ്ടുടുത്ത്, കണ്ണെഴുതി, ദശപുഷ്പം ചൂടി തിരുവാതിരക്കളി നടത്തി മംഗല്യസ്ത്രീകള്‍ പാര്‍വ്വതീ-പരമേശ്വരന്മാരെ പൂജിക്കുന്നു. പ്രഭാതഭക്ഷണമായി ഇളനീരും പഴവും കൂവശര്‍ക്കര ചേര്‍ത്ത കുറുക്കും കഴിക്കും. ഉച്ചയ്ക്ക് അരിഭക്ഷണമില്ല; ചാമ, ഗോതമ്പ്, വരിനെല്ലരി എന്നിവയും പുഴുക്കുകളും ആഹാരമാകും.
സന്ധ്യയ്ക്ക് മുമ്പ് ഭക്ഷണം കഴിച്ചശേഷം തിരുവാതിരക്കളി ആരംഭിക്കും. പാതിരാത്രിവരെ പാട്ടും കളിയും തുടരും. ശ്രീപാര്‍വ്വതിയുടെ പ്രതീകമായ വാല്‍ക്കണ്ണാടി നടുവില്‍ വെച്ച് അഷ്ടമംഗല്യത്തോടുകൂടി കൈകൊട്ടിക്കളിക്കുന്നതും, പാതിരാപ്പൂ ചൂടലും തിരുവാതിരയുടെ പ്രത്യേകതകളാണ്. വിവാഹശേഷം ഒരു സ്ത്രീയുടെ ആദ്യ ധനുമാസത്തിലെ തിരുവാതിരയാണ് 'പൂത്തിരുവാതിര'. ഈ ദിനത്തില്‍ കുടുംബവും ബന്ധുക്കളും ഒന്നിച്ചുകൂടി ദീര്‍ഘമംഗല്യത്തിനായി പ്രാര്‍ത്ഥിക്കുന്നു. ഉറക്കമൊഴിഞ്ഞ് വ്രതമനുഷ്ഠിക്കുന്നതും തിരുവാതിരയുടെ ഭാഗമാണ്. മരിച്ച വേദികന്റെ അരികില്‍ ഉറക്കമൊഴിച്ചിരുന്ന സുന്ദരിയുടെ കഥയാണ് ഇതിന് പിന്നിലെ വിശ്വാസം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates